chidambaram

ന്യൂഡൽഹി: ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ 'സ്റ്റുഡന്റ്സ് യൂണിയൻ' മുൻ ചെയർമാനും സി.പി.ഐ നേതാവുമായ കനയ്യ കുമാറിനെ വിചാരണ ചെയ്യാൻ അനുവാദം നൽകിയതിന് ഡൽഹിയിൽ ആം ആദ്മി സർക്കാറിനെ രൂക്ഷമായി വിമ‌ർശിച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. പാർലമെന്റ് ആക്രമണത്തിൽ തൂക്കിലേറ്റിയ അഫ്സൽ ഗുരുവിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് 2016ൽ ജെ.എൻ.യു കാമ്പസിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന കേസിലാണ് വിചാരണ. കനയ്യ കുമാറിനോടൊപ്പം ഒൻപതുപേരെ പ്രതിചേർത്തിട്ടുണ്ട്. " രാജ്യദ്രോഹം തുടങ്ങിയ കാര്യങ്ങളിലുള്ള ധാരണ ഡൽഹി സർക്കാരിന് കേന്ദ്ര സർക്കാറിനെക്കാളും കുറവാണ്,​ അതിനാൽ തന്നെ കനയ്യ കുമാറിനെതിരെ ഐ.പി.സി 124എ,​ 120ബി എന്നീ വകുപ്പുകൾ ചുമത്തിയതിനെ ഞാൻ ശക്തമായി എതിർക്കുന്നു." പി.ചിദംബരം ട്വിറ്ററിൽ കുറിച്ചു.

2019ലെ ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിൽ രാജ്യദ്രോഹത്തിനെതിരായ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ജനരോഷം കാരണമാണ് ഡൽഹി സർക്കാർ കനയ്യ കുമാറിനും ബാക്കി ഒൻപതുപേർക്കുമെതിരെ രാജ്യദ്രോഹത്തിന് വിചാരണ ഏർപ്പടുത്തിയതെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. " കഴിഞ്ഞ മൂന്ന് വർഷമായി ഡൽഹി സർക്കാർ കനയ്യ കുമാറിനെതിരായ കേസ് നീട്ടിക്കൊണ്ട് പോവുകയായുരുന്നു,​ പക്ഷേ ജനരോക്ഷം കാരണം കെജ്‌രിവാളിന് വിചാരണയ്ക്ക് അനുമതി നൽകേണ്ടി വന്നു." കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ ട്വിറ്റിൽ കുറിച്ചത് ഇങ്ങനെയാണ്. 2016 ഫെബ്രുവരിയിൽ രാജ്യദ്രോഹകുറ്രം ആരോപിക്കപ്പെട്ട് കനയ്യ കുമാർ അറസ്റ്റിലായെങ്കിലും മാർച്ച് 3 ന് ഡൽഹി കോടതി ജാമ്യം നൽകി പുറത്തിറങ്ങി.

"എനിക്കു മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ രാഷ്ട്രീയനേട്ടത്തിനായി കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാണ്,​ വളരെ വേഗം കോടതിയിൽ വിചാരണ നടന്നാൽ എങ്ങനെയാണ് രാജ്യദ്രോഹത്തിനെതിരായ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതെന്ന് ഇന്ത്യൻ ജനതയ്ക്ക് മനസിലാവുമെന്ന്" കനയ്യ കുമാർ ട്വിറ്ററിൽ പങ്കുവച്ചു.