ബോഡി ഷെയ്മിംഗ് നടത്തുന്നവർക്ക് ചുട്ട മറുപടിയുമായി നടി ശ്രുതി ഹസൻ. ഇത് തന്റെ ജീവിതമാണെന്നും, പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുണ്ടെന്ന് പറയാൻ ഒരു നാണക്കേടുമില്ലെന്നും താരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ദിവസങ്ങൾക്ക് മുമ്പ് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രത്തിന് നിരവധി മോശം കമന്റുകൾ ലഭിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇതിന് പ്രതികരണവുമായി ശ്രുതി ഹസൻ രംഗത്തെത്തിയിരിക്കുന്നത്.
മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കനുസരിച്ച് ജീവിക്കുന്ന ഒരാളല്ല താനെന്ന് നടി കുറിപ്പിലുടെ വ്യക്തമാക്കി. മറ്റൊരാളുടെ ജീവിതത്തെ വിലയിരുത്താൻ ആർക്കും അധികാരമില്ലെന്നും, അവനവന്റെയും മറ്റുള്ളവരുടെയും മനസിന്റെയും ശരീരത്തിന്റെയും മാറ്റങ്ങൾ അംഗികരിക്കാൻ പഠിക്കണമെന്നും താരം കുറിച്ചു.
'ഇതെന്റെ ജീവിതമാണ്, എന്റെ മുഖമാണ്, അതേ ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്. അത് പറയാൻ എനിക്ക് നാണക്കേടുമില്ല. ഞാൻ അതിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ?അല്ലെങ്കിൽ എതിർത്തിട്ടുണ്ടോ? ഇല്ല. എങ്ങനെ ജീവിക്കണമെന്ന് തിരഞ്ഞെടുക്കുക മാത്രമാണ് ഞാൻ ചെയ്തത്'- ശ്രുതി ഹസൻ കുറിച്ചു.
വയസായതുപോലെയുണ്ട്, മെലിഞ്ഞിരിക്കുന്നു എന്നിങ്ങനെ നിരവധി കമന്റുകളും ട്രോളുകളും മുമ്പ് പോസ്റ്റ് ചെയ്ത ചിത്രത്തിന് വന്നിരുന്നു. രണ്ട് ദിവസത്തിനിടയിൽ എടുത്തതാണ് ഈ ചിത്രങ്ങളെന്നും താരം വ്യക്തമാക്കി.