ന്യൂഡൽഹി: ദിവസങ്ങൾക്ക് മുമ്പ് വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിൽ ഏകദേശം 42 പേർക്കാണ് ജീവൻ നഷ്ടമായത്. മുന്നൂറോളം പേർ പരിക്കേറ്റ് ഇപ്പോൾ ആശുപത്രിയിലുമാണ്. പ്രത്യക്ഷത്തിൽ ശാന്തമായിരിക്കുന്ന ഡൽഹിയിൽ നിന്ന് ഇപ്പോൾ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 148 എഫ്.ഐ.ആറുകളിലായി 630ഓളം പേരാണ് ഈ നിമിഷം വരെ അറസ്റ്റിലായിരിക്കുന്നത്. പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാലാണ് സംഘർഷം ഇത്ര രൂക്ഷമായതെന്ന് ആക്ഷേപം പുറത്തുവന്നിരുന്നു.
ഇതിനിടെ ആക്രമത്തിന്റെ ഭീകരദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിൽ ഏറ്റവും വൈറലായ ഒന്നായിരുന്നു ലാത്തിയുമായി നിന്ന ഒരു പൊലീസുകാരനുനേരെ ആക്രമി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നതും പിന്നീട് ആകാശത്തേക്ക് വെടിവയ്ക്കുന്നതിന്റെയും വീഡിയോ. നിലവിൽ പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന ഷാരൂഖ് എന്ന യുവാവായിരുന്നു പൊലീസിന് നേരെ തോക്ക് ചൂണ്ടിയത്. ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് ആരോ പകർത്തിയ ദൃശ്യങ്ങളായിരുന്നു വൈറലായത്. ആക്രമിയുടെ മുമ്പിൽ ഇത്ര ധൈര്യത്തോടെ ഒരു ലാത്തിയും പിടിച്ചുനിൽക്കുന്ന പൊലീസുകാരൻ ആരാണെന്നുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയർന്നിരുന്നു. ഇപ്പോഴിതാ ആ പൊലീസുകാരന്റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഡൽഹി പൊലീസ്. ഹെഡ് കോൺസ്റ്റിബിൾ റാങ്കിലുള്ള ദീപക് ദഹിയയാണ് ആ ധീരനായ പൊലീസുകാരൻ. അന്ന് റോഡിൽ അക്രമിയുമായി നേർക്ക് നേർ നിന്നതിന്റെ അനുഭവങ്ങളും ദീപക് മാദ്ധ്യമങ്ങളോട് പങ്കുവച്ചു.
'അക്രമത്തിനിടെയിലായിരുന്നു ഒരാൾ തോക്കു ചൂണ്ടി എന്റെ നേർക്കു പാഞ്ഞുവരുന്നത് കണ്ടത്. എന്റെ കൈയിൽ ആയുധമായി ലാത്തി മാത്രമേ ഉണ്ടായിരുന്നിള്ളൂ. അതുവച്ച് ഞാൻ അയാളെ ഭയപ്പെടുത്താൻ ശ്രമിച്ചു. ഭാഗ്യവശാൽ അയാളുടെ ശ്രദ്ധ എന്നിൽ നിന്ന് മാറി. പെട്ടെന്ന് ആയാൾ ആകാശത്തേക്ക് വെടിവച്ച് അവിടെ നിന്ന് ഓടിമറഞ്ഞു'- ദീപക് ദഹിയ പറഞ്ഞു. വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ട് നാലാം ദിവസമായിരുന്നു ഈ സംഭവം. അക്രമിയെ പിന്നീട് തിരിച്ചറിഞ്ഞതിന് ശേഷം പൊലീസ് പിടികൂടിയിരുന്നു. ഷാദര സ്വദേശിയായ ഷാറൂഖ് എന്ന യുവാവായിരുന്നു അത്. ഇയാൾക്കെതിരെ ആയുധനിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിക്കുകയും ചെയ്തു. ക്രിമിനൽ പശ്ചാത്തലമില്ലാത്തയാളാണ് ഷാറൂഖ്. എന്നാൽ ഇയാളുടെ പിതാവിനെതിരെ മയക്കുമരുന്ന് കടത്തലുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ട്.
ഏറ്റുമുട്ടൽ അരങ്ങേറിയ തെരുവിലെ പ്രധാന നിരത്തിൽ പട്ടാപ്പകലാണു ഡൽഹി പോലീസുകാരനുനേരേ ആറോളം പേർക്കൊപ്പമെത്തിയ ചുവപ്പു ഷർട്ട് ധാരിയായ യുവാവ് തോക്കു ചൂണ്ടിയത്. റോഡ് മദ്ധ്യത്തിൽ ഒറ്റയ്ക്കു നിരായുധനായിരുന്ന പൊലീസുകാരനുനേരേ വാഗ്വാദത്തിലേർപ്പെട്ട ശേഷമായിരുന്നു ഭീഷണി. പ്രകോപിതനായ യുവാവിനെ പിന്തിരിപ്പിക്കാൻ പൊലീസുകാരൻ ശ്രമിക്കുന്നുണ്ടെങ്കിലും വഴങ്ങുന്നില്ല. വാക്കുതർക്കത്തിനിടെ പൊലീസുകാരനു നേരേ തോക്കു ചൂണ്ടി ആക്രോശിച്ച യുവാവ് ആകാശത്തേക്കു പലവട്ടം നിറയൊഴിക്കുന്നുമുണ്ട്. ഇതോടെ റോഡിന്റെ മറുഭാഗത്തു നിൽക്കുന്ന പ്രക്ഷോഭകാരികൾ ചിതറിയോടുന്നതും ദൃശ്യങ്ങളിൽ വ്യക്തം. നിരായുധനായ പൊലീസുകാരൻ കൈകളുയർത്തി സ്ഥലത്തുനിന്നു സാവധാനം നടന്നു നീങ്ങുന്നതിനിടെ യുവാവിനൊപ്പമുണ്ടായിരുന്നവർ ഇയാൾക്കുനേരേ കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.