തിരുവനന്തപുരം: കെ.സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ ചടങ്ങിൽ നിന്നും പാർട്ടിയിലെ ചില നേതാക്കൾ വിട്ടുനിന്നത് ഏറെ വിവാദമായിരുന്നു. കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കളുടെ അസാന്നിദ്ധ്യം ചർച്ചയായതിനെത്തുടർന്നായിരുന്നു ഇത്‌. കുമ്മനത്തെ കൂടാതെ എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. ശോഭ സുരേന്ദ്രനും കുമ്മനവും ചടങ്ങിൽ നിന്നും വിട്ടുനിന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് കെ.സുരേന്ദ്രൻ. കൗമുദി ടി.വി അഭിമുഖ പരിപാടിയായ "സ്ട്രെയിറ്റ് ലെെനി"ലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

-surendran

"സത്യപ്രതിജ്ഞ ചടങ്ങിൽ മഹാഭൂരിപക്ഷം വന്നവരെയും നിങ്ങൾ വെറുതെ വിടുകയാണ്. രണ്ടുപേർ വരാത്തതാണ് പ്രശ്നം. കുമ്മനം രാജേട്ടനും ശോഭ സുരേന്ദ്രനും വരാതിരുന്നതിന്റെ കാരണം പാർട്ടിക്കറിയാം. കുമ്മനം രാജശേഖരൻജി ഹരിദ്വാറിലും ഡൽഹിയിലും യാത്രയിലായിരുന്നു. അന്ന് രാവിലെയാണ് കൊച്ചിയിൽ വന്നത്.

നേരത്തെ നിശ്ചയിച്ച ഒരു സുപ്രധാന ചടങ്ങായിരുന്നു അത്. പാർട്ടി ചടങ്ങാണെങ്കിൽ ഞങ്ങൾക്ക് ഒഴിവാക്കാം. പക്ഷേ പാർട്ടിക്ക് പുറത്തുള്ള ഒരു ചടങ്ങുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം വരാതിരുന്നത്. ശോഭ സുരേന്ദ്രൻ ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് വരാതിരുന്നതെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട് ". -കെ.സുരേന്ദ്രൻ പറഞ്ഞു.