നീണ്ട മുടിയും സ്റ്രൈലായി വെട്ടിനിറുത്തിയ താടിയും ചുണ്ടിൽ എപ്പോഴും നിറപുഞ്ചിരിയുമായി നടക്കുന്ന 'യോ-യോ" പയ്യൻ! അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രശംസ നേടിയവൻ. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ വലിയ ശതകോടീശ്വരൻ. കൗതുകവും വിസ്മയവും നിറഞ്ഞ വിജയഗാഥ കുറിച്ച് മുന്നേറുകയാണ് ഈ ഇന്ത്യൻ പയ്യൻ; റിതേഷ് അഗർവാൾ.
ഇന്ത്യാ സന്ദർശനത്തിന് എത്തിയ ട്രംപ്, 'ബ്രില്യന്റ് ബിസിനസ്മാൻ" എന്ന് പുകഴ്ത്തിയ, ഓയോ ഹോട്ടൽസ് സ്ഥാപകൻ റിതേഷ് അഗർവാളിന്റെ കഥയാണിത്. 26കാരൻ റിതേഷിന് സ്വന്തമായി ഹോട്ടലോ മുറിയോ ഇല്ല. പക്ഷേ, ഇന്ന് ആഗോളതലത്തിൽ 43,000ലേറെ ഹോട്ടലുകളും 10 ലക്ഷത്തിലേറെ മുറികളും നിയന്ത്രിക്കുന്നത് റിതേഷാണ്.
110 കോടി ഡോളർ ആസ്തിയുമായി (ഏകദേശം 7,800 കോടി രൂപ) ഹുറൂൺ ഗ്ളോബൽ റിച്ച് ലിസ്റ്രിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വലിയ ശതകോടീശ്വരനായാണ് റിതേഷ് ഇപ്പോൾ വാർത്തകളിൽ ഇടംനേടിയത്. അമേരിക്കൻ മീഡിയ താരം കൈലീ ജെന്നറാണ് ഒന്നാമത്. ഇതേ ആസ്തിയുള്ള കൈലീയ്ക്ക് വയസ് 22.
പഠിക്കാതെയും വളരാമെന്ന കൗതുകത്തിന് ഉദാഹരണമാണ് റിതേഷിന്റെ വിജയഗാഥ. ഒഡീഷയിലെ കട്ടക്കിൽ ഒരു ബിസിനസ് കുടുംബത്തിൽ 1993 നവംബർ 16നാണ് റിതേഷിന്റെ ജനനം. ചെറു പ്രായത്തിൽ തന്നെ നല്ല ബുദ്ധിയായിരുന്നു റിതേഷിന്. എട്ടാം വയസിൽ സഹോദരന്റെ പുസ്തകത്തിൽ നിന്ന് കമ്പ്യൂട്ടർ കോഡിംഗുകൾ പഠിച്ചു. 10-ാം വയസിൽ സ്വന്തമായി വെബ്സൈറ്ര് ഉണ്ടാക്കി നാട്ടിലെ താരമായി.
17-ാം വയസിൽ ഇന്ത്യയിലെ പ്രമുഖ എൻജിനിയറിംഗ് കോളേജുകളെ കുറിച്ചൊരു പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു. പ്ളസ് ടു കഴിഞ്ഞ്, വീട്ടുകാരുടെ താത്പര്യപ്രകാരം രാജസ്ഥാനിലെ കോട്ടയിലേക്ക് എൻജിനിയറിംഗ് എൻട്രൻസ് കോച്ചിംഗ് പഠിക്കാൻ വണ്ടികയറി. ആരോടും പറയാതെ, രണ്ടാംനാൾ തന്നെ പഠനം നിറുത്തി ഡൽഹിയിലേക്ക് മുങ്ങി.
യാത്രകളിൽ ഹോട്ടൽ ബുക്കിംഗിന് നേരിട്ട ബുദ്ധിമുട്ടുകൾ, ഹോട്ടലുകളുടെ നിലവാരക്കുറവ്, മുറി വാടകയിലെ പൊരുത്തക്കേട് എന്നിവ റിതേഷിനെ വല്ലാതെ പ്രയാസപ്പെടുത്തി. ഡൽഹിയിൽ എത്തിയ റിതേഷ്, പ്രമുഖ ഓൺലൈൻ ഹോട്ടൽ റെന്റൽ സൈറ്രായ 'എയർബി.എൻ.ബി"യുടെ മാതൃകയിൽ 'ഒരാവെൽ" എന്ന വെബ്സൈറ്ര് ആരംഭിച്ചു.
സ്റ്രാർട്ടപ്പ് നിക്ഷേപകരായ 'വെഞ്ച്വർ നഴ്സറി"യിൽ നിന്ന് 30 ലക്ഷം രൂപ നേടാൻ റിതേഷിന് കഴിഞ്ഞു. ഇതുവച്ച് റിതേഷ് ബിസിനസ് വിപുലമാക്കി. അന്ന് വെറും 18 വയസേ റിതേഷിന് ഉണ്ടായിരുന്നുള്ളൂ. ഹോട്ടൽ മുറി വാടകയ്ക്ക് ലഭ്യമാക്കുക മാത്രമായിരുന്നു ഒരാവെലിന്റെ ജോലി. ഇതിനിടെ, മുറികളുടെ നിലവാരം സംബന്ധിച്ച പരാതികളുണ്ടായി. റിതേഷ് തന്നെ പല മുറികളിലും ചെന്ന് താമസിച്ചു.
നിലവാരത്തകർച്ച മനസിലാക്കിയ റിതേഷ്, ബിസിനസ് രീതി മാറ്റി. മുറി വാടകയ്ക്ക് എന്നതിന് പുറമേ നിലവാരം, വില, റേറ്രിംഗ് തുടങ്ങിയവ കൂടി അദ്ദേഹം ഉൾക്കൊള്ളിച്ചു. അങ്ങനെ 'ഓയോ റൂംസ്" പിറന്നു. ഇന്ത്യയിലെ ബഡ്ജറ്ര് ഹോട്ടലുകളെ ഒരു കുടയ്ക്ക് കീഴിലെത്തിക്കാൻ ഓയോക്ക് കഴിഞ്ഞു. റേറ്റിംഗ് ഏർപ്പെടുത്തി നിലവാരവും ഉറപ്പാക്കി. വിലയിൽ പരമാവധി ഏകീകരണം കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഇത് ഓയോയുടെ സ്വീകാര്യതയും വിശ്വാസ്യതയും കൂട്ടി. ഓയോയുടെ ചട്ടക്കൂടിലായെങ്കിലും ഹോട്ടലുകളുടെ വരുമാനവും ഉയർന്നു. ഓയോയ്ക്കൊപ്പം റിതേഷും വളർന്നു. ആയിരം രൂപയ്ക്ക് താഴെ മുതൽ ഓയോ റൂമുകൾ ലഭിക്കും. വൈ-ഫൈ, എ.സി, ബ്രേക്ക്ഫാസ്റ്ര് എന്നീ സൗജന്യ തുടങ്ങിയ സൗകര്യങ്ങളും കിട്ടും. മുറികളിൽ സോപ്പ്, ഷാംപൂ, ചീപ്പ്, പേന, പേസ്റ്ര്, ബ്രഷ് തുടങ്ങിയ കിറ്റും സൗജന്യം.
19-ാം വയസിൽ അമേരിക്കയിലെ തീൽ ഫൗണ്ടേഷൻ ഫെലോഷിപ്പ് റിതേഷിന് ലഭിച്ചു. രണ്ടുവർഷത്തിനിടെ ലഭിച്ച ഫെലോഷിപ്പ് ഒരുലക്ഷം ഡോളറാണ്. കോജേള് പഠനം ഇടയ്ക്കുവച്ച് നിറുത്തി സംരംഭകരാകുന്ന പയ്യന്മാർക്കുള്ള ഫെലോഷിപ്പാണിത്. ആഗോള നിക്ഷേപക സ്ഥാപനമായ സോഫ്റ്ര് ബാങ്കിൽ നിന്ന് ഏതാനും വർഷം മുമ്പ് 700 കോടി രൂപയുടെ നിക്ഷേപം ഓയോ റൂംസിന് ലഭിച്ചിരുന്നു.
കടൽകടന്ന് റിതേഷ് കുട്ടി!
ഇന്ത്യയ്ക്ക് പുറമേ ചൈന, നേപ്പാൾ, യൂറോപ്പ്, ഇൻഡോനേഷ്യ, ബ്രിട്ടൻ, മലേഷ്യ എന്നിവിടങ്ങളിലും ഓയോ റൂംസിന് സാന്നിദ്ധ്യമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 95.10 കോടി ഡോളർ (ഏകദേശം 7,000 കോടി രൂപ) ആയിരുന്നു ഓയോയുടെ ആഗോള വരുമാനം. തൊട്ടുമുൻവർഷം ഇത് 60 കോടി ഡോളറായിരുന്നു.
ചില തിരിച്ചടികൾ
ഹോട്ടൽ നിരക്കിലുണ്ടായ വർദ്ധന, വിപണിയിലെ കടുത്ത മത്സരം, സാമ്പത്തിക മാന്ദ്യം എന്നിവ ഓയോയ്ക്കും തിരിച്ചടിയായിട്ടുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്തുമടക്കും ഒട്ടേറെ ജീവനക്കാരെ ഓയോ പറഞ്ഞുവിട്ടു. ബ്രിട്ടനിൽ മാത്രം 20 ശതമാനം പേർക്ക് ജോലി പോയി.
2018-19ൽ കമ്പനിയുടെ ഇന്ത്യയിലെ മാത്രം നഷ്ടം തൊട്ടുമുൻ വർഷത്തെ 5 കോടി ഡോളറിൽ നിന്ന് 8.3 കോടി ഡോളറായി ഉയർന്നിരുന്നു.
ഇന്ത്യയിൽ 3,000 പേർക്കും ചൈനയിൽ 5 ശതമാനം പേർക്കും ജോലി നഷ്ടപ്പെട്ടു. അമേരിക്കയിലെ മൂന്നിലൊന്ന് ജീവനക്കാരെയും കുറയ്ക്കാൻ നീക്കമുണ്ട്.