mauritius-president

വാരണാസി: ലഗേജ് അധികമായതിനാൽ മൗറീഷ്യസ് പ്രസിഡന്റ് പ്രിത്വിരാജ് സിംഗ് രൂപനെ ഉത്തർപ്രദേശിലെ വാരണാസി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞു. വാരണാസിയിലെ ക്ഷേത്ര നഗരങ്ങൾ സന്ദർശിക്കാനാണ് മൗറീഷ്യസ് പ്രസിഡന്റ് രണ്ട് ദിവസത്തേക്ക് ഇന്ത്യയിലെത്തിയത്.ആറുപേരാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് വാരണാസി വിമാനത്താവളത്തിലെ എയർ ഇന്ത്യ ജീവനക്കാരൻ അധിക ലഗേജ് കാരണം പ്രിത്വിരാജ് സിംഗിനോട് പിഴ ഈടാക്കാൻ ആവശ്യപ്പെട്ടത്.

വിമാനത്താവളത്തിന്റെ ഡയറക്ടറായ ആകാശ്ദീപ് വിവരം അറിഞ്ഞപ്പോൾത്തന്നെ സ്ഥലത്തെത്തി പ്രശ്നത്തിൽ മധ്യസ്ഥത വഹിച്ചു. ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ്മയും വിമാനത്താവളത്തിലെ ജീവനക്കാരോട് സംസാരിച്ചിരുന്നു. അതേസമയം വിമാനത്താവളത്തിന്റെ നടപടി ക്രമങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്ന് ജീവനക്കാരും വ്യക്തമാക്കി. ഒടുവിൽ പ്രശ്നം പരിഹരിക്കാനായി മധ്യസ്ഥർ വ്യോമയാന മന്ത്രാലയത്തോടും എയർ ഇന്ത്യയിലെ ഉയർന്ന ഉദ്യോഗസ്ഥരോടും സംസാരിച്ചു. മറ്റൊരു രാജ്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥനായതിനാൽ ലഗേജിന്റെ അധികഭാരത്തിന് പിഴ ഈടാക്കരുതെന്നായിരുന്നു മധ്യസ്ഥരുടെ ആവശ്യം.

അധികൃതരിൽ നിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ച് ലഗേജിന്റെ അധികഭാരത്തിന് പിഴ ഈടാക്കിയിട്ടില്ലെന്ന് എയർ ഇന്ത്യ മാനേജർ ആതിഫ് ഇഡ്റിഷും അധികഭാരത്തിന് പിഴ ഈടാക്കിയാണ് പ്രശ്നം പരിഹരിച്ചതെന്ന് ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനും വ്യക്തമാക്കി. ശേഷം പ്രിത്വിരാജ് സിംഗ് ഡൽഹിയിലേക്ക് യാത്ര തിരിച്ചു.