-vajpayee

ന്യൂഡൽഹി: ക്രമസമാധാനനില തകർന്നുകൊണ്ട് ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് പിന്നാലെ ഭരണപക്ഷമായ ബി.ജെ.പിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിൽ വൻ വാഗ്വാദങ്ങളാണ് നടക്കുന്നത്. കലാപത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് പറഞ്ഞ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി,​ രാജധർമം (ഭരണ കർത്തവ്യം) സംരക്ഷിക്കപ്പെടാൻ രാഷ്ട്രപതിയുടെ അധികാരം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും രംഗത്തെത്തിയതോടെ ഇരുകക്ഷികളും തമ്മിലുള്ള പോര് മുറുകി.

കോൺഗ്രസിൽനിന്ന് തങ്ങൾക്ക് രാജധർമം പഠിക്കേണ്ടതില്ല. രാജധർമത്തെ കുറിച്ച് സോണിയ ഗാന്ധി സദാചാര പ്രസംഗം നടത്തരുത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് കോൺഗ്രസുകാരെന്നുമാണ് രവിശങ്കർ പ്രസാദ് പറഞ്ഞത്. ഇതിന് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തി. ഡൽഹി കലാപത്തിന് കാരണക്കാർ കോൺഗ്രസടക്കമുള്ള പ്രതിപക്ഷപാർട്ടികളാണെന്നും സത്യത്തിന് വേണ്ടി പോരാടാൻ മോദി സർക്കാരിന് ഒരു മടിയുമില്ലെന്ന് അമിത് ഷായും പറഞ്ഞു.

'രാജധർമ' പോര് മുറുകിയിരിക്കെ,​ ഇപ്പോഴിതാ ബി.ജെ.പിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് കപിൽ സിബൽ. 2002ൽ ഗുജറാത്ത് കലാപമുണ്ടായ സമയത്ത് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയോട് 'രാജധർമം' പിന്തുടരണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ഒർമ്മിപ്പിച്ചാണ് കപിൽ സിബലിന്റെ ഇപ്പോഴത്തെ വിമർശനം. 'അന്ന് ഗുജറാത്തിൽ വാജ്പേയിയെ കേൾക്കാത്ത നിങ്ങൾ എങ്ങനെ കോൺഗ്രസ് പറയുന്നത് കേൾക്കുകയെന്ന് കപിൽ സിബൽ ചോദിക്കുന്നു. രാജധർമ്മത്തെ കേൾക്കാനും പഠിക്കാനും അനുസരിക്കാനും നിങ്ങളുടെ സർക്കാരിനെ കൊണ്ട് കഴിയില്ലെന്നും' കപിൽ സിബർ ട്വിറ്ററിൽ കുറിച്ചു.

Law Minister to Congress :

“ Please don’t preach us Rajdharma “

How can we Mr. Minister ?

When you did not listen to Vajpayeeji in Gujarat why would you listen to us !

Listening , learning and obeying Rajdharma not one of your Government’s strong points !

— Kapil Sibal (@KapilSibal) February 29, 2020

രാജ്യതലസ്ഥാനത്ത് കലാപം നടക്കുമ്പോൾ ഉചിതമായി ഇടപെടാൻ തയ്യാറാവാത്ത ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടണമെന്ന് കോൺഗ്രസ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. രാംനാഥ് കോവിന്ദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, നേതാക്കളായ അഹമ്മദ് പട്ടേൽ, പി ചിദംബരം, കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി വദ്ര, ആനന്ദ് ശർമ, രൺദീപ് സുർജേവാല തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമിത് ഷായുടെ രാജി ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് നിവേദനവും സമർപ്പിച്ചിരുന്നു.