കൊച്ചി: താരസംഘടന 'അമ്മ'യുടെ നിർവാഹക സമിതി യോഗം ചൊവ്വാഴ്ച കൊച്ചിയിൽ ചേരും. ഷെയ്ൻ നിഗത്തെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് സൂചന. യോഗത്തിന് പിന്നാലെ നിര്‍മാതാക്കളുടെ സംഘടനയുമായി ‘അമ്മ’ ഭാരവാഹികള്‍ ചര്‍ച്ച നടത്തും. പ്രതിഫല തര്‍ക്കം മൂലം വെയില്‍ സിനിമയുടെ ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമ ചോദിച്ച് നിര്‍മാതാവ് ജോബി ജോര്‍ജിന് ഷെയ്ന്‍ കത്തയച്ചിരുന്നു. നിലവിൽ നൽകിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാർ പ്രകാരമുള്ള 40 ലക്ഷം രൂപയിൽ ശേഷിക്കുന്ന തുക വേണ്ടെന്നുമാണ് ഷെയ്ൻ കത്തില്‍ വ്യക്തമാക്കിയത്.
ഇതിന് പിന്നാലെ വിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമാതാക്കളുടെ സംഘടന ഷെയ്‌ന് വിലക്കേർപ്പെടുത്തിയത്. ഫെഫ്കയും അമ്മയും അടക്കമുള്ള സംഘടനകൾ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ഇടപെട്ടു.
ശേഷം, ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്തിയാൽ ഷെയ്ൻ വിഷയത്തിൽ ചർച്ച നടത്താമെന്നും വിലക്ക് നീക്കാമെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു. ഇതേത്തുടർന്ന് അമ്മയുടെ നിർദേശ പ്രകാരം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ൻ പൂർത്തിയായിക്കിയിരുന്നു. ഷെയ്ന്റെ വിലക്ക് നീക്കണമെന്നാണ് 'അമ്മ' സംഘടനയുടെ ആവശ്യം. അതേസമയം, ഖുർബാനി സിനിമ പൂർത്തീകരിക്കുന്ന കാര്യത്തിൽ കൂടി ഷെയ്ൻ നിഗം വ്യക്തത വരുത്തിയാൽ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്.