കൊല്ലം: ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ലെന്നും ആരോ തട്ടിക്കൊണ്ടു പോയതാണെന്നും മുത്തച്ഛൻ മോഹൻ പിള്ള ആരോപിച്ചു. അമ്മയുടെ ഷാൾ കുട്ടി ധരിച്ചിട്ടില്ലെന്നും അയൽ വീട്ടിൽപോലും പോകാത്ത കുട്ടിയായിരുന്നു ദേവനന്ദയെന്നും അദ്ദേഹം പറഞ്ഞു. "പുറത്ത് ഇറങ്ങണമെങ്കിൽത്തന്നെ അമ്മൂമ്മയോടെ അപ്പൂപ്പനോടോ ചോദിച്ചിട്ടേ പോകൂ. കുഞ്ഞിന്റെ ഷാൾ കിടന്നിടവും കുഞ്ഞ് കിടന്നിടവുമായി ഒരുപാട് അകലമുണ്ട്. ഇത്രയും സമയം കൊണ്ട് അത്രയും അകലത്തിൽ എത്തില്ല. കുട്ടി ഓടിയാലും എത്തില്ല"-മുത്തച്ഛൻ വ്യക്തമാക്കി.
ദേവനന്ദയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തിൽ കുട്ടി താമസിച്ചിരുന്ന വീടിന് സമീപത്തുള്ള കൂടുതൽ പേരുടെ മൊഴി എടുക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. എന്ന് മൊഴികൾ രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കുട്ടി എങ്ങിനെ ഇത്തിക്കരയാറ്റിലേക്ക് എത്തിയെന്നതാണ് ചോദ്യം. സംശയകരമായ പാടുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയില്ലെന്ന ഇൻക്വസ്റ്റിന്റെ പ്രാഥമിക വിവരം പുറത്ത് വന്നെങ്കിലും ജനങ്ങളുടെ സംശയം വിട്ടൊഴിഞ്ഞില്ല.
മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം പ്രാഥമിക നിഗമനം വന്നെങ്കിലും കുട്ടി ഒറ്റയ്‌ക്ക് എങ്ങനെ ആറ്റുകടവിലെത്തിയെന്നതിന് മറുപടി ലഭിച്ചിട്ടില്ല. വീട്ടിൽ നിന്ന് 70 മീറ്റർ അകലെയാണ് ആറിലേക്ക് ഇറങ്ങാനുള്ള കൽപ്പടവുകൾ ഉള്ളത്. അമ്മയുടെ അനുവാദം ഇല്ലാതെ അയൽ വീട്ടിലേക്ക് പോലും പോകാത്ത കുഞ്ഞ് ആറിന്റെ കരയിൽ എങ്ങനെ പോയെന്ന സംശയം ബന്ധുക്കളിലും നാട്ടുകാരിലും ബാക്കിയാണ്.