ജനീവ: ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ഞങ്ങളുടെ സൈന്യം തന്നെയാണെന്ന് ആരോപിച്ച് ഐക്യരാഷ്ട്രസഭയുടെ മുമ്പിൽ പാകിസ്ഥാനികളുടെ പ്രതിഷേധം. ആഗോള ഭീകരവാദത്തിന്റെ കേന്ദ്രം പാകിസ്ഥാൻ സൈന്യമാണെന്ന് ഒരു ബോർഡിൽ എഴുതിവച്ചാണ് പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ പ്രതിഷേധം. ലോക സുരക്ഷയ്ക്ക് പാകിസ്ഥാൻ ഭീഷണിയാണെന്നും ഇവർ പറയുന്നു. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയുടെ 43ാം സമ്മേളനം നടക്കാനിരിക്കയൊണ് സ്വന്തം രാജ്യത്തിനെതിരെ പാകിസ്ഥാനികൾ രംഗത്തെത്തിയത്.
അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ച കാലം തൊട്ടുതന്നെ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി പാകിസ്ഥാൻ മാറി. അൽ-ഖ്വയിദ, താലിബാൻ അടക്കമുള്ള അന്താരാഷ്ട്ര- പ്രാദേശിക തീവ്രവാദ സംഘടകളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ് പാകിസ്ഥാനിലെ വടക്കൻ വസീറിസ്ഥാൻ. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഈ മേഖലയിലാണ് മിക്ക ഭീകരസംഘടകളുടെ പ്രവർത്തന കേന്ദ്രമെന്ന് ന്യൂനപക്ഷങ്ങളുടെ സംഘടന ജനീവയിൽ അറിയിച്ചു.
മേഖലയിലെ ഭീകരവാദപ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ സർക്കാർ സജീവമായി ഇടപെടുന്നുണ്ട്. അവർക്ക് ആവശ്യമായ എല്ലാം സ്പോൺസർ ചെയ്യുന്നതും സർക്കാരാണ്. ഒരു വ്യവസ്ഥയുമില്ലാത്ത പാകിസ്ഥാന്റെ സാമ്പത്തികഘടന കാരണംകൊണ്ട് മാത്രമാണ് രാജ്യത്ത് ഭീകരവാദം പ്രത്സാഹിപ്പിക്കുന്നതിനാവശ്യമായ ക്രമവിരുദ്ധവുമായ പണം ഒഴുകിയെത്തുന്നത്.
ഭീകരവാദികൾ രാജ്യത്ത് സംഘടിക്കുന്നതിനും പദ്ധതികൾ തയ്യാറാക്കുന്നതിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം കൃത്യമായ ഭരണനിർവഹണവും രാഷ്ട്രീയധികാരവും ഇല്ലാത്തതാണെന്ന് ന്യൂനപക്ഷങ്ങൾ ആരോപിക്കുന്നു.
രാജ്യത്ത് നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനാവശ്യമായ ഒരു നടപടികളും പാകിസ്ഥാൻ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. ആയതിനാൽ ശക്തമായ താക്കീത് പാകിസ്ഥാന് നൽകണമെന്നും മേഖലയിൽ നിയമവാഴ്ച നിലനിർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ന്യൂനപക്ഷങ്ങൾ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു. മാർച്ച് 20നാണ് ജനീവയിൽ ഐക്യരാഷ്ട്രസഭയുടെ സമ്മേളനം നടക്കുന്നത്.