''ഷാജീ." സി.ഐ ഇഗ്നേഷ്യസ് അയാളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. ''എനിക്ക് തിടുക്കം ഉണ്ടാകുകയോ ഉണ്ടാകാതെ ഇരിക്കുകയോ ചെയ്യട്ടെ. അത് എന്റെ കാര്യം. നിങ്ങൾ ഇവിടേക്ക്, അതും ഈ നേരത്ത് വന്നത് എന്തിനെന്നു പറയുക. "
ഇഗ്നേഷ്യസിന്റെ ശബ്ദത്തിലെ മുഷിയൽ ഷാജി ചെങ്ങറ മനസ്സിലാക്കി.
അയാൾ നാവനക്കും മുൻപ് സി.ഐ തുടർന്നു:
''കാര്യം ഒഫീഷ്യലാണെങ്കിൽ ഞാൻ ഒരിക്കലും ഇവിടെവച്ച് ഡിസ്കസ് ചെയ്യാറില്ല."
''ഒഫീഷ്യൽ അല്ല സാർ. തികച്ചും പേഴ്സണൽ."
ഷാജി ചെയറിൽ മുന്നോട്ട് ആഞ്ഞിരുന്നു.
''സാറിന്റെ ഒരു സഹായത്തിനാണ് എന്റെ ഈ വരവ്. ഇനി ഒരു കാര്യത്തിലും ഞാൻ സാറിനെ ബുദ്ധിമുട്ടിക്കില്ല."
''മുഖവുര വേണ്ടാ. നിങ്ങൾക്കു പറയാം."
ഇഗ്നേഷ്യസ് കൈവിരലുകൾ പരസ്പരം കോർത്ത് ശിരസ്സിനു പിന്നിൽ വച്ചൊന്നു മടക്കി.
മരക്കൊമ്പ് ഒടിയുന്നതുപോലെ ഞൊട്ടകൾ കേട്ടു.
ഷാജി പറഞ്ഞു:
''ഇന്നത്തെ ആ ആക്സിഡന്റ് കേസ്. സാറ് അറസ്റ്റുചെയ്ത് ജയിലിൽ അടച്ചവർ എനിക്കു വേണ്ടപ്പെട്ടവരാണ്. തിരുവനന്തപുരത്ത് നല്ല സ്റ്റാറ്റസിൽ കഴിയുന്നവർ. ഇവിടത്തെ ഈ വിഷയത്തിൽ അവരുടെ രക്ഷിതാക്കളോട് മറുപടി പറയേണ്ടത് ഇപ്പോൾ ഞാനാണ്. കാരണം അവർ എന്നെ കാണാനാണ് വന്നത്..."
ഇഗ്നേഷ്യസിന്റെ മുഖത്ത് പുച്ഛഭാവം മിന്നി.
''നിങ്ങളീ പറഞ്ഞ സ്റ്റാറ്റസിൽ കഴിയുന്നവരുടെ തനിനിറം ഞാൻ ഇന്നലെയും ഇന്നും കണ്ടതാണ്. ബാക്കി പറയാൻ വന്നത് അയാൾ പെട്ടെന്നു വിഴുങ്ങി. കാരണം വെടിയുണ്ടകളുടെ കാര്യം ഇയാൾ അറിയാതിരിക്കുന്നതാണ് നല്ലത്.
''സാറെന്താ നിറുത്തിക്കളഞ്ഞത്? ആ വെടിയുണ്ടകളുടെ കാര്യമാണോ? അക്കാര്യത്തിൽ അവർ തീർത്തും നിരപരാധികളാണ്."
ഇഗ്നേഷ്യസ് ഞെട്ടിപ്പോയി.
''ബുള്ളറ്റുകളുടെ കാര്യം നിങ്ങൾ എങ്ങനെയറിഞ്ഞു?"
''നമ്മളും ഇവിടെത്തന്നെയൊക്കെയല്ലേ സാറേ ജീവിക്കുന്നത്? ഇനി വച്ചു താമസിപ്പിക്കുന്നില്ല. സാറ് മാത്രമേ ഇപ്പോൾ അവരെ സഹായിക്കാനുള്ളു. റിമാന്റിലാണവർ എന്നത് തൽക്കാലം നമുക്ക് മറക്കാം. ആ കേസിൽ അവർ പെടാൻ പാടില്ല. അതിനുവേണ്ടി സാറ് എന്തു ചോദിക്കുന്നോ അത് ഞാൻ തരും."
ഇഗ്നേഷ്യസിന്റെ മുഖം ചുവന്നു.
''മിസ്റ്റർ ഷാജിക്ക് പോകാം. ഇനി നമ്മൾ തമ്മിൽ ഒരു ചർച്ചയില്ല."
സി.ഐ എഴുന്നേറ്റു.
പിന്നാലെ ഷാജിയും.
''സാറ് അങ്ങനെയൊരു ഉറച്ച നിലപാടിലാണെങ്കിൽ ഇനി എനിക്ക് ഒന്നും പറയാനില്ല. ഞാൻ ഇവിടെ വന്നില്ലെന്നു കരുതിക്കോ. ഒന്നും പറഞ്ഞില്ലെന്നും. പക്ഷേ പിന്നീട് ഇക്കാര്യത്തിൽ സാറ് ദുഃഖിക്കാൻ പാടില്ല."
''എന്താ ഭീഷണിയാണോ?"
ഇഗ്നേഷ്യസിന്റെ ശബ്ദം മാറി.
''അത് സാറ് ചിന്തിക്കുന്നതുപോലെയിരിക്കും." ഷാജിയും പതറിയില്ല.
സി.ഐയുടെ ക്ഷമ നശിച്ചു.
''നിങ്ങൾക്കു പോകാം. എന്റെ ക്ഷമയെ പരീക്ഷിക്കരുത്."
''എങ്കിൽ സാറിന്റെ ഇഷ്ടം."
നേർത്ത മന്ദഹാസത്തോടെ ഷാജി പുറത്തേക്കിറങ്ങി.
തന്റെ കാറിൽ കയറി.
ഡ്രൈവർ മുറ്റത്തിട്ടുതന്നെ അത് വെട്ടിത്തിരിച്ചു.
കോപത്തോടെ വാതിൽ വലിച്ചടച്ച് ഇഗ്നേഷ്യസും തിരിഞ്ഞു.
യാദൃച്ഛികമായി അയാളുടെ കണ്ണുകൾ ടീപ്പോയിൽ പതിഞ്ഞു.
വച്ചിരിക്കുന്ന മാഗസിനുകൾക്കു പുറത്ത് ഒരു ചതുരപ്പൊതി!
താൻ അങ്ങനെയൊരു സാധനം അവിടെ വച്ചിട്ടില്ല...
അയാൾ വേഗം അത് കുനിഞ്ഞെടുത്തു. നിവർന്നു നിന്നുകൊണ്ട് പൊതിയഴിച്ചു.
ഒരു ശബ്ദമായി ഉള്ളിലെ അമ്പരപ്പ് പുറത്തുവന്നു.
രണ്ടായിരത്തിന്റെ ഒരുകെട്ട് നോട്ട്!
ആ അമ്പരപ്പിൽ അയാളുടെ കയ്യിൽ നിന്നു നോട്ടു വഴുതിവീണു.
വീണ്ടും ഇഗ്നേഷ്യസ് അതെടുത്തു. ഷാജി അല്ലാതെ മറ്റാരും ഇവിടെ വന്നിട്ടില്ല. അയാൾ തന്നെയായിരിക്കും ഇത് വച്ചത്.
തനിക്കുള്ള കൈക്കൂലി.
ആ ക്ഷണം പുറത്ത് ഒരു വാഹനം ബ്രേക്കിട്ടു. പണം പഴയപടി വച്ചിട്ട് സി.ഐ വാതിൽ തുറന്നു.
സിറ്റൗട്ടിൽ അപരിചിതരായ മൂന്നുപേർ!
''വി ആർ ഫ്രം വിജിലൻസ്."
''സാർ..." ഇഗ്നേഷ്യസിന്റെ ഉള്ള് പുകഞ്ഞു.
''ഞങ്ങൾക്ക് ഈ വീടൊന്നു സെർച്ചു ചെയ്യണം." വിജിലൻസ് ഡിവൈ.എസ്.പി പറഞ്ഞു. ''നിങ്ങൾ ഒരാളോട് കൈക്കൂലി ആവശ്യപ്പെട്ടെന്നും അത് കൈപ്പറ്റിയെന്നും വിവരം കിട്ടിയിട്ടുണ്ട്."
ഇഗ്നേഷ്യസ് പെട്ടെന്നു തളർന്നു.
''വരണം സാർ..." വരണ്ട നാവിൽ നിന്നു ശബ്ദം പുറത്തുവന്നു.
സി.ഐയ്ക്കു പിന്നാലെ വിജിലൻസ് സംഘം അകത്തുകയറി.
അവർ സിറ്റിംഗ് റൂം പരിശോധിക്കാൻ തുടങ്ങി. ഇഗ്നേഷ്യസിന്റെ നോട്ടം ടീപ്പോയുടെ അടിത്തട്ടിലേക്ക് അറിയാതെ നീണ്ടു.
നിമിഷത്തിനുള്ളിൽ ഒരു വിജിലൻസ് ഉദ്യോഗസ്ഥൻ ആ പൊതി കണ്ടെത്തി എടുത്തു തുറന്നു.
''സാർ... ഇവിടെയുണ്ട്." അയാൾ ഡിവൈ.എസ്.പിയോടു പറഞ്ഞു.
''ങ്ഹേ?" മറ്റുള്ളവർ പെട്ടെന്നു തിരിഞ്ഞുനോക്കി.
(തുടരും)