devananda

കൊല്ലം: ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. മകളെ ആരോ കടത്തിക്കൊണ്ടുപോയതാണെന്നും കുറ്റവാളിയെ കണ്ടെത്തണമെന്നും കുട്ടിയുടെ അമ്മ ധന്യ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലം മുമ്പ് കുട്ടി കണ്ടിട്ടില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.

'അവൾ ഒരിക്കലും ആറിന് മറുകരയുള്ള ക്ഷേത്രത്തിൽ പോയിട്ടില്ല. ഷോളുകൊണ്ട് കളിക്കുകയായിരുന്നു. എന്നാൽ ഷാൾ ധരിച്ച് അവൾ ഇതുവരെ പുറത്ത് പോയിട്ടില്ല. ശാസിച്ചാലും പിണങ്ങിയിരിക്കുന്ന ശീലം പൊന്നുവിന് ഇല്ല. എന്നോട് പറയാതെ ഇതുവരെ പുറത്ത് പോയിട്ടില്ല. നിമിഷനേരം കൊണ്ടാണ് എല്ലാം സംഭവിച്ചത്. കരഞ്ഞുവിളിച്ചപ്പോൾ തന്നെ നാട്ടുകാരെല്ലാം ഓടിയെത്തി'-ധന്യ പറഞ്ഞു. ധന്യ പറഞ്ഞത് തന്നെയാണ് തനിക്കും പറയാനുള്ളതെന്ന് ദേവനന്ദയുടെ അച്ഛൻ പ്രദീപ് പ്രതികരിച്ചു.

വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ വ്യാഴാഴ്ച രാവിലെ പത്തരയോടെ കാണാതാവുകയായിരുന്നു.‌ പൊലീസും ഫയർ ഫോഴ്സും നാട്ടുകാരുമുൾപ്പെടെ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെ രാവിലെ മൃതദേഹം വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ കണ്ടെത്തുകയായിരുന്നു.