pragnant

മുംബയ്: ഗർഭാവസ്ഥ ഒരു രോഗമല്ലെന്ന് ആവർത്തിച്ച് നിറവയറുമായി മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിനെത്തിയ ബീഡ് എം.എൽ.എ നമിതാ മുണ്ടട (30) ശ്രദ്ധ നേടി.

എട്ടുമാസം ഗർഭിണിയായിരിക്കെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്ന ആദ്യ എം.എൽ.എയാണ് താനെന്നാണ് നമിത പറയുന്നത്.

'ബഡ്‌ജറ്റ് സമ്മേളനം നടക്കുമ്പോൾ നിയമസഭയിൽ ഉണ്ടായിരിക്കണമെന്നത് എന്റെ കർത്തവ്യമാണ്. മണ്ഡലത്തിലെ നിരവധി പ്രശ്‌നങ്ങൾ സഭയിൽ ഉന്നയിക്കേണ്ടതുണ്ടായിരുന്നു. ഗർഭധാരണം ഒരു അസുഖമല്ല. ഒരു സ്ത്രീ കടന്നു പോകേണ്ട ഘട്ടമാണ്. '

- പെൺഭ്രൂണഹത്യകൾക്ക് കുപ്രസിദ്ധി നേടിയ ബീഡിനെ പ്രതിനിധീകരിക്കുന്ന ശക്തയായ വനിതാ എം.എൽ.എ വാർത്താ ഏജൻസിയോട് പറഞ്ഞു.

ഗർഭാവസ്ഥയിൽ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും ഡോക്ടറുടെ നിർദ്ദേശം അനുസരിക്കുകയും ജോലിയെ ഇതിനോടൊപ്പം കൊണ്ടുപോകുകയുമാണെന്നും നമിത കൂട്ടിച്ചേർത്തു.

2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.സി.പി സ്ഥാനാർത്ഥിയായിരുന്ന നമിത തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുകയായിരുന്നു.