തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങളിൽ സംവരണം ഉറപ്പാക്കണമെന്ന് കെ.രാധാകൃഷ്‌ണൻ പറഞ്ഞു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങളിൽ സംവരണം ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയ്ഡഡ് മേഖലയിൽ കോഴ വാങ്ങിയാണ് നിയമനങ്ങൾ നടത്തുന്നത്. പിന്നാക്കക്കാരുടെ ഭരണഘടനാ അവകാശം നേടിയെടുക്കുന്നതിനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എസ്.അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കെ.സോമപ്രസാദ് എം.പി, കെ.ശാന്തകുമാരി,സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,വണ്ടിത്തടം മധു എന്നിവർ പങ്കെടുത്തു.