ന്യൂഡൽഹി: ആഗോള സമ്പദ്‌വളർച്ചയ്ക്ക് കൊറോണ വിലങ്ങുതടിയാകുമെന്ന വാർത്തകൾ ശതകോടീശ്വരന്മാരുടെ കീശയിൽ വലിയ ചോർച്ചയ്ക്ക് വഴിയൊരുക്കി. 2020ൽ ആഗോള ജി.ഡി.പി വളർച്ചയിൽ 0.3 ശതമാനം കുറവെങ്കിലും കൊറോണ മൂലം ഉണ്ടാകുമെന്നും തിരിച്ചടിയിൽ നിന്ന് കരകയറാൻ കാലങ്ങൾ വേണ്ടിവരുമെന്നുമുള്ള ഐ.എം.എഫിന്റെ ഉൾപ്പെടെയുള്ള വിലയിരുത്തലുകൾ കഴിഞ്ഞവാരം ഒട്ടുമിക്ക ഓഹരി വിപണികളെയും തകർത്തിരുന്നു.
ഇതോടെ, ആഗോള കോടീശ്വരന്മാരുടെ സമ്പത്തും ഇടിഞ്ഞു. ലോകത്തെ ഏറ്റവും വലിയ 500 ശതകോടീശ്വരന്മാർ ചേർന്ന് കഴിഞ്ഞയാഴ്‌ച കുറിച്ചിട്ട നഷ്‌ടം 44,400 കോടി ഡോളറാണ്. ഏതാണ്ട് 32.20 ലക്ഷം കോടി രൂപ. അമേരിക്കൻ ഓഹരി വിപണിയായ ഡൗൺ ജോൺസ് കഴിഞ്ഞവാരം 12 ശതമാനമാണ് ഇടിഞ്ഞത്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഡൗൺ ജോൺസിന്റെ ഏറ്റവും വലിയ വീഴ്‌ചയാണിത്.
കഴിഞ്ഞയാഴ്‌ച ആഗോള ഓഹരി വിപണികളുടെ സംയുക്ത നഷ്‌ടം ആറു ലക്ഷം കോടി ഡോളറാണ്. ഇത് ഏകദേശം 435 ലക്ഷം കോടി രൂപ വരും. ഫോർച്യൂൺ 500 പട്ടികയിലെ 80 ശതമാനം ശതകോടീശ്വരന്മാരുടെയും ആസ്‌തി കഴിഞ്ഞവാരം കുറഞ്ഞു. ലോകത്തെ ഏറ്റവും വലിയ മൂന്ന് ശതകോടീശ്വരന്മായ ആമസോൺ മേധാവി ജെഫ് ബെസോസ്, മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, എൽ.വി.എം.എച്ച് ചെയർമാൻ ബെർണാഡ് അർണോൾട്ട് എന്നിവർ ചേർന്ന് മാത്രം 3,000 കോടി ഡോളറിന്റെ നഷ്‌ടം നേരിട്ടു.
ചോർച്ചക്കണക്ക്
(ശതകോടീശ്വരന്മാരും നഷ്‌ടവും - തുക കോടിയിൽ, ബ്രായ്ക്കറ്റിൽ കമ്പനി)
ജെഫ് ബെസോസ് : $1,190 (ആമസോൺ)
ബിൽ ഗേറ്റ്‌സ് : $1,000 (മൈക്രോസോഫ്‌റ്ര്)
ബെർണാഡ് അർണോൾട്ട് : $910 (എൽ.വി.എം.എച്ച്)
എലോൺ മസ്‌ക് : $900 (ടെസ്‌ല)
വാറൻ ബഫറ്റ് : $880 (ബെർക്ക്‌ഷെയർ ഹാത്ത്‌വേ)
അമാൻഷ്യോ ഒർട്ടേഗ : $680 (ഇൻഡിടെക്‌സ്)
മാർക്ക് സക്കർബർഗ് : $660 (ഫേസ്‌ബുക്ക്)
ലാറി പേജ് : $640 (ആൽഫബെറ്ര്)
കാർലോസ് സ്ളിം : $630 (അമേരിക്ക മുവിൽ)
സെർജീ ബ്രിൻ : $630 (ആൽഫബെറ്റ്)
നോവേറ്റ് ഇന്ത്യക്കാരും
(തുക കോടിയിൽ)
മുകേഷ് അംബാനി : $500 (റിലയൻസ് ഇൻഡസ്ട്രീസ്)
ശിവ് നാടാർ : $160 (എച്ച്.സി.എൽ)
അസീം പ്രേംജി : $140 (വിപ്രോ)
കുമാർ മംഗംള ബിർള : $88.40 (ആദിത്യ ബിർള ഗ്രൂപ്പ്)
ഗൗതം അദാനി : $49.60 (അദാനി ഗ്രൂപ്പ്)
എൻ.ആർ. നാരായണമൂർത്തി : $10 (ഇൻഫോസിസ്)
നന്ദൻ നിലേക്കനി : $9 (ഇൻഫോസിസ്)