തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുളള പ്രവേശനത്തിന് ഓൺലെെൻ അപേക്ഷ സമർപ്പിച്ചവർക്ക് വിട്ടുപോയ കോഴ്സുകൾ നിലവിലെ അപേക്ഷയിൽ കൂട്ടിച്ചേർക്കാൻ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.inൽ ഇന്നു മുതൽ മാർച്ച് നാലിന് വെെകിട്ട് ഏഴ് വരെ അവസരം.
എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.ച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്സുകളിൽ അപേക്ഷകർ 'Medical and Allied' എന്നും എൻജിനിയറിംഗ് കോഴ്സുകൾ ആവശ്യമുളളവർ എൻജിനിയറിംഗ് എന്നും ബി.ഫാം കോഴ്സ് ആഗ്രഹിക്കുന്നവർ 'ഫാർമസിയും' ആർക്കിടെക്ചർ കോഴ്സിന് 'ആർക്കിടെക്ചർ ' എന്നും തിരെഞ്ഞെടുത്തിട്ടുണ്ടെന്ന് അപേക്ഷകർ ഉറപ്പ് വരുത്തണമെന്ന് പ്രവേശന പരീക്ഷ കമ്മിഷണർ അറിയിച്ചു.
കോഴ്സുകൾ കൂട്ടിച്ചേർക്കാനുള്ള അവസരം ഒറ്റത്തവണ മാത്രമായിരിക്കും. കോഴ്സുകൾ കൂട്ടിച്ചേർക്കുമ്പോൾ അധികമായി തുക അപേക്ഷ ഫീസിനത്തിൽ അടക്കേണ്ടി വന്നാൽ ഓൺലെെനായി മാത്രമേ അടക്കാൻ സാധിക്കൂ. വെബ്സെെറ്റിലെ 'Candidate Login' എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. ഫോൺ: 0471-2525300.