ഖത്തർ: രണ്ട് ദശാബ്ദത്തോളം നീണ്ട ചോരപ്പുഴയ്ക്ക് അറുതി വരുത്തി യു.എസ് - താലിബാൻ സമാധാന ഉടമ്പടി യാഥാർത്ഥ്യമായി. വെടിയൊച്ചകളും കണ്ണീരും നിറഞ്ഞ യുദ്ധകാലത്തിൽ നിന്ന് സമാധാനപ്പുലരിയിലേക്ക് മിഴിതുറന്ന് അഫ്ഗാനിസ്ഥാൻ.
ഇന്നലെ ഖത്തർ തലസ്ഥാനമായ ദോഹയിൽ യു.എസും അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനയായ താലിബാനും തമ്മിൽ അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു.
യു.എസ് പ്രത്യേക പ്രതിനിധി സൽമെ ഖാലിസാദും താലിബാൻ രാഷ്ട്രീയ വിഭാഗം മേധാവി മുല്ല അബ്ദുൽ ഘാനി ബറാദറുമാണ് കരാറിൽ ഒപ്പിട്ടത്. ഉടമ്പടി പ്രകാരം അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് സഖ്യസേന 14 മാസത്തിനകം പിന്മാറും. അമേരിക്കയെയും സഖ്യസേനയെയും ഇനി ആക്രമിക്കില്ലെന്ന് കരാറിൽ താലിബാൻ വ്യക്തമാക്കി. എന്നാൽ താലിബാൻ വ്യവസ്ഥകൾ ലംഘിച്ചാൽ കരാർ അപ്രസക്തമാകുമെന്ന് അമേരിക്ക നിലപാടെടുത്തു. ഗൾഫ് മേഖലയിൽ ശാശ്വതമായ സമാധാനം കരാർ മൂലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിലെ ഇന്ത്യൻ അംബാസഡർ പി. കുമാരൻ ഉൾപ്പെടെ 30 രാജ്യങ്ങളുടെ പ്രതിനിധികൾ ചരിത്ര നിമിഷത്തിന് സാക്ഷികളായി. ഇതാദ്യമായാണ് താലിബാനുമായി ഇന്ത്യ ഒരു ഔദ്യോഗിക വേദി പങ്കിടുന്നത്. എന്നാൽ അഫ്ഗാനിസ്ഥാൻ പ്രതിനിധി ചടങ്ങിൽ പങ്കെടുത്തില്ല. അഫ്ഗാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാൻ യു.എസും താലിബാനും തമ്മിൽ ഒരുവർഷമായി നടന്നുവരുന്ന സമാധാന ചർച്ചകളാണ് ഒടുവിൽ കരാറിലെത്തിയത്. ചരിത്ര മുഹൂർത്തം വീക്ഷിക്കാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ കഴിഞ്ഞദിവസം ദോഹയിൽ എത്തിയിരുന്നു. നിലവിൽ ഈ കരാറിൽ അഫ്ഗാൻ ഗവൺമെന്റ് കക്ഷിയല്ല. സമാധാനക്കരാറിന് പിന്നാലെ, താലിബാനും അഫ്ഗാൻ ഗവൺമെന്റും തമ്മിലുള്ള ചർച്ചകൾക്ക് വാതിൽ തുറക്കും. ഇത്, അഫ്ഗാനിൽ സുസ്ഥിര ഭരണകൂടം യാഥാർത്ഥ്യമാക്കുന്നതിലേക്ക് നയിക്കുമെന്നാണ് ലോകരാജ്യങ്ങളുടെ പ്രതീക്ഷ.
പങ്കെടുത്തത് നിരീക്ഷക രാജ്യമായി
യു.എസ് താലിബാൻ ഉടമ്പടി ഒപ്പ് വയ്ക്കുന്ന ചടങ്ങിൽ
ഇന്ത്യ നിരീക്ഷക രാജ്യമായാണ് പങ്കെടുത്തതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖത്തർ ഭരണകൂടത്തിന്റെ ക്ഷണപ്രകാരമാണിത്. കരാർ ഒപ്പിടുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്‍ല അഫ്ഗാനിസ്ഥാൻ സന്ദർശിച്ചിരുന്നു. പ്രസിഡന്റ് അഷ്റഫ്ഗാനിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് അഷ്റഫ്ഗാനിക്ക് കൈമാറുകയും ചെയ്തു.
'അൽ ഖ്വായിദയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് താലിബാൻ നൽകിയ ഉറപ്പ് പാലിക്കം. അഫ്ഗാനിലുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് വിജയാഘോഷത്തിന്റെ സമയമാണ്. എന്നാൽ അഫ്ഗാൻ ജനത സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു തുടങ്ങുമ്പോൾ മാത്രമേ ആ വിജയപ്രഖ്യാപനം നടത്താനാകൂ.'
-മൈക്ക് പോംപെയോ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി
വാഗ്ദാന പാലകനായി ട്രംപ്
കഴിഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണസമയത്ത്, അഫ്ഗാനിൽനിന്ന് യു.എസ് സേനയെ പിൻവലിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. വീണ്ടുമൊരു തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസ്ഥയിൽ സമാധാനക്കരാർ യാഥാർത്ഥ്യമാക്കുന്നതിലൂടെ വലിയ ജനപിന്തുണയാണ് ട്രംപ് ലക്ഷ്യമിടുന്നത്.