ന്യൂഡൽഹി: തലസ്ഥാനത്തെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ കലാപകാരികൾ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. ഇതിനെ തുടർന്ന് 42 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കലാപം ഭയന്ന് നിരവധി മുസ്ലങ്ങളാണ് പ്രദേശത്ത് നിന്നും പാലായനം ചെയ്തത്. എന്നാൽ വടക്കു കിഴക്കൻ പ്രദേശങ്ങളിലെ ശിവ് വിഹാർ കോളനിയിൽ മുസ്ലിങ്ങളെ രക്ഷിക്കാൻ പ്രദേശവാസികളായ ഹിന്ദുക്കൾ കാവലിരിക്കുകയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഇവർ രാത്രിയിൽ തീ കൂട്ടി കാവലിരിക്കുകയും കോളനിയിലാകമാനം ഇവർ റോന്ത് ചുറ്റുകയും ചെയ്യുന്നു. മാത്രമല്ല പ്രദേശത്ത് ജയ് ശ്രീറാം എന്ന മുദ്രാവാക്യം ഉയരുന്നില്ല. 'ഹർ ഹർ മഹാദേവ്', 'വീർ ബജ്റംഗി' എന്നിവയാണ് ക്ഷേത്രങ്ങളിൽ നിന്ന് ഉയരുന്നത്. ജയ് ശ്രീറാം മുദ്രാവാക്യം കലാപകാരികൾ ഉപയോഗിക്കുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ജയ് ശ്രീരാം വിളികളുമായി എത്തിയവര്‍ തങ്ങളുടെ കോളനികളിൽ കടന്നുവന്ന് സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുകയും കടകൾക്കും വീടുകൾക്കും തീയിടുകയും ചെയ്തെന്നും അവർ പറയുന്നു.
അതുകൊണ്ട് തന്നെ ഇവരിൽ നിന്ന് വേർതിരിച്ചു കാണാനാണ് പുതിയ മുദ്രാവാക്യങ്ങൾ ഉപയോഗിക്കുന്നത്. ശിവ് വിഹാറിലെ ക്ഷേത്രങ്ങളിൽപ്പോലും ജയ് ശ്രീരാം വിളികൾ ഇപ്പോൾ ഉയരുന്നില്ല. കലാപത്തിൽ ഇവ ഉപയോഗിക്കപ്പെട്ടതോടെയാണ് ക്ഷേത്രങ്ങൾ തങ്ങളുടെ മന്ത്രങ്ങളിൽ മാറ്റം വരുത്തിയത്. മതപരമായ മുദ്രാവാക്യം വിളിച്ചെത്തിയാൽ ആരും തങ്ങളെ ഒന്നും ചെയ്യില്ലെന്ന ധൈര്യമാണ് കലാപകാരികൾക്കുള്ളതെന്ന് ശിവ് വിഹാറിലെ ഹിന്ദുക്കൾ പറയുന്നു.