gujarat-

അഹമ്മദാബാദ് ∙ഇന്ത്യയിലെത്തി യു.എസ് പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപ് മടങ്ങിയിട്ടും സന്ദർശനം സംബന്ധിച്ച വിവാദങ്ങൾ അവസാനിക്കുന്നില്ല.. ട്രംപിനു വരവേൽപ്പ് നൽകുന്നതിനും നമസ്തേ ട്രംപ് പരിപാടിക്കുമായി നൂറു കോടിയിലധികം രൂപ ചെലവഴിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ വിവാദങ്ങൾ അർത്ഥമില്ലാത്തതാണെന്ന് കാണിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തുവന്നു.

ട്രംപിന്റെ സന്ദർശനത്തിന് സംസ്ഥാന സർക്കാർ വെറും എട്ടു കോടിയും അഹമ്മദാബാദ് കോർപറേഷൻ നാലര കോടിയും മാത്രമേ മുടക്കിയിട്ടുള്ളൂ എന്നു മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അതല്ലാതെയുള്ള കണക്കുകളെല്ലാം പ്രതിപക്ഷത്തിന്റെ കെട്ടുകഥകൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ച ട്രംപിന്റെ സന്ദർശനത്തോടനുബന്ധിച്ചു ചേരികളും മറയ്ക്കാൻ അരക്കിലോമീറ്റർ നീളത്തിൽ നാലടി ഉയരത്തിൽ മതിൽ കെട്ടുകയും നഗരത്തിലെ പ്രധാന വീഥികളിലെ ചുവരുകളെല്ലാം ചായമടിച്ചു ട്രംപിന്റെയും മോദിയുടെയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തിരുന്നു. പതിനയ്യായിരത്തോളം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒന്നേകാൽ ലക്ഷത്തോളം ആളുകൾക്കായി മൊട്ടേര സ്റ്റേ‍ഡിയത്തിൽ ലഘുഭക്ഷണമടക്കം ആതിഥ്യം ഒരുക്കിയിരുന്നു. ഇതിനെല്ലാം കൂടി നൂറു കോടിയോളം രൂപ സർക്കാർ ഖജനാവിൽ നിന്നു മുടക്കിയതായി ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണു സർക്കാർ കണക്കു നിയമസഭയിൽ വെളിപ്പെടുത്തിയത്.

സർക്കാരും കോർപറേഷനും മുടക്കിയ പന്ത്രണ്ടരക്കോടിയിൽ കവിഞ്ഞ ചെലവുകളെല്ലാം നഗര അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി നേരത്തേ തന്നെ അനുവദിക്കപ്പെട്ടതാണെന്നും ട്രംപിന്റെ സന്ദർശനവുമായി അതിന് ഒരു ബന്ധമില്ലെന്നുമാണു മുഖ്യമന്ത്രി വ്യക്തമാക്കിയത്.

സന്ദർശനത്തിന്റെ പേരിൽ സർക്കാർ കോടികൾ ധൂർത്തടിച്ചുവെന്നു കോൺഗ്രസ് അംഗങ്ങൾ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഈ ധൂർത്തിനുള്ള ഫണ്ട് എവിടെനിന്നാണെന്നു വ്യക്തമാക്കണമെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും നേരത്തേ ആവശ്യപ്പെട്ടിരുന്നു.