
പെരിങ്ങനാട് (അടൂർ) : മർദ്ദനമേറ്റ പരിക്കുകളോടെ ചേന്ദംപള്ളി സ്വാമി വിവേകാനന്ദ ബാലാശ്രമത്തിൽ നിന്ന് രാത്രി ഇറങ്ങിയോടിയ ഏഴ് കുട്ടികളെ നാട്ടുകാർ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വാർഡൻമാരായ പൊങ്ങലടി പള്ളിത്തുണ്ടിൽ വീട്ടിൽ വിജയകുമാർ, റാന്നി ചെറുകുളഞ്ഞി കാര്യാട്ട് വീട്ടിൽ അശോക് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബാലാശ്രമം നടത്തിപ്പുകാരിൽ ഒരാളെയും മറ്റ് രണ്ടുപേരെയും കൂടി അറസ്റ്റുചെയ്യാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അഭിജിത്ത് (16), വിശാൽ (17), അക്ഷയ് (17), വൈഷ്ണവ് (15), ശ്രീരാജ് (16), ആഹർഷ് (15), ബിജിൻ (16) എന്നിവർക്കാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഇവരെ ചേന്ദംപള്ളിയിൽ വച്ചാണ് നാട്ടുകാർ കണ്ടത്. അഭിജിത്ത്, വിശാൽ എന്നിവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശ്രമത്തിൽ വച്ച് മുൻ വൈരാഗ്യത്തിന്റെ പേരിൽ വാർഡൻമാർ കഠിനമായ ജോലികൾ ചെയ്യിപ്പിക്കുകയും കസേര കൊണ്ട് അടിക്കുകയുമായിരുന്നെന്നു കുട്ടികൾ പറഞ്ഞു.
ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രതിനിധികൾ ആശുപത്രിയിലെത്തി കുട്ടികളിൽ നിന്ന് മൊഴിയെടുത്തു. ഡിസ്ചാർജ് ചെയ്താലുടൻ ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. ചൈൽഡ് വെൽഫെയർ കമ്മിറ്റി തിങ്കളാഴ്ച അടിയന്തര യോഗം ചേർന്ന് നടപടിയെടുക്കും. കുട്ടികളുടെ ബന്ധുക്കളെയും യോഗത്തിൽ പങ്കെടുപ്പിക്കും. അതേസമയം ഈ കുട്ടികൾ ആശ്രമത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം ഇവിടത്തെ കാമറ തല്ലിത്തകർത്തെന്നും ബാലാശ്രമം അധികൃതർ പറഞ്ഞു.