ദോഹ: താലിബാനുമായുള്ള സമാധാന കരാറിൽ ഒപ്പിട്ട് അമേരിക്കയും താലിബാനും. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് യുഎസ് പ്രത്യേക പ്രതിനിധി സൽമെ ഖാലിസാദും താലിബാൻ രാഷ്ട്രീയ വിഭാഗം മേധാവി മുല്ല അബ്ദുൽ ഘാനി ബറാദറും സമാധാന കരാർ ഒപ്പുവച്ചത്. ഉടമ്പടി പ്രകാരം അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സഖ്യസേന 14 മാസത്തിനകം പിന്മാറും. കരാർ വ്യവസ്ഥകൾ താലിബാൻ പൂർണമായും പാലിച്ചാൽ മാത്രമായിരിക്കും പിന്മാറ്റം.
പതിനെട്ട് വർഷം നീണ്ട പിന്നിട്ട സംഘർഷങ്ങൾക്കാണ് സമാധാനക്കരാറോടെ അന്ത്യമാവുന്നത്. ന്യൂയോർക്കിൽ 2001 സെപ്തബറിൽ നടന്ന അക്രമണത്തിന് പിന്നാലെയാണ് അമേരിക്ക അഫ്ഗാനിസ്ഥാനെ ആക്രമിച്ചത്. 2400ഓളം അമേരിക്കൻ സൈനികരാണ് ഇതിനോടകം അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടിരിക്കുന്നത്. 12000 അമേരിക്കൻ സൈനികരാണ് നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ളത്. അഫ്ഗാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാൻ യു.എസും താലിബാനും തമ്മിൽ ഒരുവർഷമായി നടന്നുവരുന്ന സമാധാന ചർച്ചകൾക്കാണ് കരാർ ഒപ്പ് വയ്ക്കലിലൂടെ ഫലം കണ്ടത്.