തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാനാഞ്ചിറ സ്ക്വയറിന് സമീപം പ്രതിഷേധിച്ച ബിന്ദു അമ്മിണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിന്റെ ഭാഗമായി നടത്തിയ ബക്കറ്റ് പിരിവ് ചോദ്യം ചെയ്ത് സി.എ.എ അനുകൂലികളായ രണ്ട് യുവാക്കൾ തർക്കമുണ്ടാക്കിയതിനെ തുടർന്ന് അറസ്റ്റ്. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് സംഭവം. അതേസമയം കേരളത്തിൽ ഡൽഹി ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
സി.എ.എ വിരുദ്ധ സമരം ചെയ്യുന്നതിന് സംഘപരിവാറുകാരന്റെ ഭീഷണിയും കേരള പോലീസിന്റെ അറസ്റ്റുമാണുണ്ടായതെന്ന് അവർ പറയുന്നു. സമരം ചെയ്യുന്നവരെ അറസ്റ്റു ചെയ്ത് സി.എ.എ വിരുദ്ധ സമരം തകർക്കാമെന്ന് കേരളത്തിൽ വ്യാമോഹിക്കേണ്ടെന്നും കേരള ജനത അത് അനുവദിക്കില്ലെന്നും ബിന്ദു കൂട്ടിച്ചേർത്തു.
'സമാധാനപരമായി നോട്ടീസ് വിതരണം ചെയ്യുകയായിരുന്ന തങ്ങളെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഒരു നോട്ടീസ് വിതരണത്തിന് കേരളത്തിൽ സ്വാതന്ത്ര്യമില്ലെങ്കിൽ എവിടെയാണ് സ്വാതന്ത്ര്യമുള്ളത്. സംഘപരിവാറുകാരനെ കൂട്ടുപിടിച്ചുകൊണ്ട് രണ്ട് പൊലീസുകാർ തങ്ങളെ സ്റ്റേഷനിലെത്തിക്കുകയാണുണ്ടായത്'. കേരളത്തിൽ ഡൽഹി ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ജനാധിപത്യ കേരളത്തിലെ പുരോഗമനവാദികളായ ആളുകൾ ഒപ്പമുണ്ടാകുമെന്ന്പ്രതീക്ഷിക്കുന്നതായും ബിന്ദു അമ്മിണി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.