ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാ പ്രമുഖ ഭാഷാപത്രങ്ങളും ലഭ്യമാക്കുന്ന 'ഇന്ത്യാപ്രസ് ' എന്ന ഡിജിറ്റൽ വായനശാലയിലെ സന്ദർശകരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന 10 ദിനപത്രങ്ങളിൽ കേരളകൗമുദിയും. ഇന്നലെ കേരളകൗമുദിക്ക് ലഭിച്ചത് 1.7 ലക്ഷം ഹിറ്റുകൾ.
'ദൈനിക് ജാഗരൺ' എന്ന ഹിന്ദി പത്രമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 6.2 ലക്ഷമാണ് ഹിറ്റ്. മലയാളത്തിലെ ഒരു പത്രം കൂടിയുണ്ട്, ആദ്യ 10 പത്രങ്ങളുടെ പട്ടികയിൽ. സ്വന്തം വായനക്കാരുടെ എണ്ണം സംബന്ധിച്ച് അവിശ്വസനീയമായ കണക്കുകൾ അവതരിപ്പിക്കാറുള്ള ഈ പത്രത്തിന് 2.2 ലക്ഷം ഹിറ്റുകളാണ് ഡിജിറ്റൽ വായനശാലയിൽ ഇന്നലെ ലഭിച്ചത്.
ഡിജിറ്റൽ ലോകത്തെ പത്രവായനക്കാരിൽ ഭൂരിഭാഗവും ഉന്നതവിദ്യാഭ്യാസം നേടിയ യുവാക്കളാണ്. ഡെസ്ക്‌ടോപ്പ് കമ്പ്യൂട്ടറിൽ മുതൽ സ്മാർട്ട് ഫോണിൽ വരെയാണ് ഡിജിറ്റൽ ലോകത്തെ പത്രവായന. വായനക്കാരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുകയുമാണ്. സ്മാർട്ട് ഫോണുകൾ വ്യാപകമാകവെ, ഭാവിയിൽ ഡിജിറ്റൽ പത്രമേ (ഇ-പേപ്പർ) കാണൂവെന്ന് വരെയാണ് പ്രവചനം.
ഇന്താപ്രസിന്റെ വെബ്‌സൈറ്റിൽ (www.indiapress.org) 14 ഭാഷകളിലെ പത്രങ്ങൾ ലഭ്യമാണ്. വായനക്കാർക്ക് ഇഷ്ടമുള്ള പത്രം അനായാസം തിരഞ്ഞെടുത്ത് വായിക്കാനുള്ള സൗകര്യവുമുണ്ട്.