എറണാകുളം പള്ളുരുത്തിയിൽ വെളി എന്ന സ്ഥലത്തുനിന്നും പടിഞ്ഞാറോട്ട് ഒരു മുന്നൂറുമീറ്റർ നടന്നാൽ 'എം.കെ. അർജുനൻ മാസ്റ്റർ ലെയിൻ" എന്ന ഇടറോഡ് കാണാം. അവിടെ 'പാർവതി മന്ദിര" ത്തിൽ വീൽച്ചെയറിലിരുന്ന് ഒരു നാട്ടുകാരണവരെപ്പോലെ പ്രകൃതിയുടെ ശബ്ദങ്ങൾക്ക് കാതോർക്കുകയാണ്, മലയാള സംഗീത തറവാട്ടിലെ ഇപ്പാഴത്തെ കാരണവർ എന്നു വിശേഷിപ്പിക്കാവുന്ന എം.കെ. അർജുനൻ. ഹൃദയം പകർന്ന ഈണങ്ങളിലൂടെ ഓർമ്മകളുടെ മണിവാതിൽ അദ്ദേഹം പതുക്കെ തുറന്നിട്ടു. കസ്തൂരി മണമുള്ള ഒരു നനുത്ത കാറ്റ് അതിലൂടെ ഒഴുകിയെത്തി. ജന്മസാഫല്യമെന്നപോലെ ആയിരം മാസങ്ങൾ പിന്നിട്ടിരിക്കുന്നു, ആയിരം പൂർണചന്ദ്രൻമാരെ കണ്ട ആ സാർത്ഥക സംഗീത ജീവിതം. ഇന്ന് അദ്ദേഹത്തിന് എൺപത്തിനാല് വയസ് പൂർത്തിയാകും.
''ഈ നാടിന് നന്മ വരണമെന്നാണ് ആഗ്രഹം, സമാധാനവും. പത്രമെടുത്തു നോക്കിയാൽ കാണുന്ന വാർത്തകൾ ഓർക്കാനും ചിന്തിക്കാനും പറയാനും പറ്റുന്നവയാണോ? നാടിനു സമാധാനവും ശാന്തിയും ഐശ്വര്യവുമുണ്ടാകട്ടെ."" പിറന്നാൾദിനത്തിൽ അദ്ദേഹം പറയുന്നു.
ദുഃഖമേ നിനക്ക് പുലർകാല വന്ദനം
അച്ഛൻ എന്റെ കുഞ്ഞുന്നാളിൽ തന്നെ മരിച്ചു. ഏഴുവയസു മുതൽ ജീവിതം പളനിയിലെ ജീവകാരുണ്യ ആശ്രമത്തിലായിരുന്നു. സഹോദരൻ പ്രഭാകരനും ഒപ്പമുണ്ട്. ആശ്രമത്തിലെ സന്ധ്യാനാമത്തിന്റെ സംഗീതമായിരുന്നു ജീവിതത്തിന്റെ താളം. എട്ടുവർഷത്തോളം സംഗീതം അഭ്യസിച്ചു. ആശ്രമത്തിലെ പത്തമ്പതോളം പേർക്ക് ഭക്ഷണത്തിനു പോലും നിവൃത്തിയില്ലാതായപ്പോൾ ഓരോരുത്തരായി ആശ്രമത്തിൽ നിന്നും പോകാൻ തുടങ്ങി. അണ്ണാമലൈ സർവകലാശാലയിലെ സംഗീത അദ്ധ്യാപകൻ കുമാരപിള്ള സാറാണ് സംഗീതവഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. താൻ പഠിച്ചാൽ സംഗീതം കൊണ്ട് ജീവിക്കും എന്ന് ഗുരുനാഥൻ പറഞ്ഞത് ഇന്നും ഞാൻ മറന്നിട്ടില്ല. ജീവിതത്തിന്റെ ഈ ബുദ്ധിമുട്ടുകളൊക്കെ, പിന്നീട് 'ദുഃഖമേ നിനക്ക് പുലർകാല വന്ദനം കാലമേ... നിനക്കഭിനന്ദനം", 'ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥപറയാം"... തുടങ്ങിയ പാട്ടുകളുടെ ആത്മാവ് തൊട്ടറിഞ്ഞ് സംഗീതം പകരാൻ എന്നെ സഹായിച്ച അനുഭവങ്ങളാണ്.
നാടകസംഗീതത്തിലൂടെ സംഗീതസംവിധാനത്തിലേക്കുള്ള എന്റെ കടന്നുവരവ് തന്നെ നാടകീയമാണെന്ന് പറയാം. കാലം 1958. അന്നത്തെ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട നാടകമായിരുന്നു പള്ളിക്കുറ്റം പൗലോസിന്റെ 'പള്ളിക്കുറ്റം" . അതിനുവേണ്ടി അഞ്ചാറു പാട്ടുകൾ ഒരുക്കിയിരുന്നു. ആ നാടകം വിവാദമായപ്പോൾ മറ്റൊരു സംഘം ആ നാടകത്തിനെതിരെ 'എന്നിട്ടും കുറ്റം പള്ളിക്ക് "എന്ന പേരിൽ വേറൊരു നാടകം തയാറാക്കി. അതിന്റെ സംഗീതസംവിധാനവും ഞാനാണ് ചെയ്തത്. അങ്ങനെ നോട്ടീസുകളിലും പത്രങ്ങളിലും എന്റെ പേര് അച്ചടിച്ചു വന്നു. പലരും കാണാനും അന്വേഷിച്ചുവരാനുമൊക്കെ തുടങ്ങി. സംഗീതജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ശ്രദ്ധ നേടാൻ കഴിഞ്ഞു. പിന്നീട് കെ.പി.എ.സി, കാളിദാസ കലാകേന്ദ്രം, ചങ്ങനാശേരി ഗീഥ, ആലപ്പി തീയറ്റേഴ്സ്, മാളവിക, പീപ്പിൾസ് തീയറ്റേഴ്സ് കായംകുളം തുടങ്ങി ഒട്ടേറെ നാടകസംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു.
സൂര്യനും ചന്ദ്രനും
അങ്ങനെയിരിക്കെയാണ് അറുപതുകളിൽ ദേവരാജൻമാസ്റ്ററിന് ഹാർമോണിസ്റ്റ് വേണമെന്ന് പറഞ്ഞ ് ആളുവരുന്നത്. മാസ്റ്റർ അന്ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിനു വേണ്ടി പ്രവർത്തിക്കുകയായിരുന്നു. ദേവരാജൻ മാസ്റ്ററെ കാണുന്നതിന് മുമ്പ് അദ്ദേഹത്തെ മാനസഗുരുവായി കരുതി ആരാധിച്ചിരുന്നു. കാരണം 'മുടിയനായ പുത്രൻ" എന്ന നാടകത്തിലെ 'തുഞ്ചൻ പറമ്പിലെ തത്തേ..." എന്ന അവതരണഗാനം എന്നെ അത്രമേൽ ആകർഷിച്ചിരുന്നു. അന്നു മുതൽ അദ്ദേഹത്തെ ഒന്നു കാണണമെന്ന മോഹം ഉത്ക്കടമായിരുന്നു. ആ ആഗ്രഹവും മനസിലിട്ട് നടക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാനുള്ള അപൂർവഭാഗ്യം എന്നെ തേടിയെത്തിയത്. മുജ്ജന്മ ബന്ധം പോലെയുള്ള ഒരു സുകൃതമായിരുന്നു അത്. അങ്ങനെ 1968 കഴിഞ്ഞപ്പോഴാണ് എനിക്ക് ആദ്യമായി സിനിമയിൽ സംഗീത സംവിധാനത്തിനുള്ള അവസരം ലഭിച്ചത്, 'കറുത്തപൗർണമി". ആ സിനിമ വലിയൊരു നിമിത്തമായിരുന്നു. ഒരുപാട് സിനിമകൾ ഒന്നൊന്നായി പിന്നാലെ വന്നു.
സ്നേഹത്തിൻ പൊൻവിളക്കേ
തമ്പിസാറുമായുള്ള ബന്ധം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണ്. 'കറുത്തപൗർണമി" യ്ക്കു ശേഷം എന്റെ പാട്ടുകൾ കേട്ട്, അതിനു മുമ്പ് ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത തമ്പിസാർ, ഒരു അകന്ന പരിചയം പോലുമില്ലാതിരുന്നിട്ടും എന്നെ ഒരു നിർമ്മാതാവിന് മുന്നിൽ ശുപാർശ ചെയ്തു. ഇന്നത്തെ കാലത്ത് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു പ്രവൃത്തിയാണ് അന്നദ്ദേഹം ചെയ്തത്. കഴിവുള്ളവരെ അംഗീകരിക്കാനുള്ള മനസാണ് ഏറ്റവും വലിയ പ്രത്യേകത. 'കറുത്തപൗർണമി" യിൽ ഭാസ്കരൻ മാഷിന്റെ കവിത ട്യൂൺ ചെയ്തതുകേട്ട് തമ്പിസാർ എന്നെ കുറിച്ച് അന്വേഷിച്ച് കണ്ടുപിടിക്കുകയായിരുന്നു. എന്റെ സംഗീതജീവിതത്തിൽ തന്നെ അത്രമാത്രം സ്നേഹം പകർന്ന മറ്റൊരാളില്ല. അന്ന് സാധാരണനിലയിൽ പിന്നാലെ നടന്ന് കാലുപിടിച്ചാലൊക്കെയാണ് ഒരവസരം ലഭിക്കുന്നത്. 'റെസ്റ്റ് ഹൗസ്" എന്ന ചിത്രത്തിലേക്ക് പുതിയ ആളെ വേണമെന്ന് പ്രൊഡ്യൂസർ കെ.പി. കൊട്ടാരക്കര പറഞ്ഞപ്പോൾ ഒരാളെ ഞാൻ തരാം എന്നു പറഞ്ഞ് ആ സിനിമയിലേക്ക് തമ്പി സാർ ക്ഷണിക്കുകയായിരുന്നു. ആ ഹൃദയബന്ധം ഇന്നും അതേ പോലെയുണ്ട്. ഞങ്ങൾ 250 പടങ്ങളോളം ഒന്നിച്ചു ചെയ്തു. ഓരോ ഗാനവും ഓരോ ഓർമ്മകളാണ്. ഈയടുത്ത് അദ്ദേഹം വന്നപ്പോൾ പുതിയ പാട്ടുമായി വരാമെന്ന് പറഞ്ഞാണ് ഇവിടെ നിന്നും പോയത്.
രാഗം താനം പല്ലവി
വാർദ്ധക്യത്തിന്റെ അവശതകളുണ്ട് ഇപ്പോൾ. എങ്കിലും മനസ് സംഗീതസാന്ദ്രമാകുമ്പോൾ അതൊന്നും ഗൗനിക്കാറില്ല. കെ.പി.എ.സി, വെഞ്ഞാറമൂട് സൗപർണിക എന്നീ നാടകസമിതികൾക്കുവേണ്ടി ഈയടുത്ത് പാട്ടുകൾ ഒരുക്കിയിരുന്നു. മൂന്ന് പ്രണയഗാനങ്ങൾക്കും സംഗീതം നൽകി. പഴയകാല സംഗീതസംവിധാനത്തിന്റെ ചിട്ട നയൻ ടു വൺ എന്ന കോൾ ഷീറ്റിലായിരുന്നു. രാവിലെ ഒൻപതിന് സ്റ്റുഡിയോയിൽ ചെല്ലും. നമുക്ക് ഒരു പത്ത് മുപ്പത് ഇൻസ്ട്രുമെന്റ് വേണം. മദ്രാസ് എ.വി.എം സ്റ്റുഡിയോയിലായിരിക്കും റെക്കാഡിംഗ്. പത്തുദിവസം മുമ്പ് തന്നെ ഇൻ ചാർജിനെ വിളിച്ച് ഏർപ്പാടാക്കും. പറഞ്ഞ സമയത്ത് ഓർക്കസ്ട്ര റെഡി ആയിരിക്കും. അസിസ്റ്റന്റ് ആർ.കെ. ശേഖർ ആയിരുന്നു. ഇൻസ്ട്രുമെന്റ് വായിക്കേണ്ട നോട്സ് ശേഖറിനെ ഏൽപ്പിക്കും. യേശുദാസ്, സുശീല... ആരാണോ ആ സിനിമയ്ക്ക് പാടുന്നത് അവർ വരും. ഗായകർക്ക് വേറെ മുറിയുണ്ട്. അവിടെയിരുന്ന് വരികൾ എഴുതിയെടുത്ത് പാട്ടു പഠിച്ച് വരും. ഓർക്കസ്ട്രാക്കാർ നോട്ടെഴുതിയെടുത്ത് റിഹേഴ്സൽ ചെയ്യും. റിഹേഴ്സൽ കഴിഞ്ഞ് സെറ്റ് അപ്പ് എന്നു പറയുമ്പോൾ തബല, വയലിൻ മറ്റ് ഉപകരണങ്ങൾ എന്നിവ വായിക്കുന്ന അതാത് ബൂത്തുകളിൽ പോയിരിക്കണം. അങ്ങനെ നാലഞ്ച് മണിക്കൂർ റിഹേഴ്സൽ ചെയ്താണ് ഒരു പാട്ട് റെക്കോഡ് ചെയ്യുന്നത്. ഇന്നിപ്പോൾ അതൊന്നുമില്ല. ട്രാക്ക് സമ്പ്രദായം വന്നപ്പോൾ ഓരോന്നിനും ഓരോ ട്രാക്കായി. അന്നൊക്കെ പാടുമ്പോൾ എവിടെയെങ്കിലും തെറ്റിയാൽ വീണ്ടും തുടക്കം മുതൽ പാടണം. പത്തും പന്ത്രണ്ടും ട്രാക്കു പാടിയാലാണ് ഫുൾ ട്രാക്ക് ലഭിക്കുന്നത്.
ആയിരം കാതമകലെയാണെങ്കിലും
ഇപ്പോഴത്തെ പാട്ടുകളൊന്നും മനസിൽ നിൽക്കാതെ കടന്നു പോകുന്നതിന് ആരെയും കുറ്റപ്പെടുത്താനാകില്ല. പണ്ടത്തെ പാട്ട് വരുന്നത് നല്ല കഥയിലൂടെയാണ്. അതിന് സിനിമയിൽ നല്ല മുഹൂർത്തം ഉണ്ടാകും, അതനുസരിച്ചാണ് പാട്ടുകൾ ചിട്ടപ്പെടുത്തുന്നത്. കഥാസന്ദർഭത്തിനനുസരിച്ച് ആ പാട്ടിലൊക്കെ നല്ല വരികൾ ഉണ്ടാകും. നല്ല വരികൾ വരുമ്പോൾ തീർച്ചയായും അതൊരു നല്ല പാട്ടാകും. ഇന്നിപ്പോൾ അൻപത് അറുപത് വർഷം പഴക്കമുള്ള പാട്ടുകളാണ് റിയാലിറ്റി ഷോകളിൽ വരെ പാടുന്നത്. പുതിയ പാട്ടുകൾ വന്നയുടൻ കേൾക്കാൻ രസമുണ്ടാകും. കുറേ നാൾ കഴിയുമ്പോൾ പിന്നെ മറ്റൊരു പുതിയ പാട്ട് വരും. നേരത്തെ പാടിയ പാട്ട് മറവിയിലാകും. അങ്ങനെ... കേൾവിക്കാരാണോ, കാശുമുടക്കി പാട്ടു ചെയ്തവരാണോ, പാടിയവരാണോ കുറ്റക്കാർ എന്നൊന്നും പറയാനൊക്കില്ല. പണ്ട് ആസ്വാദനത്തിന് പാട്ടു മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ... ഇന്നിപ്പോൾ അതല്ലല്ലോ സ്ഥിതി. കേൾവിക്കാർക്ക് ഒരുപാട് കേൾക്കാനും കാണാനും ഇന്ന് വേറെ എത്രയോ സംഗതികളുണ്ട്. കവിതയായാലും പാട്ടായാലും ആർക്കും എളുപ്പം ചെയ്യാൻ പറ്റുന്ന ഒന്നല്ല. വാക്കുകളുടെ ക്ഷാമം ഉണ്ടാകരുത്. ഭാഷ ശുദ്ധമായിരിക്കണം.
ഗിരീഷ് പുത്തഞ്ചേരി ഒരുപാട് നല്ല പാട്ടുകൾ തന്നില്ലേ. ട്യൂൺ ഇട്ടുകൊടുത്താലും അയാൾ നന്നായി പാട്ടെഴുതും, നല്ലവണ്ണം പാടുകയും ചെയ്യും. നല്ല പദങ്ങൾ ഒന്നിനോടൊന്നു ചേരുമ്പോൾ മനോഹരമായ വരികൾ ഉണ്ടാകും. ഒരു പാട്ടിന്റെ നാല് വരി പാടിക്കഴിയുമ്പോൾ ഒരു ചിത്രം തെളിഞ്ഞുവരണം. എങ്കിലേ നല്ല പാട്ടുണ്ടാവൂ. അതിനൊപ്പിച്ച് നല്ല സംഗീതവും നല്ല ഗായകരും വരും. ഔസേപ്പച്ചന്റെയും എം.ജയചന്ദ്രന്റെയും പാട്ടുകൾ നല്ലതാണ്. കഴിഞ്ഞ വർഷം 60- 70 സംഗീത സംവിധായകർ വന്നു, അതുപോലെ എഴുത്തുകാരും. ആരാണെന്ന് അറിയില്ല! എന്റെ പാട്ടുകൾ കൂടുതലും സുശീലാമ്മയും ജാനകിയമ്മയും ആണ് ആദ്യമൊക്കെ പാടിയത്. പിന്നീടാണ് പ്രൊഡ്യൂസറിന്റെ താത്പര്യപ്രകാരം മറ്റുള്ളവരെത്തിയത്. പണ്ട് എല്ലാം തീരുമാനിക്കാൻ ഒരു പ്രൊഡ്യൂസർ ഉണ്ടായിരുന്നു. കലാമൂല്യം മനസിലാക്കിയാണ് ഓരോരുത്തരെയും തിരഞ്ഞെടുത്തിരുന്നത്. ഇപ്പോൾ കലാബോധമൊന്നും വേണ്ട, കാശ് മതി പ്രൊഡ്യൂസറാകാൻ എന്നതാണ് അവസ്ഥ. പ്രൊഡ്യൂസേഴ്സും കാണികളും നിശ്ചയിക്കട്ടെ നല്ല പാട്ടുകൾ വേണമോ എന്ന്.
സംഭാഷണം പൂർത്തിയാക്കി പുറത്തേക്കിറങ്ങുമ്പോൾ ഹൃദയം തൊടുന്ന ഈണങ്ങളൊരുക്കിയ ആ ഇടതു കൈ ഒന്നു ചുംബിച്ചു, തൊട്ടു തൊഴുതു. എത്രയോ മണിക്കൂറുകൾ ഹാർമോണിയത്തിന്റെ ബെല്ലോകളെ തഴുകിയ ഇടത്തേ കൈകൾ.... അപ്പോൾ കീബോർഡുകൾ താലോലിച്ച ആ വലത്തേ കൈകൾ തലയിൽ തൊട്ടു, അനുഗ്രഹമെന്ന പോലെ.
(ലേഖകന്റെ ഫോൺ: 9633306218)