സാമൂഹ്യമാദ്ധ്യമങ്ങളെ സംഗീതപഠനത്തിന് പ്രയോജനപ്പെടുത്തി നിരവധി ശിഷ്യരെയും ആസ്വാദകരെയും രാഗാധിഷ്ഠിത പാഠങ്ങളിലൂടെ കർണാടക സംഗീത രംഗത്തേക്ക് അടുപ്പിച്ച കാഞ്ഞങ്ങാട് ശങ്കരൻ നമ്പൂതിരിക്ക് ഹൈടെക് സംഗീത ഗുരുവെന്ന പേരായിരിക്കും ഏറെ യോജിക്കുക. ഒരേ രാഗത്തിലുള്ള വർണങ്ങൾ തൊട്ട് ശാസ്ത്രീയ, അർദ്ധശാസ്ത്രീയ, ഭക്തി, ലളിത, നാടക, സിനിമ ഗാനങ്ങൾ, കൃതി, കഥകളി പദങ്ങൾ, കീർത്തനങ്ങൾ, തില്ലാനകൾ തുടങ്ങി സംഗീതവുമായി ബന്ധപ്പെട്ടതെല്ലാം തേടിപിടിച്ച് വാട്സ് ആപ്പിൽ പോസ്റ്റ് ചെയ്യുന്നതിനൊപ്പം സംഗീത പ്രേമികൾക്കായി ഓരോ രാഗത്തെക്കുറിച്ചുള്ള വിവരണങ്ങളും മറ്റു സംഗീത സംബന്ധിയായ ലേഖനങ്ങളും നൽകുന്നു. സംഗീതോപാസന എന്ന പേരിൽ ആരംഭിച്ച സാമൂഹ്യ മാദ്ധ്യമ കൂട്ടായ്മക്ക് ലോകം മുഴുവൻ ആസ്വാദകരും ശിഷ്യഗണങ്ങളുമുണ്ട്. ഓരോ രാഗപഠനത്തിന്റെയും അവസാനം പരീക്ഷ നടത്തി മാർക്കു നൽകിയാണ് നേരിട്ട് കാണാത്ത ശിഷ്യരെ സംഗീതലോകത്തേക്ക് ശങ്കരൻ നമ്പൂതിരി ഉയർത്തുന്നത്.
പ്രമുഖ സംഗീതജ്ഞരുടെ ഓർമ്മ ദിവസങ്ങൾ തേടിപ്പിടിച്ച് അവരുടെ സംഭാവനകൾ വിലയിരുത്തും. എഴുതിയ പാട്ടുകൾ, പാട്ടിന്റെ പ്രത്യേകതകൾ, അവരെക്കുറിച്ചുള്ള ലേഖനങ്ങൾ, കലാസവിശേഷതകളും പാട്ടുമെല്ലാം സംഗീതോപാസന ഗ്രൂപ്പിലൂടെ അവർക്കുള്ള സംഗീതാർച്ചനയാക്കും.
ലോകകവിതാ ദിനമായ മാർച്ച് 21ന് മലയാളത്തിലെ പ്രമുഖ കവികളുടെ കവിതകൾ വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ പാടി പോസ്റ്റ് ചെയ്യും. 2015 ഏപ്രിലിൽ ആരംഭിച്ച വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ ശുദ്ധസംഗീതത്തെ കൂടുതൽ ആസ്വാദകരിലേക്ക് എത്തിക്കുക എന്നതാണ് 'സംഗീതോപാസന"യുടെ ലക്ഷ്യം.
മൺമറഞ്ഞ പ്രശസ്ത സംഗീതജ്ഞർ, കവികൾ, ഗായകർ ഇവരുടെയെല്ലാം ഓർമ്മദിനങ്ങളിലും, ജന്മദിനങ്ങളിലും അവരുടെ സൃഷ്ടികളുടെ പ്രത്യേക അവതരണങ്ങളും ഗ്രൂപ്പിൽ പതിവാണ്. ശങ്കരൻ നമ്പൂതിരിയുമായുള്ള സൗഹൃദത്തിലൂടെയാണ് സംഗീതാസ്വാദകനായ പാലക്കാട് കുമരപുരം സ്വദേശിയും പ്രമുഖ റീട്ടെയ്ൽ കമ്പനിയിൽ ജനറൽ മാനേജരുമായ കെ.ബി. ബാബു സംഗീതോപാസനയിൽ അംഗമാകുന്നത്. ചലച്ചിത്രഗാനങ്ങളുമായി ബന്ധപ്പെട്ട പംക്തിയുടെ ചുമതലക്കാരനായ ബാബു അഞ്ചു വർഷമായി ഈ പംക്തി കൈകാര്യം ചെയ്യുന്നു.
ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി, ജോൺസൺ, രവീന്ദ്രൻ, നൗഷാദ് തുടങ്ങിയ സംഗീതജ്ഞരുടെയും വയലാർ, ഒ.എൻ.വി, യൂസഫലി, പി. ഭാസ്കരൻ തുടങ്ങിയ കവികളുടെയുമെല്ലാം കാവ്യസൃഷ്ടികളുടെ പ്രത്യേക അവതരണങ്ങൾ സംഗീതോപാസന ഗ്രൂപ്പിൽ അവതരിപ്പിക്കപ്പെട്ടു. 2018 ഡിസംബർ 9 ന് ദക്ഷിണാമൂർത്തി സ്വാമിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഗാനം അവതരിപ്പിക്കുമ്പോഴാണ് അത് അദ്ദേഹത്തിന്റെ 99ാമത്തേതാണ് എന്നത് ഗ്രൂപ്പ് അഡ്മിൻ ശങ്കരൻ നമ്പൂതിരിയുടെ ശ്രദ്ധയിൽപ്പെടുന്നത്. സ്വാമിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് നൂറു ഗാനങ്ങൾ അവതരിപ്പിക്കാം എന്ന ആശയം ശങ്കരൻ നമ്പൂതിരിക്ക് തോന്നി, ബാബുവും ഒപ്പം കൂടി. തുടർന്നുള്ള മൂന്നു മാസങ്ങളിൽ സ്വാമിയുടെ ചലച്ചിത്രസംഗീതയാത്രയെക്കുറിച്ചുള്ള പഠനവും വിവരങ്ങളുടെ ശേഖരണവുമായിരുന്നു ഇരുവരും നടത്തിയത്. സ്വാമിയുടെ ജന്മശതാബ്ദിയുടെ ഭാഗമായി സെപ്തംബർ ഒന്നു മുതൽ ഡിസംബർ 9 വരെയുള്ള ദിവസങ്ങളിൽ തിരഞ്ഞെടുത്ത നൂറു ഗാനങ്ങൾ അവതരിപ്പിക്കാമെന്ന് തീരുമാനിച്ചു. സിനിമാ ഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ലളിതഗാനങ്ങൾ എല്ലാം ഉൾപ്പടെ 1300 ഗാനങ്ങളോളം സ്വാമി ചിട്ടപ്പെടുത്തിയിട്ടുണ്ട്.
സ്വാമി ഈണമിട്ട പല രാഗഭാവങ്ങൾ ഉൾക്കൊള്ളുന്ന ഗാനങ്ങൾ ഉണ്ടാവണമെന്ന ഉദ്ദേശത്തോടെ 90 സിനിമാ ഗാനങ്ങൾ, 10 ലളിത/ഭക്തിഗാനങ്ങൾ ജനപ്രിയ ഗാനങ്ങൾ, സംഗീതപരമായ മേന്മയുള്ള മറ്റുഗാനങ്ങൾ എന്നിങ്ങനെ ആദ്യഘട്ട ത്തിൽ 500 ഗാനങ്ങളാണ് തിരത്തെടുത്തത്. നെല്ലും പതിരും മാറ്റി അവസാനം 105 ഗാനങ്ങളുടെ ലിസ്റ്റ് ആക്കി. ലിസ്റ്റ് തയ്യാറാക്കുമ്പോൾ ആദ്യഗാനം ഗണപതി സ്തുതിയായ 'ഓംകാരപ്പൊരുളേ...." എന്നും അവസാനത്തേത് 'സ്വപ്നങ്ങൾ സ്വപ്നങ്ങൾ ..."എന്നും തീരുമാനിച്ചു. ഗ്രൂപ്പുമായി ബന്ധമുള്ള ഗായകരുമായും, ഗ്രൂപ്പ് അംഗങ്ങളുമായും എല്ലാം ബന്ധപ്പെട്ടു ഏതു ഗാനം ആരെല്ലാം എപ്പോൾ പാടിത്തരുമെന്നതിനു ഏകദേശ ധാരണയുണ്ടാക്കി. ഈ ഗാനാർച്ചന സംഗീതോപാസന ഗ്രൂപ്പിൽ അംഗങ്ങളല്ലാത്ത കൂടുതൽ സഹൃദയരിലേക്കെത്തിക്കാനായി ഗ്രൂപ്പ് അംഗം രമേഷ് ഗോപാലകൃഷ്ണന്റെ സഹാത്തോടെ ദക്ഷിണാമൂർത്തി 100 എന്ന ഗ്രൂപ്പ് രൂപീകരിച്ചു. ഇതിൽ സംഗീത തൽപ്പരരായ അനവധി ആസ്വാദകർ അംഗങ്ങളായി.
സുഭാഷ് ചന്ദ്രൻ, ജയരാജ് വാര്യർ, എ.ടി.വാസുദേവൻ പോറ്റി, ദീപാങ്കുരൻ, അയിലൂർ രാമനാഥ്, വി.ടി.മുരളി തുടങ്ങിയ സാഹിത്യ സംഗീത രംഗത്തെ പ്രമുഖരും, പല യുവസംഗീതകാരന്മാർ, ഗായകർ തുടങ്ങിയവരും ഗ്രൂപ്പിന്റെ ഭാഗമായി. അവർ പാടിയതിനൊപ്പം യഥാർത്ഥ ഗാനവും അവതരിപ്പിക്കപ്പെട്ടു. ഓരോ ഗാനവും പോസ്റ്റ് ചെയ്യുന്നതിനൊപ്പം അതിനെക്കുറിച്ചുള്ള കൂടുതൽ പഠനവും, ആസ്വാദനവും ഗ്രൂപ്പിലുണ്ടായി. വിജയദശമി നാളിൽ പ്രശസ്ത സംഗീതകാരൻ രാധാകൃഷ്ണൻ ആലപിച്ച ''മംഗള ദർശന ദായികേ"" എന്ന ദേവീസ്തുതിയും 75-ാമത്തെ ദിവസം സ്വാമിയുടെ പുത്രി ആലപിച്ച ഭക്തിഗാനവും ഗ്രൂപ്പിൽ വന്നു. ഗ്രൂപ്പ് അംഗങ്ങൾ പലരും സ്വാമിയുമായും, സ്വാമി സംഗീതവുമായുമുള്ള അനുഭവങ്ങൾ പങ്കു വച്ചു.
നൂറു ദിവസത്തിലും കൃത്യമായി എന്നും രാവിലെ 10.10 നുള്ളിൽ ഗാനങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഏകദേശം 50 ഗാനങ്ങളുടെ അവതരണത്തിനു ശേഷം, 'റിസർവ് ലിസ്റ്റിൽ " ഉണ്ടായിരുന്ന മറ്റു ഗാനങ്ങളും അവതരിപ്പിക്കപ്പെട്ടു തുടങ്ങി. സംഗീതപ്രേമികളിൽ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചതു കാരണം 100 എന്ന സംഖ്യയ്ക്കുള്ളിൽ സ്വാമി സംഗീതത്തിന്റെ അവതരണം പരിമിതപ്പെടുത്തേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. നൂറാം ദിനമായ ഡിസംബർ 9 ന് ഗ്രൂപ്പ് അഡ്മിൻ ശങ്കരൻ നമ്പൂതിരിയുടെ പാലക്കാടിലെ വീട്ടിൽ വച്ച് 'സ്വപ്നങ്ങൾ സ്വപ്നങ്ങൾ..." എന്ന ഗാനം പോസ്റ്റ് ചെയ്യപ്പെട്ടു.
100ന് പകരം റിസർവ് ഗാനങ്ങൾ ഉൾപ്പടെ 200ഗാനങ്ങളോളം ദക്ഷിണാമൂർത്തി സംഗീതയാത്രയിൽ അവതരിപ്പിക്കപ്പെട്ടു. അംഗങ്ങളുടെ താൽപ്പര്യപ്രകാരം ഗാനങ്ങളുടെ അവതരണം 107 ദിവസങ്ങൾ നീണ്ടു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധേയമായ ഇത്തരമൊരു സംഗീതാർച്ചന ആദ്യമായിരുന്നു.
കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ പദവി ദക്ഷിണാമൂർത്തി സംഗീത പുരസ്കാരം, മുത്തുസ്വാമി ദീക്ഷിതർ ജയന്തി ആഘോഷത്തിൽ ഗുരുഗുഹരത് പുരസ്കാരവും ലഭിച്ച ശങ്കരൻ നമ്പൂതിരി ഗാനഭൂഷണും ഗാനപ്രവീണയും ഒന്നാം ക്ലാസോടെയാണ് വിജയിച്ചത്.