സിംഗപ്പൂരിലെയോ മലേഷ്യയിലേയോ പോലൊന്നും പാർക്കിംഗിന്റെ കാര്യത്തിൽ നാം ഇതുവരെ പുരോഗമിച്ചിട്ടില്ല. നാലുവരിയോ ആറുവരിയോ പാതകൾ എത്രയും വേഗം നമുക്കുമുണ്ടാകട്ടെ. എന്നിട്ടുവേണ്ടേ റോഡിന്റെ രണ്ടുവശത്തും നമുക്ക് കാറുകൾ പാർക്ക് ചെയ്യാൻ!
ഇനി പാർക്കിംഗും ഈ ചിത്രവും തമ്മിലെ കാര്യം പറയാം. ഇന്നത്തെ നിലയിൽ ഡിഫ്യൂസറോ ഫിൽറ്ററോ ഇട്ടെടുത്ത ഒരു ടോയ് കാറിന്റെ ചിത്രമെന്നേ ഒറ്റനോട്ടത്തിൽ തോന്നുകയുള്ളൂ! കുറച്ചുനാൾ മുമ്പ് ഞാനും ഭാര്യയും കൂടി ഊട്ടിയിൽ നിന്നും ബാംഗ്ലൂരിലേക്കു പോയിരുന്നു. ഊട്ടി മൈസൂർ റോഡിലൂടെയാണ് യാത്ര. വന്യജീവി സങ്കേതങ്ങളായ മുതുമല, ബന്ദിപ്പൂർ, നാഗർഹോള വനപ്രദേശത്തുകൂടിയാണ് റോഡുപോകുന്നത്. ആനകൾ, മാൻ, മയിൽ, കുരങ്ങുകൾ, കാട്ടുപോത്ത് തുടങ്ങിയവയെ മിക്കസമയങ്ങളിലും റോഡിന്റെ ഇരു വശങ്ങളിലും കാണാം. ആ പ്രതീക്ഷയിൽ കാമറകൾ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ പാകത്തിൽ സജ്ജമാക്കി കാറിൽ ഒരുക്കിയിരുന്നു. അങ്ങനെ മുതുമല എത്തിയപ്പോൾ കുറെ മാനുകളെയും മയിലുകളെയും കിട്ടി. പിന്നെയും കുറച്ചു മുന്നോട്ടുപോകുമ്പോൾ ഒരുപറ്റം സിംഹവാലൻ കുരങ്ങുകൾ കുറെ മരത്തിലും ചിലതു തറയിലുമായി ഇരിക്കുന്നതുകണ്ട് ഡ്രൈവർ കാർ അല്പം നിഴലിലേക്കു ഒതുക്കിനിർത്തി. അവയുടെ കുറെ പടങ്ങൾ എടുത്തു. അവർക്കു ഇത് നിത്യ സംഭവമായതിനാലാവണം വലിയ ഭയപ്പാടോ ബഹളമോ ഇല്ലായിരുന്നു.
എന്നാൽ അതിൽ ചിലവിദ്വാൻമാർ കാറിനടുത്തേക്കു വന്നു എത്തി നോക്കി. ഭക്ഷണമെന്തെങ്കിലും കിട്ടുമോ എന്നായിരുന്നു ഈ നോട്ടത്തിന്റെ ഉദ്ദേശം. അങ്ങനെ രണ്ടുകാലിൽ എഴുന്നേറ്റു നിന്ന് നോക്കിയ ഒരെണ്ണത്തിന്റെ കണ്ണിലെ പ്രതിഫലനമാണ് ഇത്. കാറിലിരുന്നുകൊണ്ടുതന്നെ കിട്ടാവുന്നത്ര ക്ളോസപ്പിൽ അതിന്റെ കൃഷ്ണമണിയുടെ ചിത്രം എടുത്തു. യാത്ര കഴിഞ്ഞ് അടുത്തദിവസം ഫോട്ടോകൾ ഡൗൺലോഡ് ചെയ്തുകണ്ടപ്പോഴാണ് വളരെ അപൂർവമായ ഒരു ചിത്രമാണ് കിട്ടിയിരിക്കുന്നതെന്ന് മനസിലായത്. ആ കുരങ്ങിന്റെ കണ്ണിലെ കൃഷ്ണമണിയിൽ ഞങ്ങൾ ഇരുന്ന കാറും മരത്തണലും കാറിൽ സൂര്യപ്രകാശം പതിച്ച ഭാഗങ്ങളുമൊക്കെ വ്യക്തമായി കിട്ടിയിരിക്കുന്നു. ഒരു നല്ല വൈഡ് ആംഗിൾ ലെൻസ് പോലെ ആ കൃഷ്ണമണിയും അതിലെ കാറിന്റെ രൂപം നല്ല ഷാർപ്പായും കിട്ടിയിരുന്നു.