വായ്ക്കാട്ട് ഭവനത്തെപ്പറ്റി ഒരുപാട് കേട്ടിരുന്നു. അവിടെപോകണമെന്നും ഗുരുദേവന്റെ അനുഗ്രഹത്താൽ ഇന്നും കടൽ ആക്രമിക്കാത്ത ആ ധന്യഭൂമി കാണണമെന്നുമുള്ള ഉൾക്കടമായ ആഗ്രഹം ഇപ്പോഴാണ് സാധിച്ചത്. ദൂരെ നിന്നുതന്നെ പഴമയുടെ പ്രൗഢിയോടെ ഓടിട്ട ഇരുനില മാളിക. നിറയെ തെങ്ങിൻ തോപ്പാണ്. വീടുകൾ അപൂർവം. അന്യംനിന്നുപോയ പല സസ്യജാലങ്ങളും അവിടെ കാണാം. തുമ്പികളും ചിത്രശലഭങ്ങളും പാറി പറന്നുനടക്കുന്നു. ഞങ്ങൾ അവിടെ ചെന്നപ്പോൾ ബാലഗോപാലൻ സാർ ഞങ്ങളെ പ്രതീക്ഷിച്ച് അവിടെ ഉണ്ടായിരുന്നു.
എല്ലാവരും സ്വാമിയുടെ കഥകൾ കേൾക്കാൻ ആകാംക്ഷാഭരിതരായിരുന്നു. ശങ്കരൻ പിതാമഹന്റെ കാലത്തുനിന്നാണ് കഥ തുടങ്ങുന്നത്. അന്ന് ഇവിടെനിന്നും ചേറ്റുവപാലം വരെയുള്ള സ്ഥലം ശങ്കരൻ പിതാമഹന്റേതായിരുന്നു. ഒരു ദിവസം കടൽകയറി വരുന്നതുകണ്ട് അപ്പൂപ്പൻ വിഷമിച്ചു. സ്വാമി കൂർക്കഞ്ചേരി അമ്പലത്തിലുണ്ടെന്ന് ശങ്കരൻ മുത്തച്ഛന് അറിയാമായിരുന്നു. അദ്ദേഹം ഒരു ഓടി വള്ളത്തിൽ കയറി കൂർക്കഞ്ചേരിയിൽ എത്തി. ആദ്യമായാണ് അദ്ദേഹം സ്വാമിയെ കാണുന്നത്. സ്വാമിക്കുചുറ്റും ആളുകൾ ഉണ്ട്. സ്വാമിയുടെ മുഖത്തെ തേജസ് കണ്ടപ്പോൾ ഇതുതന്നെ ശ്രീനാരായണഗുരുദേവൻ എന്ന് ഉറപ്പിച്ചു. സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് പറഞ്ഞു - ''അടിയന്റെ ദ്വീപ് കടലെടുത്തുകൊണ്ടുപോകുന്നു; കുറച്ചുകഴിഞ്ഞാൽ വീടും കൂടി കടലെടുക്കും. സ്വാമി ഒന്നുവരണം. "" നാം വന്നാൽ കടലാക്രമണം നിൽക്കുമോ ശങ്കരാ? എന്ന് സ്വാമിയുടെ മറുചോദ്യം. ''നിൽക്കും സ്വാമി! നിന്നില്ലെങ്കിൽ അത് അടിയന്റെ കർമ്മഫലമാണെന്ന് കരുതിക്കൊള്ളാം."" എന്ന് ശങ്കരൻ മുത്തച്ഛൻ മറുപടി പറഞ്ഞു. സ്വാമി ബോധാനന്ദസ്വാമിയെ നോക്കി പറഞ്ഞു: ''ബോധാനന്ദൻ, ശങ്കരന്റെ കൂടെ പോകൂ; നാം അവിടെ എത്തിക്കൊള്ളാം.""
ബോധാനന്ദസ്വാമി ശങ്കരൻ മുത്തച്ഛന്റെ കൂടെ വായ്ക്കാട്ട് വരുമ്പോൾ കടൽ ഇരച്ചുവരുകയാണ്. ബോധാനന്ദസ്വാമി കടലിനെ നോക്കി ഗുരുവിനെ സ്മരിച്ച് ഒരു പായ വിരിച്ച് അവിടെ കിടന്നു. കടൽ ബോധാനന്ദസ്വാമിയുടെ അടുത്തുവന്നുനിന്നു. ബോധാനന്ദസ്വാമിക്ക് യോഗവിദ്യവശമായിരുന്നതുകൊണ്ട് ശ്വാസോച്ഛ്വാസം പോലും നിയന്ത്രിച്ചിരുന്നു. രാത്രിയായപ്പോൾ ആളുകൾ എല്ലാം പിരിഞ്ഞുപോയി. ശങ്കരൻ അപ്പൂപ്പനും മകൻ ഭോജരാജനും മാത്രമായി. ബോധാനന്ദസ്വാമി മുപ്പത്തിയാറ് മണിക്കൂർ അങ്ങനെ കിടന്നു. അപ്പോൾ ഗുരുദേവൻ എഴുന്നള്ളി. സ്വാമി, ബോധാനന്ദസ്വാമിയുടെ കാലിൽ ചുവട്ടിൽ വന്ന് ധ്യാനിച്ചു നിന്നു. ആ സമയത്ത് അഭൗമമായ തേജസായിരുന്നു ഗുരുദേവന്റെ മുഖത്ത്. സൂര്യനെ നോക്കാം, സ്വാമിയുടെ മുഖത്തേയ്ക്ക് നോക്കാൻ പറ്റിയില്ല എന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വാമി കിണ്ടിയിൽ നിന്നും കുറച്ച് ജലം എടുത്ത് കടലിലേക്ക് തളിച്ചു. കടൽ ഉള്ളിലേക്ക് വലിഞ്ഞുതുടങ്ങി. ''നിഷ്ഠയോടെ ജീവിക്കൂ ശങ്കരാ, ഒരു പ്രകൃതി ശക്തിയും നമ്മെ ആക്രമിക്കാൻ വരില്ല"" എന്ന് സ്വാമി അരുളി ചെയ്തു. കടൽ എടുത്ത മണ്ണെല്ലാം തിരികെ കൊണ്ടുവന്നിട്ടു. മല പോലെയായി. അദ്ധ്വാനിക്കാൻ തയ്യാറായവർ ആ മണ്ണുകൊണ്ട് ഒറ്റുകായൽ നികത്തി വീടുവച്ചു. 1971-ൽ ഗവൺമെന്റ് അവർക്ക് പട്ടയം കൊടുത്തു. ഇന്ന് ഭവനരഹിതരായി ഈ പ്രദേശത്ത് ആരും തന്നെ ഇല്ല.
ഒരു വർഷം കഴിഞ്ഞ് എൺപത്തിയഞ്ചാമത്തെ വയസിൽ ശങ്കരൻ അപ്പൂപ്പൻ ദിവംഗതനായി. ബോധാനന്ദസ്വാമി കിടന്ന സ്ഥലത്താണ് ശങ്കരൻ അപ്പൂപ്പന്റെ സമാധി. കല്ലറ കെട്ടി ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. ശങ്കരൻ പിതാമഹന്റെ മകൻ ഭോജരാജൻ, ഭാര്യ നാരായണി. അവർ തറവാട്ടിൽ ഉണ്ടായിരുന്ന സമയത്ത് മൂന്നുപ്രാവശ്യം ഗുരുദേവൻ അവിടെ എഴുന്നള്ളി. ഗുരുദേവൻ വീട്ടിൽ വരുമ്പോൾ നാരായണി മുത്തശി മുറ്റത്ത് വേറെ അടുപ്പുകൂട്ടിയായിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നത്. നാട്ടുകാർക്കെല്ലാം അത്താണിയായിരുന്നു വായ്ക്കാട്ട് ഭവനം.
ഒരിക്കൽ ആ നാട്ടിലെ തെങ്ങുകൾക്കെല്ലാം രോഗം വന്ന് മണ്ട മുരടിച്ചു. പട്ടകളെല്ലാം വീണ് കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഇവിടുത്തെ ആളുകളുടെ ഉപജീവനമാർഗം തേങ്ങ കച്ചവടമായിരുന്നു. വലിയ കേവുവള്ളങ്ങളിൽ തേങ്ങ കയറ്റി മട്ടാഞ്ചേരിയിൽ കൊണ്ടുപോയി വിൽക്കും. തെങ്ങുകളെല്ലാം കേടായതോടെ ആളുകളെല്ലാം വിഷമത്തിലായി. നാരായണി മുത്തശി ഗുരുസ്വാമിയെ പോയി ഒന്നുകാണാൻ ഭർത്താവിനോട് പറഞ്ഞു. പക്ഷേ, ഭോജരാജന് മടിയായിരുന്നു. എല്ലാവരുടേയും ആവശ്യത്തിലേക്കല്ലേ എന്ന ഭാര്യയുടെ നിർദ്ദേശപ്രകാരം ആലുവ അദ്വൈതാശ്രമത്തിൽ വിശ്രമിച്ചിരുന്ന ഗുരുദേവനെ കാണാൻ ഭോജരാജൻ പോയി. ദൂരെനിന്നും കണ്ടപ്പോൾതന്നെ ''ഭോജരാജൻ എല്ലാവരുടേയും കാര്യത്തിനാണല്ലോ വരുന്നത്"" എന്ന് സ്വാമി അരുളിചെയ്തു. ഒരുദിവസം അവിടെ താമസിക്കാനും പിറ്റേദിവസം പുറപ്പെടാമെന്നും സ്വാമി പറഞ്ഞു. പിറ്റേദിവസം രാവിലെ ഭോജരാജൻ വള്ളം തുടച്ച് വൃത്തിയാക്കി സ്വാമിക്ക് ഇരിപ്പിടം ഉണ്ടാക്കി കാത്തുനിന്നു.
സ്വാമി വന്ന് വള്ളത്തിൽ കയറി ഇരുന്നു. ഭോജരാജൻ നിന്നതെയുള്ളൂ. കുറച്ചുകഴിഞ്ഞപ്പോൾ ''ഭോജരാജൻ അവിടെ ഇരിക്കൂ"" എന്ന് സ്വാമി പറഞ്ഞതനുസരിച്ച് അദ്ദേഹം സ്വാമിക്ക് അഭിമുഖമായി ഇരുന്നു. സ്വാമി വായ്ക്കാട്ട് ഭവനത്തിൽ എത്തി മൂന്നുപ്രാവശ്യം മേൽപ്പോട്ട് നോക്കി നീട്ടി കൈവീശി, പെട്ടെന്നുതന്നെ സൂര്യനെ മറച്ചുകൊണ്ട് അവിടെ കാർമേഘം വന്നു നിറഞ്ഞു. ഒരു പറ്റം കിളികൾ ആ പ്രദേശത്താകെ വന്നുനിറഞ്ഞു. ചെറിയ കിളികളായിരുന്നു അത്. ചെറിയ വാലും ചെറിയ രണ്ട് ചിറകും ചെറിയ തലയും വലിയ കൊക്കുമുള്ള കിളികൾ. കുറേനേരം അവ പറന്നു നടന്ന് തെങ്ങിന്റെയും, മറ്റ് വൃക്ഷലതാദികളുടെയും പുഴുക്കളെ തിന്നുതീർത്തു. അതോടെ തെങ്ങുകളുടെ അസുഖവും മാറി. ഇന്നും യാതൊരുകേടും ഇല്ലാതെ ആ പ്രദേശത്തിലെ തെങ്ങുകൾ കായ്ഫലം തരുന്നു. ഇതിനുമുമ്പോ, പിമ്പോ ഇത്തരം കിളികളെ ആരും കണ്ടിട്ടില്ല.
സ്വാമി അവിടെ ഉണ്ടായിരുന്ന സമയത്ത് ഒരു ആൾ ഭക്ഷണം കഴിക്കാൻ വന്നു. പേരു ചോദിച്ചപ്പോൾ അക്ഷരസ് ഫുടതയില്ലാതെ പറഞ്ഞു. ''ഭോജരാജാ, ഭക്ഷണം മാത്രമല്ല, വെളിച്ചവും നിറക്കണം"" എന്ന് ഗുരു അരുളിചെയ്തു. കേട്ടുനിന്നവർക്ക് മനസിലായില്ല; ഭോജരാജന ് മനസിലായി, വിദ്യ കൊടുക്കണമെന്നാണ് പറഞ്ഞത്. അങ്ങനെ ഒരു സ്കൂൾ തുടങ്ങി. കുറച്ചകലെയായി അവരുടെതന്നെ സ്ഥലമുണ്ടായിരുന്നു. 'തിരുനാരായണസ്കൂൾ" എന്നാണ് നാമകരണം ചെയ്തത്. അഞ്ചാംക്ലാസുവരെ ആയിരുന്നു അവിടെ വിദ്യാഭ്യാസം. കുട്ടികൾ അഞ്ചാം ക്ലാസ് പാസായതോടുകൂടി അവിടത്തെ അറുപതോളം ആളുകൾ ചേർന്ന് അതിനടുത്തുതന്നെ ഒരു ഹൈസ്കൂൾ തുടങ്ങി.
ഭോജരാജന് നാലുമക്കളായിരുന്നു. അതിൽ മൂത്തകുട്ടിക്ക് എന്നും വയറുവേദനയായിരുന്നു. സ്വാമി അവിടെ ഉണ്ടായിരുന്നപ്പോൾ കുട്ടി കരഞ്ഞുകൊണ്ടേയിരുന്നു. നാരായണിമുത്തശി കുട്ടിയെ സ്വാമിയുടെ അടുത്ത് കൊണ്ടുനിറുത്തി വിവരം പറഞ്ഞു. സ്വാമി കുട്ടിയെ പിടിച്ച് അടുത്തുനിറുത്തി ഒരു പഴം കൊടുത്തു. പഴം കഴിച്ചപ്പോൾ വയറുവേദന മാറി. പക്ഷേ, കുട്ടി സ്വാമിയെ നോക്കി ചിരിച്ചുകൊണ്ടേ നിന്നു. സ്വാമി കുട്ടിയുടെ ശിരസിൽ കൈവച്ചു. ''നന്നായി വരും കൃഷ്ണ"" എന്ന് അനുഗ്രഹിച്ചു. അതുവരേയും കുട്ടിക്ക് പേര് ഇട്ടിട്ടില്ലായിരുന്നു. ആ കുട്ടിയാണ് പിന്നീട് ബ്രഹ്മശ്രീ കൃഷ്ണൻ വൈദ്യർ എന്ന് അറിയപ്പെട്ടത്. സിദ്ധവൈദ്യം പഠിച്ചു. വൈദ്യവൃത്തിയിൽ മുഴുകി. രാവിലെ മുതൽ രാത്രി വരെ രോഗികളുടെ പ്രവാഹം ആയിരുന്നു. ഒരു പലകയിട്ട് അതിലിരുന്നായിരുന്നു ചികിത്സ. പ്രതിഫലം ഒന്നും വാങ്ങില്ല. ആളുകൾ ദക്ഷിണയായി എന്തെങ്കിലും വച്ചിട്ടുപോയാൽ വൈകീട്ട് എഴുന്നേൽക്കുമ്പോൾ അത് വകഞ്ഞുമാറ്റി അദ്ദേഹം മുറിയിലേക്ക് പോകും. ഭസ്മം എടുത്ത് ഗുരുവിനെ ധ്യാനിച്ച് കൊടുക്കും. ഏതു മാറാരോഗങ്ങളും കൃഷ്ണൻ വൈദ്യരുടെ ചികിത്സകൊണ്ട് മാറും. ഒരുകുപ്പി പാലിൽ നാലുകുപ്പി വെള്ളം ചേർത്തതും രണ്ട് ഗോതമ്പുദോശയും മാത്രമേ അദ്ദേഹം ഭക്ഷണമായി കഴിച്ചിരുന്നുള്ളൂ. ഭോജരാജന്റെ നാലുമക്കളിൽ ഒരാൾ മാത്രമെ ഗൃഹസ്ഥാശ്രമം സ്വീകരിച്ചുള്ളൂ, കരുണാകരൻ. അദ്ദേഹം സ്കൂൾ മാഷും കോൺഗ്രസ് പ്രവർത്തകനും ആയിരുന്നു. അദ്ധ്വാനിക്കാതെ പണം സ്വീകരിക്കരുതെന്ന ഗുരുവചനം അനുസരിച്ച അദ്ദേഹം പെൻഷൻ പോലും സ്വീകരിച്ചില്ല.
ഗുരു വായ്ക്കാട് ഭവനത്തിൽ ഉണ്ടായിരുന്ന സമയം ഒരു വൃക്ഷത്തിൽ പിടിച്ചുനിന്നുകൊണ്ട് ''ഇത് തണലേകും"" എന്ന് പറഞ്ഞു. തല്ലിത്തേങ്ങ (നാട്ടുബദാം) എന്ന് പേരുള്ള വൃക്ഷമാണിത്. 99-ലെ വെള്ളപ്പൊക്കത്തിൽ വായ്ക്കാട്ട് ഭവനവും ഈ വൃക്ഷവും ഒഴിച്ച് ബാക്കിയെല്ലാം നിലംപൊത്തി. പരിസരത്തുള്ള വീടുകളും വൃക്ഷലതാദികളും തെങ്ങുകളും എല്ലാം.
കരുണാകരൻ മാഷിന്റെ മകനാണ് ഇന്ന് തറവാട്ടിൽ താമസിക്കുന്ന ബാലഗോപാൽ. അദ്ദേഹം എം.എ. എൽ.എൽ.ബി. കഴിഞ്ഞ് സർവീസിൽ കയറിയതാണ്. വാർദ്ധ്യക്യത്തിൽ അച്ഛന്റെ അവശത കണ്ട് അദ്ദേഹവും ഭാര്യയും ജോലി രാജിവച്ച് തറവാട്ടിലേക്ക് വന്നു. ഗുരുപറഞ്ഞതുപോലെ നിഷ്ഠയോടെ അവർ ജീവിക്കുന്നു. സ്വാമി വന്നപ്പോൾ ഉപയോഗിച്ചിരുന്ന മുറി ഇന്ന് അവർക്ക് പൂജാമുറിയാണ്. പിതാമഹന്മാരുടേയും സ്വാമിമാരുടേയും മറ്റ് ദൈവങ്ങളുടേയും ചിത്രങ്ങൾകൊണ്ട് മുറി അലങ്കരിച്ചിരിക്കുന്നു. ഗുരുദേവൻ ശയിച്ചിരുന്ന കട്ടിലിൽ മഞ്ഞപ്പട്ട് വിരിച്ചിരിക്കുന്നു.
ഭോജരാജന്റെ മകളെ ബോധാനന്ദസ്വാമിയുടെ അനുജൻ വിവാഹം കഴിച്ചു. അവരുടെ കുട്ടിക്ക് ഗുരുദേവനാണ് നാമകരണം നടത്തിയത്. കല്യാണി. കഴിഞ്ഞ സുനാമിയിൽപോലും ഇവരുടെ ദ്വീപ് കടലെടുത്തില്ല. ബാക്കി എല്ലായിടവും കടലെടുത്തു. 2018-ലെ പ്രളയകാലത്ത് പന്ത്രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള ആളുകൾ വളർത്തുമൃഗങ്ങളോട് കൂടി പാലായനം ചെയ്തു. ഈ ഒരു കുടുംബം ഒഴിച്ച്. എല്ലാവരും ഇവരെ നിർബന്ധിച്ചു. പക്ഷേ, ഗുരുദേവനെ ധ്യാനിച്ചുകൊണ്ട് ഇവർ മൂന്നുപേരും ഇവിടെത്തന്നെ താമസിച്ചു. വീട്ടിൽ നിന്ന് ഇരുന്നൂറ് മീറ്റർ നടന്നാൽ കടലാണ്. ഇന്ന് കടലാക്രമണം ഉണ്ടാകാതിരിക്കാൻ പാറയിട്ടിട്ടുണ്ട്. നോക്കെത്താദൂരത്തോളം തെങ്ങിൻതോപ്പാണ്. ഇവിടെ പറമ്പുകൾ തമ്മിൽ അതിരുകളില്ല. വേലികെട്ടുകളില്ല. എങ്ങും മോഷണവും ഇല്ല. പകൽ ആളുകൾ എവിടെയെങ്കിലും പോകണമെങ്കിൽ അവർ വീട് പൂട്ടാറുമില്ല. സ്വച്ഛതയോടെ സന്തോഷത്തോടെ ഒരു ഗ്രാമം മുഴുവൻ ജീവിക്കുന്നു ഗുരുകാരുണ്യത്താൽ.
(ലേഖികയുടെ ഫോൺ: 9048010007)