ആ കല്യാണക്കത്തിൽ അമ്മയാണ് ക്ഷണിച്ചിട്ടുള്ളത്. അച്ഛൻ ജീവിച്ചിരിക്കെ മകളുടെ വിവാഹക്ഷണ പത്രികയിൽ നിന്ന് ഒഴിവാക്കപ്പെടുക എത്ര നിർഭാഗ്യകരമാണ്. കത്ത് കിട്ടിയ നാട്ടുകാർ പല അഭിപ്രായക്കാരായിരുന്നു. മക്കൾക്ക് ജന്മം നൽകിയാൽ മാത്രം പോരാ, അവരെ പോറ്റണം. അവർക്കായി കുറച്ചെങ്കിലും സമ്പാദിച്ചുവയ്ക്കണം. അല്ലാതെ അച്ഛനെന്നത് കേവലമൊരു ബഹുമതി മാത്രമാണോ? ഉള്ളതെല്ലാം വിറ്റ് തുലച്ച് പിള്ളേരെ വഴിയാധാരമാക്കിയില്ലേ? വിശ്വനാഥനെപ്പറ്റി ചിലർ അങ്ങനെയൊക്കെ പരാതി പറഞ്ഞു.
കുട്ടിക്കാലത്ത് വിശ്വനാഥൻ കുട്ടികൾ ആവശ്യപ്പെടുന്നതെല്ലാം വാങ്ങിക്കൊടുക്കും. ഉത്സവം കാണിക്കാൻ കൊണ്ടുപോകും. സമയദോഷം കൊണ്ടാകാം ഒന്നും സമ്പാദിച്ചുവയ്ക്കാൻ പറ്റാത്തത്. നേടിയത് ഒലിച്ചു പോകാതിരിക്കാൻ സ്വന്തം കൈകൊണ്ട് തടഞ്ഞാൽ മാത്രം മതിയോ? എന്തായാലും നാലു പേര് കാണുന്ന മകളുടെ കല്യാണക്കത്തിൽ അച്ഛന്റെ പേര് ഒഴിവാക്കാൻ പാടില്ലായിരുന്നു. നാട്ടുകാരിൽ ചിലർ അങ്ങനെ വിലയിരുത്തി. ഭാര്യയ്ക്കും കല്യാണപ്പെണ്ണിനുമെങ്കിലും അങ്ങനെ ചെയ്യരുതെന്ന് പറയാമായിരുന്നു എന്നു പറഞ്ഞവരും കുറവല്ല.
കല്യാണത്തിന് നവവധുവിനെക്കാൾ അറിയാവുന്നപലരും വിശ്വനാഥനെയാണ് ശ്രദ്ധിച്ചത്. പിന്നിലൊരു നിരയിലും ആരാലും ശ്രദ്ധിക്കപ്പെടാതെ അധികമാരും തിരിച്ചറിയാതെ വിശ്വനാഥൻ വിദൂരതയിൽ നോക്കിയിരുന്നു. പാവം തോന്നിയ ചിലർ അടുത്തുവന്ന് കുശലപ്രശ്നം നടത്തി. വിശ്വനാഥന്റെ അനുജനാണ് ചടങ്ങുകളുടെയെല്ലാം ചുക്കാൻ പിടിച്ചത്. ചെലവിൽ നല്ലൊരു പങ്കും അയാളുടെ കൈയിൽ നിന്ന്. അതുകൊണ്ട് തന്നെ അയാൾ കല്പിക്കുന്നതിനപ്പുറം പറയാനോ ചിന്തിക്കാനോ ആർക്കും കഴിയുമായിരുന്നില്ല. രണ്ടുപെൺകുട്ടികളിൽ ഒരാളിന്റെയെങ്കിലും കാര്യം നടന്നാൽ അത്രയുമായല്ലോ എന്ന ചിന്തയായിരുന്നു വിശ്വനാഥന്റെ ഭാര്യയ്ക്ക്. ആ പറയുന്നതിലും ശരിയുണ്ട് എന്ന് പലരും അടക്കം പറഞ്ഞു. അമ്മയുടെയും ഇളയച്ഛന്റെയും കാലിൽ തൊട്ടുവണങ്ങിക്കൊണ്ട് വധു കതിർമണ്ഡപത്തിലേക്ക് കയറിയപ്പോൾ വികാരം നിയന്ത്രിക്കാൻ ഒരൊഴിഞ്ഞ കോണിൽ നിന്ന് ബീഡിവലിക്കുകയായിരുന്നു വിശ്വനാഥൻ.
ചടങ്ങുകളിൽ നിന്ന് മാറി നിന്നതോ മാറ്റിനിറുത്തിയതോ ആയ പിതാവിനെ ഒരു തമാശയെന്ന പോലെ ചിലർ ആസ്വദിച്ചു. മറ്റു ചിലർ ഉള്ളിൽ അത്രയും വേണം എന്ന ചിന്തയോടെ സഹതാപം അഭിനയിച്ചു. ബീഡി പുകഞ്ഞ് തീർന്ന് നിമിഷങ്ങൾകഴിഞ്ഞിട്ടും വിശ്വനാഥന്റെ ചുണ്ടുകൾ പുകയുന്നതുപോലെ തോന്നി. തന്റെ പ്രതിഷേധം പ്രകടിപ്പിക്കാൻ താലികെട്ട കഴിയുമ്പോൾ വിശ്വനാഥൻ ഇറങ്ങിപ്പോകുമെന്ന് ചിലർ കണക്കാക്കിയെങ്കിലും സദ്യയ്ക്ക് കയറുന്നവരുടെ തിരക്കിന് മുന്നിൽ അയാളുണ്ടായിരുന്നു. അറിയാവുന്നവരുടെയെല്ലാം നോട്ടപ്പുള്ളിയെപ്പോലെ.
(ഫോൺ : 9946108220)