ചുട്ടുപൊള്ളുന്ന ചൂടടിക്കുന്നേ!
മനസുപൊള്ളുന്ന ചൂടടിക്കുന്നേ!
ജീവിതസായാഹ്നത്തിൽ കാവ്യരചനാ സപര്യയിലേക്ക് വന്ന അഡ്വ. മഞ്ഞിപ്പുഴ നടരാജന്റെ 'തീക്കാറ്റ് " എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. 'ജീവന ഗീതങ്ങൾ" എന്ന സമാഹാരത്തിലെ രണ്ടാം കവിതയാണ് തീക്കാറ്റ്.
വർത്തമാന കാലത്തിന്റെ നേർസാക്ഷ്യമാണ് തീക്കാറ്റ്. മരമെല്ലാം വെട്ടി, വയലുകളെല്ലാം നികത്തി മണിമാളികകൾ തീർത്തപ്പോൾ അരുവികളും തോടുകളുമെല്ലാം വറ്റിവരണ്ടു. കരയായ കരയൊക്കെ മരുഭൂമിയായിക്കൊണ്ടിരിക്കുന്നു. കുടിനീരു മാത്രമല്ല പ്രാണവായുവും കിട്ടാക്കാലം അകലെയല്ലെന്ന് കവി മുന്നറിയിപ്പു നൽകുന്നു. മഹാപ്രളയം ആവർത്തിക്കുന്നു. കടൽ ഭൂമിയെ വിഴുങ്ങുന്നു. സർവനാശത്തെ ചെറുക്കാൻ ഇനി ഒറ്റ വഴിയേയുള്ളൂവെന്ന് 'ഒത്തുചേരിൻ" എന്ന മറ്റൊരു കവിതയിൽ മഞ്ഞിപ്പുഴ പറയുന്നു. 'അലിവിനുറവ ചുരത്തിടാനായി അതിവേഗമെല്ലാരുമൊത്തുചേരിൻ". കഴിഞ്ഞ തിരുവോണനാളിൽ മഹാബലിയെ സ്വപ്നത്തിൽ ദർശിച്ചതിനെക്കുറിച്ചാണ് 'മഹാബലി" എന്ന കവിത. കൊമ്പൻ മീശയും കുടവയറുമില്ലാത്ത സുന്ദരനായ മഹാബലി. കള്ളവും ചതിവുമില്ലാതിരുന്ന തന്റെ നാട്ടിലും തിന്മതൻ തിര ഒളിപ്പടരുന്നതിൽ ഖിന്നനാണ് മഹാബലി.
കവി മനസിനെ ആർദ്രമാക്കുന്നത് പോയ കാലത്തിന്റെ നന്മകളും പ്രണയത്തിന്റെ മധുരോദാരമായ ഓർമ്മകളുമാണ്. പ്രായം എൺപത്തിമൂന്നിന്റെ പടി കയറുമ്പോഴും പ്രണയമന്ദാരങ്ങൾ സുരഭിലമാണെന്ന് 'പ്രണയ" മെന്ന കവിതയിൽ മഞ്ഞിപ്പുഴ പറയുന്നു. ഛായചിത്രരചനയിൽ അദ്വിതീയനായിരുന്ന ആർട്ടിസ്റ്റ് മഞ്ഞിപ്പുഴ എം.ഐ. വേലുവിന്റെയും ചവറ തെക്കുംഭാഗത്ത് കുമ്പിത്തോടിൽ ദേവസേനയുടെയും മകനായി ജനിച്ച അഡ്വ. മഞ്ഞിപ്പുഴ നടരാജൻ തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിനടുത്ത് 'രാജസുധ" യിലാണ് താമസം.
(ലേഖകന്റെ ഫോൺ: 9497870224, കവിയുടെ ഫോൺ: 9446591411)