കാത്തിരിപ്പിന്റെ മധുരമുണ്ട് നടൻ നരേന്റെ ഓരോ വിജയത്തിന് പിന്നിലും. കൃത്യമായ ഇടവേളകൾക്കിടയിലും അമ്പരപ്പിക്കുന്ന വിജയത്തിളക്കവുമായിട്ടാണ് ഓരോ തവണയും മടങ്ങിവരാറുള്ളത്. അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധികളെയെല്ലാം കാത്തിരിപ്പിലൂടെ തോൽപ്പിച്ച് മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരത്തിന്റെ വിശേഷങ്ങൾ...
കാർത്തിയ്ക്കൊപ്പം കൈദി
പതിനൊന്ന് വർഷം മുൻപ് ചെന്നൈയിലെ സത്യം തിയേറ്റർ കോംപ്ലക്സിൽ ഒരു സിനിമ കാണാൻ പോയപ്പോഴാണ് കാർത്തിയെ ആദ്യം പരിചയപ്പെടുന്നത്. ഏത് സിനിമയാണെന്ന് ഓർമ്മയില്ല. പക്ഷേ കണ്ട സിനിമയെക്കുറിച്ച് പരസ്പരം സംസാരിച്ചപ്പോൾ ഞങ്ങൾ പെട്ടെന്ന് സിങ്കായി. പിന്നെ ഞങ്ങൾ കാണുക പതിവായി. കാർത്തി സെൻസിബിളും പാഷനേറ്റുമാണ്. നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കക്ഷി. പല സിനിമകളും കാണുമ്പോൾ ഈ സിനിമ നമുക്ക് ചെയ്യാമായിരുന്നുവെന്ന് ഞങ്ങൾ രണ്ട് പേരും പരസ്പരം പറയുമായിരുന്നു. പത്ത് വർഷത്തിലേറെ സൗഹൃദമുണ്ടായിട്ടും 'കൈദി"യിലാണ് ഞങ്ങൾക്ക് ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചത്. കൈദിയിലെ പൊലീസ് ഓഫീസറുടെ റോൾ ആരാണ് ചെയ്യുന്നതെന്ന് കഥ കേൾക്കുമ്പോൾ ഡയറക്ടർ ലോകേഷ് കനകരാജിനോട് കാർത്തി ചോദിച്ചു. ഡയറക്ടർ എന്റെ പേര് പറഞ്ഞപ്പോൾ കാർത്തിക്കും സന്തോഷമായി. കാർത്തി തന്നെയാണ് എന്നെ വിളിച്ച് റോളിന്റെ കാര്യം പറഞ്ഞത്. 'അഞ്ചാതെ" യ്ക്കുശേഷം എനിക്ക് കിട്ടുന്ന വലിയ ഒരവസരമായിരുന്നു അത്.
ഞാനും കാർത്തിയും തമ്മിലുള്ള സൗഹൃദം കൈദിയുടെ വിജയത്തിന് ശേഷം കുറേക്കൂടി ദൃഢമായി. കുറേക്കാലങ്ങൾക്ക് ശേഷം എനിക്കേറ്റവും അധികം ഫോൺ കാളുകൾ വന്നത് കൈദി റിലീസായ ശേഷമാണ്. കേരളത്തിൽ നിന്ന് ഒരുപാടുപേർ വിളിച്ചഭിനന്ദിച്ചു.
ഇടവേളകൾക്ക് കാരണങ്ങളുണ്ട്
കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്ക് മലയാളത്തിലും തമിഴിലുമായി ഇരുപതിലേറെ സിനിമകളിലഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയതാണ്. അതെല്ലാം തിരിച്ച് കൊടുക്കേണ്ടി വന്നു. പല കാരണങ്ങളാൽ പ്രോജക്ടുകൾ നടക്കാതെ പോയി. അച്ചുവിന്റെ അമ്മ കഴിഞ്ഞാണ് ഞാൻ തമിഴിലേക്ക് പോകുന്നത്. തമിഴിൽ ഒരു സിനിമ പൂർത്തിയാകുന്നത് പല ഷെഡ്യൂളുകളിലായിട്ടായിരിക്കും. തമിഴിൽ ഞാൻ ആദ്യമഭിനയിച്ച 'ചിത്തിരംപേശുതെടി" പൂർത്തിയാകാൻ ഒമ്പത് മാസമെടുത്തു. രണ്ട് മാസം ഡേറ്റ് കൊടുത്ത സിനിമ തീരാൻ ഒമ്പത് മാസമെടുത്തു. അങ്ങനെ മലയാളത്തിൽ ഒമ്പത് മാസത്തെ ഇടവേള വന്നു.
തമിഴിൽ 'അഞ്ചാതെ" കഴിഞ്ഞ് ചെയ്ത 'പൂക്കട രവി" എന്ന പ്രോജക്ട് ഒമ്പത് മാസം ഷൂട്ട് ചെയ്ത ശേഷം നിറുത്തിവച്ചു. നിർമ്മാതാക്കൾ തമ്മിലുള്ള തർക്കമായിരുന്നു കാരണം. 'തമ്പിക്കോട്ടൈ" എന്ന സിനിമയാണ് അതിന് ശേഷം ചെയ്തത്. കുറേ ആർട്ടിസ്റ്റുകളുണ്ടായിരുന്നതിനാൽ അവരുടെയെല്ലാം ഡേറ്റ് ആറ് മാസത്തേക്ക് ബ്ളോക്ക് ചെയ്തിരുന്നു. ഇരുപത്തിയഞ്ച് ദിവസത്തെ വർക്ക് ബാക്കിയുള്ളപ്പോൾ പ്രൊഡ്യൂസറും ഡയറക്ടറുമായി വഴക്ക് തുടങ്ങി. രണ്ട് പേരും ഒരുമിച്ച് ഒരേ ബഞ്ചിലിരുന്ന് പഠിച്ചവരായിട്ടുകൂടി ഉടക്ക് കടുത്തു. സിനിമയുടെ റിലീസിംഗ് സമയത്ത് പ്രൊഡ്യൂസർ എന്റെ വീട്ടിൽ വന്ന് കരച്ചിലും ബഹളവുമായി. റിലീസ് ചെയ്യാൻ പോലും കാശില്ലാതെ നിർമ്മാതാവ് ബുദ്ധിമുട്ടുകയാണെന്നറിഞ്ഞപ്പോൾ ഞാൻ കുറേ കാശ് തരപ്പെടുത്തി കൊടുത്തു.
ആ സിനിമയുടെ ഡിസ്ട്രിബ്യൂട്ടർ എട്ടു കോടി രൂപയുണ്ടാക്കിയിട്ട് ഒരു രൂപ പോലും തിരിച്ചു തന്നില്ല. ആ സിനിമയിൽ എനിക്ക് വലിയൊരു തുക പ്രതിഫലമായി തരാനുണ്ടായിരുന്നു. അതിനൊപ്പമാണ് ഞാൻ ഫിനാൻസ് എടുത്ത് നൽകിയ തുക. ഡിസ്ട്രിബ്യൂട്ടർ ഞങ്ങളെ പറ്റിച്ചുവെന്ന് അറിയുന്നത് തന്നെ രണ്ട് മൂന്നു മാസം കഴിഞ്ഞ് അയാളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ്. മലയാളിയായതുകൊണ്ട് തന്നെ എന്നെ പിന്തുണയ്ക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല.
പലതും മറികടക്കേണ്ടി വന്നു
നായകനെന്ന നിലയിൽ അടുത്ത ലെവലിലേക്ക് പോകാൻ എനിക്ക് കഴിഞ്ഞില്ല. ഇതിനിടയിൽ 'കത്തുക്കുട്ടി" എന്നൊരു പ്രോജക്ട് വന്നു. എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട പ്രോജക്ടായിരുന്നു അത്. തമിഴ് നാട്ടിലെ കൃഷിക്കാർക്ക് വേണ്ടി പോരാടുന്നൊരു നായകൻ. പക്ഷേ, ആ ചിത്രത്തിന്റെയും സംവിധായകനും നിർമ്മാതാവും തമ്മിൽ വഴക്കായി. വീണ്ടും പഴയ അതേ കഥ! ഞാനാ സിനിമയ്ക്കായി താടിയും മുടിയുമൊക്കെ നീട്ടിവളർത്തിയിരുന്നു. ഒരു ഷുവർഷോട്ട് സാധനമായിരുന്നു അത്. ഹിറ്റായാൽ വേറെ ലെവലിലേക്ക് പോകുമായിരുന്നു. പക്ഷേ റിലീസ് അടുത്തപ്പോൾ കോടതി സ്റ്റേ വന്നു. സിനിമ യഥാസമയം റിലീസ് ചെയ്യാൻ പറ്റിയില്ല. പിന്നീട് ഒരു ബുധനാഴ്ച കോടതി സ്റ്റേ വെക്കേറ്റ് ചെയ്തു. ആ വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യുകയും ചെയ്തു. ഒരു തയ്യാറെടുപ്പുമില്ലാതെ റിലീസ് ചെയ്തതിനാൽ ആ സിനിമയ്ക്ക് ഒരു ഗുണവുമുണ്ടായില്ല.
പ്രതിസന്ധികളിൽ കൂടെ നിന്നവർ
ഭാര്യ മഞ്ജുവിനോടാണ് കൂടുതൽ കടപ്പാട്. അച്ഛനും അമ്മയ്ക്കും എന്താണ് സംഭവിക്കുന്നതെന്ന് ശരിക്കും മനസിലായില്ല. അച്ഛനും അമ്മയും തൃശൂരിലാണ്. ഇങ്ങനെയാണോ സിനിമയെന്നായിരുന്നു അച്ഛന്റെ ചോദ്യം. അഞ്ച് സിനിമ കമ്മിറ്റ് ചെയ്താൽ ഒരെണ്ണം കാൻസലാവുന്നത് സ്വാഭാവികമാണ്. പക്ഷേ, അഞ്ചെണ്ണവും കാൻസലാവുന്നത് അസ്വാഭാവികമാണ്. എന്താണ് അങ്ങനെ സംഭവിക്കുന്നതെന്ന് എനിക്കുതന്നെ മനസിലായില്ല. പിന്നെയല്ലേ അച്ഛനും അമ്മയ്ക്കും. കുട്ടിക്കാലം തൊട്ടേ ആത്മീയതയിൽ താത്പര്യമുണ്ടായിരുന്നു. അതാണ് പിടിച്ചു നിൽക്കാൻ സഹായിച്ചത്.
'മധുരരാജ" യിലും 'ഒടിയനിലു" മൊക്കെ ഗസ്റ്റ് റോളുകളായിരുന്നു. ഗസ്റ്റ് റോളുകൾ ഇനി ചെയ്യേണ്ടെന്നാണ് തീരുമാനം. മലയാളത്തിൽ അടുപ്പിച്ച് കുറേ ഡോക്ടർ വേഷങ്ങൾ ചെയ്തു. എല്ലാം സൗഹൃദത്തിന്റെ പേരിൽ ചെയ്തതാണ്. മലയാളത്തിൽ ഇനി സോളോ ഹീറോയായിട്ടോ സുപ്രധാന വേഷത്തിലോ മാത്രമേ അഭിനയിക്കൂവെന്ന തീരുമാനമെടുത്തിട്ടുണ്ട്. ഏതെങ്കിലും വലിയ സംവിധായകർ വിളിച്ചാലേ പ്രശ്നമുണ്ടാകൂ.