റേഡിയോ ജോക്കിയായും അവതാരകനായും അഭിനേതാവായും പ്രേക്ഷകർക്ക് സുപരിചിതനാണ് കിഷോർ സത്യ. പുതുവർഷത്തിൽ കിഷോറിന്റെ കരിയർ ഗ്രാഫിൽ വലിയൊരു മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. വർഷങ്ങളുടെ പ്രയത്നങ്ങൾക്കൊടുവിൽ 'ഇഷ" എന്ന ചിത്രത്തിലൂടെ മികച്ചൊരു വേഷം ചെയ്തതിന്റെ സന്തോഷത്തിലാണ്. പതിവ് ശൈലിയിൽ നിന്നും വേറിട്ടൊരു ഹൊറർ പരിവേഷവുമായാണ് ഈ സിനിമ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
വെള്ളസാരി പ്രേതമല്ല
നമ്മുടെ നാട്ടിലെ പതിവ് ഹൊറർ ചിത്രങ്ങളിൽ തറവാടും അവിടുത്തെ ആരെങ്കിലും മരിച്ച് ദുരാത്മാവ് ആകുന്നതും ഒരു തിരുമേനിയും പൂജയും പ്രേതബാധ ഒഴിപ്പിച്ചു വിടലുമൊക്കെയാണ് കാണിക്കുന്നത്. എന്നാൽ ഇഷയിൽ അത്തരം ഇമേജുകളൊന്നുമില്ല. വിദേശ ഹൊറർ സിനിമകൾ കണ്ടുപരിചയിച്ച പുതിയ പ്രേക്ഷകരെയാണ് ചിത്രം ഫോക്കസ് ചെയ്യുന്നത്. പതിവു വെള്ള സാരിയുടുത്തു വരുന്ന പ്രേതങ്ങൾ ഇപ്പോഴുള്ളവർക്കൊരു തമാശയായി തോന്നാം. 2020 ലെ പ്രേക്ഷകന് ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലൊരു ശൈലിയിലൂടെയാണ് ഞങ്ങളിതിലെ കഥ പറഞ്ഞിരിക്കുന്നത്.
അവരെല്ലാം സാധാരണക്കാർ
ചിത്രത്തിൽ എന്റെ കഥാപാത്രത്തിന്റെ പേര് ഇംതിയാസ് മുനവറെന്നാണ്. ഞാനൊരു പാരാനോർമൽ ഇൻവെസ്റ്റിഗേറ്ററുടെ വേഷത്തിലാണെത്തുന്നത്. ഗോസ്റ്റ് ഹണ്ടർ എന്ന ഈ പരിവേഷം നമ്മുടെ നാട്ടിൽ അത്ര സുപരിചിതമല്ല. ഇത്തരക്കാർക്ക് ദുരാത്മാക്കളുടെ സാന്നിദ്ധ്യം അറിയാൻ പ്രത്യേക കഴിവുണ്ട്.
പാരാനോർമൽ ഇൻവെസ്റ്റിഗേറ്റേഴ്സിനെ കണ്ടു പരിചയമില്ലാത്തതുകൊണ്ട് ഞാൻ യൂ ടൂബിലൊക്കെ കുറെ തിരഞ്ഞു. പ്രത്യേകതയൊന്നും തോന്നിക്കാത്ത സാധാരണക്കാരായ മനുഷ്യരായിരുന്നു. വിഷയത്തെ കുറിച്ച് എനിക്ക് വേണ്ടത്ര അവഗാഹവുമില്ലായിരുന്നു. ഞാൻ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന, തിരുവനന്തപുരത്തുള്ള പ്രൊഫസർ ജോർജ് മാത്യു സാറിനെ നാലഞ്ചു പ്രാവശ്യം കണ്ടു സംസാരിച്ചു. മരണം,മരണാനന്തര ജീവതം ഇതെല്ലാം ചർച്ച ചെയ്തു. അദ്ദേഹം പറയുന്നത് ഭയമുള്ളവരുടെ മനസിൽ മാത്രമേ ഇത്തരം വൈബ്രേഷൻസ് പ്രവർത്തിക്കുകയുള്ളുവെന്നാണ്. ചെയ്യുന്ന വ്യക്തിയുടെ മനഃശക്തിക്കനുസരിച്ചാണ് ബാധ ഒഴിപ്പിക്കൽ സാദ്ധ്യമാകുന്നത്. അങ്ങനെ പ്രയോജനകരമായ കുറെ പുതിയ അറിവുകൾ നേടിയത് ചിത്രത്തിലെ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കുന്നതിന് ഉപകരിച്ചു.
ആദ്യം വില്ലൻ പിന്നെ നായകൻ
ജോസ് തോമസ് സാറിന്റെ ചിത്രങ്ങളിലൂടെയാണ് എന്റെ സിനിമാ ബന്ധം ആരംഭിക്കുന്നത്. ജോസ് സാറിന്റെ കൂടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ യൂത്ത് ഫെസ്റ്റിവൽ എന്ന ചിത്രത്തിൽ വില്ലനായാണ് എന്റെ സിനിമാ പ്രവേശനം. ഇടയ്ക്കൊരു ചിത്രത്തിൽ മുഖ്യ വേഷം ചെയ്യാൻ ഞാൻ ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു, ജോസ് സാറിന് അതിനെ കുറിച്ച് നന്നായി അറിയാം. ആ പ്രോജക്ട് പക്ഷേ നടന്നില്ല. അതിന് ഞാൻ കൊടുത്ത പരിശ്രമം കണ്ടാകാം അദ്ദേഹം എന്നെ ഈ വേഷത്തിലേക്ക് പരിഗണിച്ചത്. എന്റെ ഗുരുസ്ഥാനീയനായ ആളുടെ ചിത്രത്തിലൂടെ തന്നെ മുഖ്യവേഷം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
ആ നിമിഷം തീരുമാനിച്ചു
എന്റെയൊരു സുഹൃത്തിന് അഭിനയിക്കാൻ വലിയ താത്പര്യമായിരുന്നു. അവൻ സൗദിയിൽ നിന്ന് ലീവിന് വരുമ്പോൾ ഞങ്ങളൊരുമിച്ചാണ് യാത്രകളൊക്കെ. അവന്റെ ഒരു സുഹൃത്തിന് ജോസ് തോമസ് സാറിനെ അറിയാമായിരുന്നു. അങ്ങനെ ചാൻസ് ചോദിക്കാനാണ് അവന്റെ കൂടെ ഞാനും പോയത്. അവന് അഭിനയിക്കാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് സാർ പറഞ്ഞു. പുള്ളി സത്യത്തിൽ തകർന്നു പോയി. സാങ്കേതിക കാര്യങ്ങൾ പഠിക്കാനാണ് എനിക്ക് താത്പര്യമെന്ന് പറഞ്ഞു. അങ്ങനെ ആ പരിചയത്തിൽ സാറിന്റെ സിനിമയിൽ അസിസ്റ്റന്റായി. അതിനുശേഷം ഞാൻ ഗൾഫിൽ പോയി. ആ സമയത്ത് ജോസ് സാർ ഒരു സ്റ്റേജ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് അവിടെ വന്നു. സിനിമയുടെ ഒരു പ്രശ്നമെന്തെന്നാൽ അതിൽ കേറാൻ മാത്രമേ വാതിലുള്ളൂ, ഇറങ്ങാനുള്ള വാതിലില്ല, ഞാനെപ്പോഴും അങ്ങനെയാണ് പറയുന്നത്. ഈ വാതിൽ വഴി ഒരിക്കൽ കയറിയ വ്യക്തിയാണ് ഞാൻ. അഭിനയിക്കണമെന്ന മോഹം ആദ്യം പറഞ്ഞത് ജോസ് സാറിനോടാണ്. അഭിനയിക്കാൻ അറിയുമോ എന്നായിരുന്നു ചോദ്യം, ഇല്ലെന്ന് ഞാൻ പറഞ്ഞു. ആത്മവിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു എന്റെ മറുപടി. അങ്ങനെയാണ് 'യൂത്ത് ഫെസ്റ്റിവൽ" എന്ന ചിത്രത്തിൽ അഭിനയിച്ചത്.
ഇഷ നൽകുന്ന പ്രതീക്ഷ
ഒരു സിനിമയുടെ കൊമേഴ്സ്യൽ വിജയത്തെ അടിസ്ഥാനമാക്കിയാണ് അടുത്ത സിനിമ നിശ്ചയിക്കപ്പെടുന്നത്. കുറേ നല്ല സിനിമകളുടെ ഭാഗമായി. ഞാൻ ഗംഭീരമായി അഭിനയിച്ചു എന്നു പറഞ്ഞതുകൊണ്ട് കാര്യമില്ല. നമ്മൾ അഭിനയിക്കുന്ന സിനിമ പ്രേക്ഷകന് ഇഷ്ടമാവുകയും ബോക്സ് ഓഫീസിൽ ഹിറ്റാവുകയും ചെയ്താലേ സംവിധായകനും എഴുത്തുകാരനും കിഷോറിന് ഒരു സിനിമയിൽ പ്രധാന വേഷം നൽകാമെന്ന് തീരുമാനിക്കുകയുള്ളൂ. അതുകൊണ്ടാണ് ഇഷയുടെ സാമ്പത്തിക വിജയത്തിനായി വളരെ പ്രതീക്ഷയോടെയും കൗതുകത്തോടെയും നോക്കി നിൽക്കുന്നത്. ഈയൊരു സിനിമ കുറെ നല്ല ചിത്രങ്ങൾ വരും വർഷങ്ങളിൽ കൊണ്ടുതരണമെന്നാണ് എന്റെ ആഗ്രഹം.