രാവിലെ ഉണർന്നാലുടൻ തലകറങ്ങുന്ന പ്രശ്നമുള്ളവർ നിരവധിയാണ്. ഇതിന് നമ്മുടെ രക്തവുമായി ബന്ധമുണ്ട്. രക്തത്തിൽ ഹീമോഗ്ളോബിന്റെ അളവ് കുറയുന്നത് , രക്തയോട്ടം കുറയുന്നത് എന്നീ അവസ്ഥകളുടെ ലക്ഷണങ്ങളിൽ ഒന്നാണ് തലകറക്കം. ശരീരത്തിൽ രക്തയോട്ടം കൃത്യമായി നടക്കാത്ത അവസ്ഥയിൽ തലകറക്കം ഉണ്ടാകും. ചിലർക്ക് അല്പനേരം മാത്രം അനുഭവപ്പെടുന്ന തലകറക്കം മറ്റു ചിലർക്ക് നീണ്ടുനിൽക്കാറുണ്ട്.
വിളർച്ചയുള്ളവരിൽ തലകറക്കം സാധാരണമാണ്. ഇത് കൂടുതലും പുലർച്ചെ ഉണരുന്ന സമയത്താണ് കാണുന്നത്. രക്തത്തിൽ ഹീമോഗ്ളോബിന്റെ അളവ് കുറയുന്നതിന്റെ ഒരു ലക്ഷണം തലകറക്കമാണ്. ഇത്തരക്കാർക്ക് ഇടയ്ക്കിടെ തലകറക്കം ഉണ്ടാകുമെങ്കിലും രാവിലെ എഴുന്നേൽക്കുമ്പോഴാണ് തലകറക്കം കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. പോഷകസമ്പന്നമായ ആഹാരം കഴിക്കുകയാണ് വിളർച്ചയും ഹീമോഗ്ളോബിന്റെ കുറവും പരിഹരിക്കാൻ മികച്ച മാർഗം. എന്നാൽ എല്ലാ തലകറക്കവും രക്തക്കുറവ് കൊണ്ടാവണമെന്നില്ല. അതിനാൽ ഡോക്ടറെ കണ്ട് തലകറക്കത്തിന്റെ കാരണം കണ്ടെത്തിയ ശേഷം പരിഹാരം തേടുക.