കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് കർണാടക സ്വദേശി ഉൾപ്പടെ മൂന്ന് യാത്രക്കാരിൽ നിന്ന് 1.12 കോടിയുടെ സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഞായറാഴ്ച പുലർച്ചെ എത്തിയ യാത്രക്കാരിൽ നിന്നാണ് 2.810 കിലോഗ്രാം സ്വർണം കണ്ടെത്തിയത്. റിയാദിൽ നിന്ന് അബൂദാബി വഴിയെത്തിയ കോഴിക്കോട് കൈതപ്പൊയിൽ ജാഫറിൽ നിന്ന് 2.447 കിലോ ഗ്രാം സ്വർണം പിടൂകൂടി. സ്പീക്കറിനുളളിൽ ഡിസ്‌ക് രൂപത്തിലാക്കിയാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്. ദുബായിൽ നിന്നെത്തിയ കർണാടക ബഡ്ക്കൽ സ്വദേശി മുഹമ്മദ് ഹബീബ് ഖാത്തിബിൽ നിന്ന് 140 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. സ്വർണ ബട്ടൺസുകളാക്കി മാറ്റി ലിപ്സ്റ്റിക്കിനുളളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. കർണാടക ബഡ്ക്കൽ സ്വദേശി മുഹമ്മദ് നാഫിയിൽ നിന്ന് 228 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്നാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ചെറിയ ഡിസ്‌ക്കുകളായി മൗത്ത് ഓർഗണിന്റെ അകത്തും മെയ്ക്കപ്പ് സെറ്റിനുളളിലും ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.