കൊണ്ടോട്ടി:മൊറയൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവനോളം സ്വർണാഭരണങ്ങൾ കവർന്നു. മൊറയൂർ-ഒഴുകൂർ റോഡിൽ പൂന്തല അസൈനാറുടെ(ബാപ്പുട്ടി) വീട്ടിലാണ് വൻ കവർച്ച നടന്നത്. അസൈനാരും ഭാര്യയും വീട് അടച്ചു പൂട്ടി കഴിഞ്ഞ 28ന് സഉദിയിലുള്ള മകളുടെ അടുത്തേക്ക് പോയതായിരുന്നു.
ഇന്നലെ രാവിലെ വീട് നോക്കാനേൽപ്പിച്ച അയൽവാസി വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്. വീടിന്റെ പിൻഭാഗത്തുളള ചങ്ങല കൊണ്ട് പൂട്ടിയിരുന്ന വർക്ക് ഏരിയയുടെ ഇരുമ്പ് ഗ്രില്ല് വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. അടുക്കളയുടെയും പ്രധാന ഹാളിലെയും കിടപ്പുമുറിയുടെയും വാതിലുകളും തുറന്നിട്ട രീതിയിലായിരുന്നു. വീടിന്റെ ചുമരിൽ സ്ഥാപിച്ച അലമാരയിൽ ഉണ്ടായിരുന്ന ലോക്കർ പുറത്തേക്കിട്ട് പൂട്ട് തകർത്താണ് ഉള്ളിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്നത്. മോഷണത്തിന്റെ തെളിവ് നശിപ്പിക്കാൻ, വീട്ടിലുണ്ടായിരുന്ന മുളക് പൊടി അകത്ത് വാരി വിതറിയിരുന്നു.
മലപ്പുറത്ത് നിന്ന് ഡോഗ് സ്‌ക്വാഡ്, സൈന്റിഫിക് അസിസ്റ്റന്റ്, വിരലടയാള വിദഗ്ധൻ തുടങ്ങിയവർ വീട്ടിലെത്തി തെളിവെടുത്തു. പൊലീസ് നായ റാങ്കോ വീടിന് പിറകിലുള്ള ഒഴിഞ്ഞ പ്രദേശം വരെ മണം പിടിച്ച് ഓടി. കൊണ്ടോട്ടി സബ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലാണ് അന്വേഷണം.പ്രാഥമികാന്വേഷണത്തിൽ 50 പവനോളം സ്വർണാഭരണങ്ങളാണ് ലോക്കറിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് എസ്.ഐ. വിനോദ് വലിയാട്ടൂർ പറഞ്ഞു. കുടുംബ നാട്ടിലെത്തിയാൽ മാത്രമെ കൂടുതൽ മോഷണം പോയിട്ടുണ്ടോയെന്ന് അറിയാൻ കഴിയുകയുളളു.പൊലീസ് അന്വേഷണം തുടങ്ങി.