പെരിന്തൽമണ്ണ: വള്ളുവനാട്ടിലെ രാജഭരണത്തിന്റെ ഓർമ്മകൾ നിലനിർത്തി ആചാരനുഷ്ടാന ചടങ്ങുകളോടെ വള്ളുവക്കോനാതിരി കടന്നമണ്ണ കോവിലകത്ത് ജനാർദ്ദനരാജ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം ട്രസ്റ്റിയായി ചുമതലയേറ്റു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ നിറഞ്ഞ ഭക്തരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. ട്രസ്റ്റിയായിരുന്ന മങ്കട കോവിലകത്ത് കുഞ്ഞുണ്ണിരാജയുടെ മരണത്തെ തുടർന്നാണ് അടുത്തസ്ഥാനിയായ ജനാർദ്ദനരാജ തിരുമാന്ധാംകുന്ന് ട്രസ്റ്റിയായും വള്ളുവനാട്ടുകര വല്ലഭ വലിയ രാജാവെന്ന പദവിയും ഏറ്റെടുത്തത്. ക്ഷേത്രം തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന പന്തീരടി പൂജയും ഉച്ചപ്പാട്ടും കഴിയുന്നത് വരെ നാലമ്പലത്തിനകത്ത് ദർശനം നടത്തിയ ശേഷം തന്ത്രി നൽകിയ ചെമ്പരത്തിമാല കഴുത്തിലണിഞ്ഞ് കുത്തുവിളക്കിന്റെ അകമ്പടിയോടെ ക്ഷേത്രം ഓഫീസിലെത്തി ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷമാണ് കെ.സി.ജനാർദ്ദനരാജ തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റി ചുമതല ഏറ്റെടുത്തത്. ചുമതലയേറ്റശേഷം അദ്ദേഹം ക്ഷേത്രം ജീവനക്കാർക്ക് കൈനീട്ടവും മലയരാജാവിന്റെ പ്രതിനിധിയായി എത്തിയവർക്ക് ഓണപ്പുടവയും നൽകി.