മലപ്പുറം: കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയിൽ വൃദ്ധദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചട്ടിപ്പറമ്പ് കൂളിപ്പുലാക്കൽ കൃഷ്ണൻ (75), ഭാര്യ അമ്മിണി (65) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. ഭാര്യയെ വെട്ടിയശേഷം കൃഷ്ണൻ സ്വയം വെട്ടിയതാകാമെന്നാണ് നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു. കഴുത്തറുത്ത നിലയിൽ അമ്മിണിയുടെ മൃതദേഹം വീട്ടിലെ ഹാളിലും കൃഷ്ണന്റേത് വീടിന് പുറത്ത് വാഴച്ചുവട്ടിലുമാണ് കാണപ്പെട്ടത്. കൃഷ്ണന്റെ മൃതദേഹത്തിനരികിൽ അരിവാൾ കത്തിയും ഉണ്ടായിരുന്നു. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ഇവരുടെ വീട്ടിലെത്തിയ ബന്ധു കൂടിയായ അയൽക്കാരിയാണ് സംഭവം ആദ്യമറിഞ്ഞത്. തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. കൃഷ്ണൻ മുൻകോപക്കാരൻ ആയിരുന്നെന്നും അതുമൂലമുള്ള കുടുംബവഴക്കാവാം ദാരുണാന്ത്യത്തിൽ കലാശിച്ചതെന്നുമാണ് പൊലീസ് നിഗമനം. മലപ്പുറത്ത് നിന്നുള്ള ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സദാശിവൻ, ശിവാനന്ദൻ, സുഹാസിനി, അംബിക, അജിത എന്നിവർ മക്കളാണ്. മരുമക്കൾ: സുരേഷ്, ഗണേഷ്, സ്വപ്ന, ദിവ്യ.