farshin

പെരിന്തൽമണ്ണ: സ്‌കൂൾ ബസിൽനിന്ന് തെറിച്ചുവീണ മൂന്നാംക്ലാസ് ‌വിദ്യാർത്ഥി അതേ ബസിന്റെ പിൻടയർ കയറി ദാരുണമായി മരിച്ചു. കുറുവ എ.യു.പി സ്‌കൂളിൽ പഠിക്കുന്ന ഫർഷിൻ അഹമ്മദ് (9) ആണ് സ്‌കൂളിലേക്കുള്ള യാത്രാമദ്ധ്യേ ബസിന്റെ വാതിൽതുറന്ന് റോഡിലേക്കു വീണ് മരിച്ചത്. കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശിയും ദുബായിൽ ഫാർമസിസ്റ്റുമായ ഷാനവാസിന്റെയും ഇതേ സ്‌കൂളിലെ അദ്ധ്യാപികയായ പഞ്ചിലി ഷമീമയുടെയും മകനാണ്.

ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. തിരക്കുകാരണം വാതിൽപ്പടിയിൽ നിൽക്കുകയായിരുന്നു ഫർഷിൻ. വളവിൽവച്ച് ബസ് ഉലഞ്ഞുചരിഞ്ഞതോടെ ഡോറിന്റെ ലോക്കിൽ ബാഗ് കുരുങ്ങി വാതിൽ തുറന്നു. പുറത്തേക്കു വീഴുന്നതിനിടെ ഡോറിൽ പിടിച്ചുനിൽക്കാൻ ഫർഷിൻ ശ്രമിച്ചു. 10 മീറ്ററോളം മുന്നോട്ടുപോയ ശേഷമാണ് ഫർഷിൻ റോഡിലേക്ക് തെറിച്ചുവീണത്. ബസിൽ അറ്റൻഡർ ഉണ്ടായിരുന്നില്ല. തൊട്ടടുത്തുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചെങ്കിലും ബസിലെ തിരക്കും മറ്റു കുട്ടികളുടെ ബഹളവും മൂലം ഡ്രൈവർ ഇക്കാര്യമറിഞ്ഞില്ല. കുട്ടിയുടെ ദേഹത്തുകൂടി ടയർ കയറിയിറങ്ങി അല്പം മുന്നോട്ടുപോയ ശേഷമാണ് ബസ് നിറുത്തിയത്. ഉടനെ നാട്ടുകാർ ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഫർഷിൻ കയറി 500 മീറ്റർ പിന്നിടുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു ഡോറുള്ള മിനിബസിൽ 90ഓളം പേരുണ്ടായിരുന്നെന്ന് ബസിലുണ്ടായിരുന്ന കുട്ടികളും ദൃക്‌സാക്ഷികളും പറയുന്നു. സ്ഥിരമായി കുട്ടികളെ കുത്തിനിറച്ചാണ് യാത്ര. അറ്റൻഡറില്ലാത്തത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ചെലവുമൂലം പരിഗണിക്കാനാവില്ലെന്നാണ് സ്കൂൾ അധികൃതർ നിലപാടെടുത്തതെന്ന് രക്ഷിതാക്കൾ പറയുന്നു. ഫർഷിന്റെ മാതാവ് പ്രസവാവധിയിൽ ലീവിലാണ്. സ്കൂളിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള സമൂസ്സപടിയിലെ മാതൃവീട്ടിൽ നിന്നാണ് കുട്ടി സ്‌കൂളിലേക്ക് പോയിരുന്നത്‌. മാതൃപിതാവ് ഉണ്ണീൻകുട്ടി ഈ സ്‌കൂളിലെ റിട്ട. അദ്ധ്യാപകനാണ്. കൊളത്തൂർ പൊലീസ് അദ്ധ്യാപകരുടെ മൊഴിയെടുത്തു. ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം കടൂപ്പുറം മഹല്ല് ജുമാമസ്ജിദിൽ കബറടക്കി. ഫർഷിന്റെ സഹോദരങ്ങൾ: ഫർഹാൻ അഹമ്മദ്,​ ആഷിഖ് അഹമ്മദ്.

അപകടകാരണം?

മലപ്പുറം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ഗോകുലിന്റെ പ്രാഥമിക പരിശോധനയിൽ ഡ്രൈവറുടെ അശ്രദ്ധയും അറ്റൻഡർ ഇല്ലാത്ത സർവീസുമാണ് അപകടകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് തൃശൂർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണറെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ചുമതലപ്പെടുത്തി. ഡ്രൈവറുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദാക്കും. അറ്റൻഡർ ഇല്ലാതെ സ്‌കൂൾബസ് സർവീസ് നടത്തിയ സ്‌കൂൾ അധികാരികൾക്കെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അദ്ധ്യാപകരോ ആയയോ ഇല്ലാതെ വിദ്യാർത്ഥികളെ സ്‌കൂൾ ബസിൽ കൊണ്ടുപോകാനുണ്ടായ സാഹചര്യം പരിശോധിച്ച് നടപടിയെടുക്കുമെന്ന് സി.ഡബ്ല്യു.സി ചെയർമാൻ ഷാജേഷ് ഭാസ്‌കർ പറഞ്ഞു.