സ്വന്തം ലേഖകൻ
മലപ്പുറം: നിയമങ്ങളും നിർദ്ദേശങ്ങളും കാറ്റിൽപ്പറത്തിയുള്ള സ്കൂൾ വാഹനങ്ങളുടെ മരണഓട്ടം ജില്ലയിൽ അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. കുറുവ യു.പി സ്കൂളിലെ വിദ്യാർത്ഥി സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണുണ്ടായ അപകടത്തിലേക്ക് നയിച്ചതും ഇതുതന്നെ. അനുവദനീയമായതിലും പലയിരട്ടി കുട്ടികളെയാണ് സ്കൂൾ ബസ് മുതൽ ഓട്ടോറിക്ഷ വരെയുള്ള വാഹനങ്ങളിൽ കുത്തിനിറയ്ക്കുന്നത്. സ്കൂൾ വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശങ്ങൾ മിക്ക സ്കൂളുകളും പാലിക്കുന്നില്ല. നിയമലംഘനങ്ങൾ കൺമുന്നിൽ കാണുമ്പോഴും രക്ഷിതാക്കളും പ്രതികരിക്കാറില്ല.
വാഹനത്തിൽ സീറ്റിന്റെ എണ്ണത്തിലധികം കുട്ടികളെ കയറ്റാൻ പാടില്ല. 13 വയസ് മുതലുള്ള ഓരോ വിദ്യാർത്ഥിക്കും ഒരുസീറ്റ് വീതം നൽകണം. 12 വയസിൽ താഴെയുള്ള രണ്ട് കുട്ടികൾക്ക് ഒരുസീറ്റ് എന്നതാണ് അംഗീകൃത കണക്ക്. എന്നാൽ വിദ്യാർത്ഥികളെ നിറുത്തിയുള്ള യാത്ര അനുവദനീയമല്ല. കുറുവയിൽ അപകടമുണ്ടായ ബസിൽ 90ഓളം കുട്ടികൾ ഉണ്ടായിരുന്നെന്ന് ബസിലുണ്ടായിരുന്ന കുട്ടികളും ദൃക്സാക്ഷികളും പറയുന്നു. ബസിന്റെ ഡോറിൽ ചവിട്ടിയാണ് അപകടത്തിനിരയായ കുട്ടി സഞ്ചരിച്ചിരുന്നത്. മിക്ക സ്കൂളുകളിലെയും അവസ്ഥയിതാണ്. ഒന്നിലധികം ട്രിപ്പുകൾ നടത്തുമ്പോഴുള്ള ചെലവ് ഒഴിവാക്കാനാണ് ഇത്തരത്തിൽ സർവീസ് നടത്തുന്നത്.
കരാർ വാഹനങ്ങളിലെ ഡ്രൈവർമാർ പരമാവധി കുട്ടികളെ കുത്തിനിറയ്ക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്. അനധികൃത ഇരിപ്പിടങ്ങൾ വാഹനങ്ങളിലുണ്ടാകും. ഡ്രൈവറുടെ ഇരുവശങ്ങളിലും ഓട്ടോറിക്ഷയുടെ ലഗേജ് ഭാഗത്ത് പോലും കുട്ടികളെ കൊണ്ടുപോവുന്നവരുണ്ട്. വെട്ടിത്തിരിച്ചാൽ മറിയാൻ സാദ്ധ്യത ഏറെയുള്ളതാണ് ഓട്ടോറിക്ഷകളെന്നത് രക്ഷിതാക്കളും ഓർക്കുന്നില്ല. ഒരേപ്രദേശത്ത് നിന്ന് തന്നെ കൂടുതൽ കുട്ടികളെ കയറ്റിയാൽ ഡ്രൈവർക്ക് കൂടുതൽ ലാഭവും രക്ഷിതാക്കൾക്ക് ചെലവും കുറയുമെന്നതാണ് നിയമലംഘനങ്ങൾക്ക് നേരെ കണ്ണടപ്പിക്കുന്നത്.
സ്കൂൾ ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷമെങ്കിലും ഡ്രൈവിംഗ് പരിചയം വേണം. ഹെവി വാഹനമാണെങ്കിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും . ഇതൊന്നും സ്കൂൾ അധികൃതരോ പി.ടി.എയോ പരിഗണിക്കാറില്ല.
വാഹനത്തിന്റെ വാതിലുകളുടെ എണ്ണമനുസരിച്ച് അറ്റൻഡർമാർ (ആയമാർ) ഉണ്ടായിരിക്കണം. വാഹനം പുറപ്പെടും മുമ്പ് വാതിലുകൾ അടച്ചുവെന്ന് ഉറപ്പാക്കേണ്ടത് ഇവരാണ്. ഡ്രൈവറുടെ ശ്രദ്ധ മാറുന്ന തരത്തിൽ ബഹളം ഉണ്ടാക്കാൻ കുട്ടികളെ അനുവദിക്കരുത്. കുറുവയിൽ അപകടത്തിൽപ്പെട്ട ബസിൽ അറ്റൻഡർ ഉണ്ടായിരുന്നില്ല. ഇക്കാര്യം രക്ഷിതാക്കൾ ഉന്നയിച്ചപ്പോൾ ചെലവ് താങ്ങാനാവില്ലെന്ന നിലപാടിലായിരുന്നു സ്കൂൾ അധികൃതരെന്നാണ് വിവരം.
കുട്ടി കയറി 500 മീറ്റർ പിന്നിടുന്നതിനിടെയാണ് അപകടമുണ്ടായത്. വളവിൽ ബസ് ഉലഞ്ഞതോടെ രണ്ടാംസ്റ്റെപ്പിൽ നിൽക്കുകയായിരുന്നു കുട്ടിയുടെ ബാഗിൽ ഡോറിന്റെ ലോക്ക് കുടുങ്ങി ഡോർ തുറക്കുകയായിരുന്നു. പത്തുമീറ്ററോളം ഡോറിൽ പിടിച്ചുതൂങ്ങി നിൽക്കാൻ ശ്രമിച്ചെങ്കിലും റോഡിലേക്ക് വീണു. ഡോറിന് സമീപത്തെ കുട്ടികൾ ബഹളം വച്ചെങ്കിലും ബസിനുള്ളിലെ ശബ്ദം മൂലം ഡ്രൈവർ ഇതറിഞ്ഞില്ല. ഇതിനുപിന്നാലെ ബസിന്റെ പിൻടയർ കുട്ടിയുടെ മുകളിലൂടെ കയറി. എന്നിട്ടും മുന്നോട്ടുപോയ ശേഷമാണ് ഡ്രൈവർ ഇക്കാര്യമറിയുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നുമുതൽ ജില്ലയിൽ സ്കൂൾ വാഹനങ്ങളുടെ പരിശോധന ശക്തമാക്കും. സുരക്ഷാക്രമീകരണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
ടി.ജി ഗോകുൽ, ആർ.ടി.ഒ ഇൻചാർജ്ജ്