മഞ്ചേരി: നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് ചുമട്ടു തൊഴിലാളി മരിച്ചു. കൊണ്ടോട്ടി പുത്തൂർ പള്ളിക്കൽ കണ്ണമാട്ടുമാട് മദാരി മൂസയുടെ മകൻ മുഹമ്മദ് (48) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെ പുല്ലാര മൂച്ചിക്കലിലാണ് അപകടം. പുല്ലാരയിലെ ക്വാറിയിൽ നിന്നും വെട്ടുകല്ല് കയറ്റി കൊണ്ടോട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർ മാനു, ചുമട്ടു തൊഴിലാളി അബ്ദുൽ ഗഫൂർ എന്നിവർക്കും പരിക്കേറ്റു. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീവിയാണ് മരിച്ച മുഹമ്മദിന്റെ മാതാവ്. ഭാര്യ: വാഹിദ, മക്കൾ: മുനവ്വർ, നിദ, ഷിബിൽ. മൃതദേഹം പൊലീസ് ഇൻക്വസ്റ്റിനു ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം ഉച്ചയോടെ പുത്തൂർ പള്ളിക്കൽ ജുമുഅ മസ്ജിദിൽ ഖബറടക്കും.