പെരിന്തൽമണ്ണ: കുറുവ എ.യു.പി സ്‌കൂൾ ബസിൽ നിന്നും തെറിച്ച് വീണ് മരിച്ച കൂട്ടിലങ്ങാടി മുഞ്ഞക്കുളത്തെ ഫർഷീൻ അഹമ്മദിന്റെ വിയോഗത്തിൽ അനുശോചിച്ച് കുറുവ എ.യു.പി സ്‌കൂൾ മാനേജ്‌മെന്റ്, പി.ടി.എ, അദ്ധ്യപക സംയുക്ത കൂട്ടായ്മ യോഗം ചേർന്നു. പഴമള്ളൂർ സമൂസപ്പടി, കുറുവ, കൂട്ടിലങ്ങാടി മുഞ്ഞക്കുളം എന്നീ ഗ്രാമങ്ങളെ ദുഃഖത്തിലാഴ്ത്തിയ മരണത്തെ തുടർന്ന് ഇന്നലെയും സ്‌കൂളിന് അവധി നൽകിയിരുന്നു. സ്‌കൂളിലെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കാൻ തീരുമാനമെടുത്തു. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും കുട്ടികളെ മോചിതരാക്കാൻ കൗൺസലിംഗ് നടക്കും. കൂട്ടിലങ്ങാടി മുഞ്ഞക്കുളം മദ്രസയ്ക്ക് സമീപം താമസിക്കുന്ന ദുബായിലെ ഫാർമസിസ്റ്റ് കക്കാട്ട് ഷാനവാസിന്റെയും ഇതേ സ്‌കുളിലെ അദ്ധ്യാപികയായ പഴമള്ളൂർ സമൂസപ്പടിയിലെ പഞ്ചിളി ഷമീമയുടെയും മകനാണ് ഫർഷീൻ.
യോഗത്തിൽ പി.ടി.എ പ്രസിഡന്റ് മുല്ലപ്പള്ളി മുസ്തഫ അദ്ധ്യക്ഷനായിരുന്നു സ്‌കൂൾ മാനേജർ ഡോ.അബ്ദുറഹ്മാൻ മുബാറക്ക്, ഹെഡ്മാസ്റ്റർ പി. ഉണ്ണികൃഷ്ണൻ, അദ്ധ്യാപകരായ എ.അബ്ദുൽ സലാം, കെ.പി. സാബിറ, വി.രാജു, വി,മെഹബൂബ്, ടി.അയമുട്ടി എന്നിവർ സംസാരിച്ചു.