താനൂർ: വിദ്യാർത്ഥിയുടെ കാലുകളിലൂടെ കാർ കയറ്റിയിറക്കിയ സംഭവത്തിൽ കാർ ഓടിച്ചിരുന്ന താനാളൂർ പകര സ്വദേശി ഒ.പി. സമദിനെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച മീനടത്തൂർ ഹൈസ്‌കൂളിന് സമീപത്താണ് സംഭവം. താനാളുർ സ്വദേശിയും മീനടത്തൂർ ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ പണിക്കോട്ടിൽ ബിൻഷാദ് റഹ്മാന്റെ കാലിലൂടെയാണ് കാർ കയറ്റിയിറക്കിയത്.
ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വിദ്യാർത്ഥിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. സംഭവത്തിന് ശേഷം പൊലീസ് നടപടി വൈകുന്നെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ അന്നേ ദിവസം തന്നെ സ്‌കൂൾ അധികൃതരുടെ പരാതിയിൽ കേസെടുത്ത് കാർ കസ്റ്റഡിയിലെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വധശ്രമം, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തിരൂർ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി.