തേഞ്ഞിപ്പലം: അറുപത്തിമൂന്നാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 329 പോയിന്റുമായി പാലക്കാട് മുന്നിൽ. 19 സ്വർണം, 17 വെള്ളി, 12 വെങ്കലം എന്നിവ ഉൾപ്പെടെയാണ് നിലവിലെ ചാമ്പ്യൻമാരായ പാലക്കാടിന്റെ മുന്നേറ്റം. 258 പോയിന്റുമായി കോട്ടയമാണ് രണ്ടാംസ്ഥാനത്ത്. എട്ട് സ്വർണം, 12 വെള്ളി, 18 വെങ്കലം എന്നിവയാണ് കോട്ടയത്തിന്റെ നേട്ടം.
മേള പുനരാരംഭിച്ച ശേഷമുള്ള രണ്ടാംദിനത്തിൽ 15 സ്വർണം, 10 വെള്ളി, ആറ് വെങ്കലം എന്നിവയോടെ എറണാകുളം 225 പോയിന്റ് നേടി മൂന്നാം സ്ഥാനത്തെത്തി.
ഇന്നലെ ഷോട്ട്പുട്ടിൽ മീറ്റ് റെക്കാഡ് പിറന്നു. കോഴിക്കോട് അഗസ്ത്യമുഴിയിലെ പള്ളോട്ടി ഹിൽ പബ്ലിക് സ്‌കൂളിലെ ഡോണ മറിയ ഡോണി 10.21മീറ്റർ ദൂരത്തിലേക്ക് ഷോട്ട്പുട്ട് പായിച്ചാണ് മീറ്റ് റെക്കാഡിട്ടത്. തിരുവനന്തപുരത്തിന്റെ മേഘ മറിയം മാത്യു 2013 ൽ സ്ഥാപിച്ച 9.81 മീറ്ററിന്റെ റെക്കാഡാണ് ഡോണ തിരുത്തിക്കുറിച്ചത്.
അണ്ടർ 14 പെൺകുട്ടികളുടെ 600 മീറ്ററിൽ കോഴിക്കോടിന്റെ ആഞ്ചലൈൻ അന്ന ജെയ്സൺ, യൂത്ത് പെൺകുട്ടികളുടെ അണ്ടർ 18 -5000 മീറ്റർ നടത്തത്തിൽ പാലക്കാടിന്റെ സാന്ദ്ര സുരേന്ദ്രൻ, ലോംഗ് ജമ്പിൽ കണ്ണൂരിന്റ ആർ. അമ്പിളി , അണ്ടർ 14 ആൺകുട്ടികളുടെ 600 മീറ്ററിൽ തൃശൂരിന്റെ സി.ജെ. അഭിഷേക് , ഹൈജമ്പിൽ തൃശൂരിന്റെ വിജയ് കൃഷ്ണ, യൂത്ത് ആൺകുട്ടികളുടെ അണ്ടർ 18 -10,000 മീറ്റർ നടത്തത്തിൽ പാലക്കാടിന്റെ കെ.പി.പ്രവീൺ, ഷോട്ട്പുട്ടിൽ പത്തനംതിട്ടയുടെ പി.എസ്.അജിനാസ്, അണ്ടർ 16 ആൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ കണ്ണൂരിന്റെ ആർ.ആദിത്യ, പെൺകുട്ടികളുടെ അണ്ടർ 20 - 100 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ എസ്. ആര്യ, അണ്ടർ 16 ആൺകുട്ടികളുടെ -100 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ മാധവ് ജി. പട്ടത്തിൽ, ലോംഗ് ജമ്പിൽ കോഴിക്കോടിന്റെ പി. വിഷ്ണു, ആൺകുട്ടികളുടെ അണ്ടർ 20 -110മീറ്റർ ഹർഡിൽസിൽ കോഴിക്കോടിന്റെ ബാസിൽ മുഹമ്മദ് , ലോംഗ് ജമ്പിൽ പത്തനംതിട്ടയുടെ ടി.വി. അഖിൽ, അണ്ടർ16 പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ കണ്ണൂരിന്റെ അനാമിക വി. രാജേഷ് തുടങ്ങിയവർ സ്വർണം നേടി. മത്സരങ്ങൾ ഇന്ന് സമാപിക്കും.