kodukuthimala
കൊടുകുത്തി മല

പെരിന്തൽമണ്ണ: ജില്ലയിലെ വിനോദ സഞ്ചാരികളുടെ പറുദീസയായ കൊടിക്കുത്തി മലയുടെ പ്രകൃതി ഭംഗിയാസ്വദിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. അടുത്തിടെ മലയിലുണ്ടായ തീപ്പിടുത്തവും മറ്റും പരിഗണിച്ച് ഈ സീസണിൽ പ്രവേശനം നൽകേണ്ടന്ന നിലപാടിലാണ് വനംവകുപ്പ് അധികൃതർ. ജൂണിൽ മഴ പെയ്തശേഷം ഇക്കാര്യം ആലോചിക്കാമെന്നാണ് അധികൃതരുടെ തീരുമാനം. ആഗസ്റ്റിലാണ് ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് ഇവിടേക്കുള്ള പ്രവേശനം ജില്ലാ കളക്ടർ നിരോധിച്ചത്. മഴ മാറിയതോടെ വിലക്ക് ഒഴിവാക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിനോദ സഞ്ചാരികൾ. മലയാകെ ഉണങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ പ്രവേശനം അനുവദിച്ചാൽ തീപ്പിടുത്തം ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

സുരക്ഷ മുൻനിർത്തി ടിക്കറ്റ് സംവിധാനത്തിലൂടെ പ്രവേശനം നൽകാനും വനം വകുപ്പ് അധികൃതർക്ക് പദ്ധതിയുണ്ട്. കുടിവെള്ളം, ബാത്ത്റൂം, വിശ്രമ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കണം. മലയടിവാരത്തിലെ ബേസ് സ്റ്റേഷനിലെ കെട്ടിടത്തിൽ ഈ സൗകര്യങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.ടിക്കറ്റ് കൗണ്ടർ പ്രവർത്തിപ്പിക്കാനും മറ്റും വൈദ്യുതി എത്തിക്കണം. കുടിവെള്ളത്തിന് കുഴൽ കിണർ നിർമ്മിക്കാനാണ് ആലോചന.

വിവിധ വികസന പദ്ധതികൾക്കുള്ള എസ്റ്റിമേറ്റ് ടൂറിസം വകുപ്പിന് നൽകിയിട്ടുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. മലയിലേക്ക് അനധികൃതമായി പ്രനേശിക്കാൻ സാദ്ധ്യതയുള്ള ഭാഗങ്ങളിൽ സുരക്ഷാവേലി നിർമ്മിച്ചിട്ടുണ്ട്. ഇരുട്ടാവുന്നതോടെ വഴിയറിയാതെ സഞ്ചാരികൾ മലയിൽ കുടുങ്ങുന്ന സംഭവങ്ങളുണ്ട്. സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതോടെ മലയിലെത്തുന്ന സഞ്ചാരികൾക്ക് ഭയം കൂടാതെ കാഴ്ച്ചകൾ കാണാനാവും. ഇതിനൊപ്പം സന്ദർശന സമയവും ഏർപ്പെടുത്തുന്നത് അനിഷ്ട സംഭവങ്ങൾ ഇല്ലാതാക്കാനും ഉപകരിക്കും. തടസ്സങ്ങളില്ലെങ്കിൽ വേനൽകാലത്ത് തന്നെ സഞ്ചാരികൾക്ക് പ്രവേശനം നൽകാനുള്ള ശ്രമങ്ങളാണ് റവന്യൂ വകുപ്പ് നടത്തുന്നത്. മഴക്കാലത്ത് ഉരുൾപൊട്ടൽ ഭീഷണി മൂലവും വേനലിൽ തീപ്പിടുത്ത സാഹചര്യവും മുൻനിർത്തി സഞ്ചാരികൾക്ക് കൊടുക്കുത്തി മലയിൽ പ്രവേശനം വിലക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. സമുദ്രമിരപ്പിൽ നിന്ന് 522 മീറ്റർ ഉയരത്തിലുള്ള അമ്മിനിക്കാടൻ മലനിരകളാണ് കൊടുകുത്തി മലയിലെ പ്രധാന ആകർഷണം.