പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മേൽപ്പാലത്തിന് അടിവശം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നു. നിത്യേന വിവിധ ദേശങ്ങളിൽ നിന്ന് ട്രെയിൻ മാർഗ്ഗവും മറ്റും അങ്ങാടിപ്പുറത്തേക്ക് എത്തുന്ന സാമൂഹ്യവിരുദ്ധർ മേൽപ്പാലം കേന്ദ്രീകരിക്കുന്ന സാഹചര്യമാണുള്ളത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഓഫീസുകളും സ്ഥിതി ചെയ്യുന്ന ഈ മേഖലയിൽ സ്ത്രീകളും, വിദ്യാർത്ഥിനികളും ഒരു പോലെ ഭീതിയിലാണ്. പ്രദേശത്ത് മയക്കുമരുന്ന്, കഞ്ചാവ് മാഫിയകളുടെയും സാന്നിദ്യം ഏറെ രൂക്ഷമായിരിക്കുകയാണ്. കൂടാതെ പണം വെച്ച് ചൂതാട്ടം നടത്തുന്ന സംഘവും സജീവമാണ്.
മേൽപ്പാലത്തിന് മുകളിൽ ഗതാഗതക്കുരുക്കാണ് രൂക്ഷമെങ്കിൽ അടിവശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യമാണ് രൂക്ഷമായിരിക്കുന്നത്. ഇതിന് സഹായകമാവുന്ന രീതിയിൽ പകൽ പോലും ഇത്തരക്കാർക്ക് ഒളിത്താവളമായി കാലങ്ങളായി നിർത്തിയിട്ട സ്വകാര്യ ബസ് മറിയിരിക്കുകയാണ്. ബസ്സിന് ഉള്ളിൽ പകൽ പോലും എന്ത് പ്രവർത്തിയും ആരുടേയും കണ്ണിൽ പെടാതെ ആർക്കും ചെയ്യാനാവും. പലരും പലപ്പോഴായും ഇതിനകത്ത് കയറുന്നതും, ഇറങ്ങുന്നതും സ്ഥിരം കാഴ്ചയാണെന്നും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. രാത്രി ആവുന്നതോടെ തെരുവ് വിളക്കുകൾ കാര്യമായി ഇല്ലാത്തതിനാൽ പാലത്തിനടിയിൽ ഇരുൾ പരക്കുകയും ചെയ്യുന്നതോടെയാണ് ഇവിടെ സംഘങ്ങൾ സജീവമാകുന്നത്. ഏറാന്തോട്, റെയിൽവേ സ്റ്റേഷൻ, ചെങ്ങര ബാർ റോഡ് എന്നിവ രാത്രിയിൽ സജീവമാവുമെങ്കിലും റെയിൽവേ സ്റ്റേഷൻ റോഡ് രാത്രി പത്ത് മണിയോടെയും, ചെങ്ങര ബാർ റോഡ് പതിനൊന്ന് മണിയോടേയും വിജനമാവും. ഏറാന്തോട് റോഡിൽ രാത്രി പതിനൊന്ന് മണിക്ക് ശേഷം വിരലിൽ എണ്ണാവുന്ന വാഹനങ്ങൾ മാത്രം കടന്ന് പോകാറുള്ളൂ. വെളിച്ചക്കുറവും, ആൾ പെരുമാറ്റം ഇല്ലാതാവുന്നതോടെ എന്തും ഈ പ്രദേശത്ത് നടത്താനും, ആസൂത്രണം ചെയ്യാനും ഉള്ള തന്ത്രപ്രധാന ഇടമായി ഇവിടം മാറുന്നു.
കഴിഞ്ഞ ആഴ്ചയിൽ ഇവിടുത്തെ മുതുവറ അമ്പലത്തിന് സമീപത്തെ ഒരു വീട്ടിൽ മോഷണശ്രമം നടന്നിരുന്നു. വീട്ടുകാർ രണ്ട് മൂന്ന് ദിവസത്തോളം വീട്ടിൽ നിന്ന് മാറിനിന്നപ്പോഴായിരുന്നു മോഷണം. അത്രക്കും കൃത്യമായി പ്രദേശത്തെ ഓരോ ചലനങ്ങളും ഈ സാമൂഹ്യ വിരുദ്ധരുടെ നിരീക്ഷണത്തിലാണ്. പുലർച്ചെ ട്രെയിൻ ഇറങ്ങിയും, ക്ഷേത്ര ദർശനങ്ങൾക്കും മറ്റും എത്തുന്ന പലരും ഭീതി കാരണം വെളിച്ചം പരക്കുവോളം കാത്തിരിക്കേണ്ട ഗതികേടിലാണ്.
പ്രദേശത്ത് ആവശ്യത്തിന് തെരുവ് വിളക്കുകളും സി.സി.ടി.വി ക്യാമറകളും സ്ഥാപിക്കണം. രാത്രിയിൽ പൊലീസിന്റെ നൈറ്റ് പെട്രോളിങ്ങ് ശക്തമാക്കണം
നാട്ടുകാർ