പെരിന്തൽമണ്ണ: റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില കൽപ്പിച്ചുള്ള പാലൂർകോട്ടയിലെ അനധികൃത ചെങ്കൽഖനനത്തിനെതിരെ കേരളകൗമുദി വാർത്തയെ തുടർന്ന് ശക്തമായ നടപടിയെടുത്ത് അധികൃതർ. കുരുവമ്പലം വില്ലേജിലെ മാലാപറമ്പ് എരുമത്തടം റോഡിലെ പാലൂർകോട്ടക്ക് സമീപത്തെ അനധികൃത ചെങ്കല്ല് ക്വാറികളിൽ നിന്ന് എട്ട് ടിപ്പർ ലോറികളും ഒരു മണ്ണുമാന്തിയന്ത്രവും ഇന്നലെ റവന്യു സംഘം പിടികൂടി.
നേരത്തെയും കേരളകൗമുദി വാർത്തയെ തുടർന്ന് സമാന രീതിയിൽ ടിപ്പറും, മണ്ണ് മാന്തിയന്ത്രവും പിടികൂടിയിരുന്നു. ഇതോടെ നിലച്ച അനധികൃത ഖനനം ഇടവേളക്ക് ശേഷം വീണ്ടും സജീവമാവുകയായിരുന്നു.
പെരിന്തൽമണ്ണ തഹസിൽദാർ പി.ടി ജാഫറലിയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർ സി.വല്ലഭൻ, ക്ലാർക്ക് കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു സംഘമാണ് സ്ഥലത്ത് പരിശോധന നടത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.
പാലൂർകോട്ട വെള്ളച്ചാട്ടത്തിന് സമീപത്തെ ഏറ്റവും വലിയ സമതലപ്രദേശത്താണ് ഖനനം നടത്തുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ഇതിന് തൊട്ടടുത്തെ പ്രദേശത്ത് ഉരുൾപൊട്ടി കൃഷി സ്ഥലങ്ങളും വീടും തകർന്നിരുന്നു. ഈഭീഷണി നിലനിൽക്കെയാണ് വലിയതോതിൽ ഖനനവുമായി ചെങ്കൽക്വാറി മാഫിയ രംഗത്തുവന്നത്.