corona
കൊറോണ

മലപ്പുറം: കൊറോണ വൈറസ് ആശങ്കകൾക്കിടെ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നടക്കുന്ന മുൻകരുതൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി പുരോഗമിക്കുന്നു. ജില്ലയിൽ നിന്ന് രണ്ടു ഘട്ടങ്ങളിലായുള്ള വിഗദ്ധ പരിശോധനക്കയച്ച 22 സാമ്പിളുകളിൽ 20 എണ്ണത്തിന്റെ ഫലങ്ങൾ ലഭ്യമായി. ഇതിലാർക്കും വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചു. ഇന്നലെ പുതുതായി ആർക്കും നിരീക്ഷണം ഏർപ്പെടുത്തിയില്ല. 325 പേരാണ് കൊറോണയുടെ പശ്ചാത്തലത്തിൽ പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതിൽ എട്ടുപേർ ഐസൊലേഷൻ വാർഡിലും 317 പേർ വീടുകളിലുമാണ്. രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ഏഴുപേരെ ഇന്നലെ ആശുപത്രിയിലെ പ്രത്യേക നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. ഇതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 28 ആയി.
കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. എങ്കിലും അതീവ ജാഗ്രത തുടരുകയാണ്. വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവരും അവരുമായി നേരിട്ടു സമ്പർക്കത്തിലേർപ്പെട്ടവരുമായി പ്രത്യേക നിരീക്ഷണത്തിലുള്ളവർക്ക് ആരോഗ്യ മാനസിക പിന്തുണ ഉറപ്പാക്കി കൺട്രോൾ സെല്ലും ആരോഗ്യ പ്രവർത്തകരും അവധി ദിവസമായ ഞായറാഴ്ചയും സജീവമായിരുന്നു. 336 പേരാണ് ഇതുവരെ കൗൺസലിങ് സൗകര്യം പ്രയോജനപ്പെടുത്തിയത്. നിരീക്ഷണത്തിലുള്ളവരേയും അവരുടെ കുടുംബാംഗങ്ങളേയും ആറംഗ സംഘമാണ് ഫോൺ വഴിയും നേരിട്ടും നിരന്തരം ബന്ധപ്പെടുന്നത്.