state-athletic

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ അരങ്ങേറിയ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പാലക്കാട് കിരീടം നിലനിർത്തി. 27 സ്വർണവും 22 വെള്ളിയും 18 വെങ്കലവുമായി 444 പോയിന്റാണ് പാലക്കാടിന്റെ സമ്പാദ്യം. 12 സ്വർണവും 19 വെള്ളിയും 25 വെങ്കലവും നേടി 358 പോയിന്റോടെ കോട്ടയമാണ് തൊട്ടുപിന്നിൽ. തിരുവനന്തപുരം മൂന്നാം സ്ഥാനത്തുണ്ട്. 16 സ്വർണ്ണവും 16 വെള്ളിയും 5 വെങ്കലവുമായി 260 പോയിന്റ് നേടി. എറണാകുളം നാലാം സ്ഥാനത്താണ്,​ 257 പോയിന്റുണ്ട്. അവസാന ദിനമായ ഇന്നലെ ഒരുമീറ്റ് റെക്കോർഡ് പിറന്നു. ജാവലിൻ ത്രോയിൽ കണ്ണൂരിന്റെ ഐശ്വര്യ സുരേഷാണ് റെക്കോർഡ് (34.86 മീറ്റർ) ഭേദിച്ചത്. പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തോടെയാണ് ഇന്നലെ ട്രാക്കുണർന്നത്.

പാലായിലെ ചാമ്പ്യൻഷിപ്പിനിടെ വൊളന്റിയറായിരുന്ന വിദ്യാർത്ഥി അഫീൽ ജോൺസൺ ഹാമർ തലയിൽ കൊണ്ട് മരിച്ചതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന മത്സരങ്ങളാണ് കാലിക്കറ്റ് സ്റ്റേഡിയത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പുനരാരംഭിച്ചിരുന്നത്. പാലായിലെ മീറ്റിന്റെ തുടർച്ചയായിരുന്നതിനാൽ അവിടെ രജിസ്റ്റർ ചെയ്ത അത്‌ലറ്റുകൾക്ക് മാത്രമേ പങ്കെടുക്കാനായൊള്ളൂ. ഏപ്രിലിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് നാഷണൽ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലേക്കുള്ള കേരളാടീമിനെ ഇവരിൽ നിന്നാണ് തിരഞ്ഞെടുക്കുക. വിജയികൾക്കുള്ള ട്രോഫി പി.അബ്ദുൽ ഹമീദ് എം.എൽ.എ വിതരണം ചെയ്തു. ഡോ.വി.പി സക്കീർ ഹുസൈൻ, കെ.രാമചന്ദ്രൻ, പി.ഐ.ബാബു സംബന്ധിച്ചു.

അണ്ടർ 16 ഗേൾസ് 200 മീറ്റർ കോട്ടയത്തിന്റെ സാന്ദ്ര മോൾ സാബു, അണ്ടർ 16 ഗേൾസ് 3,​000 മീറ്റർ റേസ് വാക്കിംഗ് കണ്ണൂരിന്റെ ജനീടാ ജോസഫ്, അണ്ടർ 18 ഗേൾസ് 200 മീറ്റർ കണ്ണൂരിന്റെ അനുജോസഫ്, അണ്ടർ 18 ഗേൾസ് 400 മീറ്റർ ഹഡിൽസ് പാലക്കാടിന്റെ ജിഷ വി.വി, അണ്ടർ 18 ഗേൾസ് ഹൈജംപ് കണ്ണൂരിന്റെ അൻജിമ കെ.സി, അണ്ടർ 18 ഗേൾസ് ഡിസ്‌ക്കസ് ത്രോ തൃശൂരിന്റെ അതുല്യ പി.എ, അണ്ടർ 20 വുമൺ 400 മീറ്റർ ഹഡിൽസ് കണ്ണൂരിന്റെ ദിൽന ഫിലിപ്പ്, അണ്ടർ 20 വുമൺ ഹൈജംപ് കോട്ടയത്തിന്റെ അഞ്ജലി സി, അണ്ടർ 20 വുമൺ ഷോട്ട്പുട്ട് കോഴിക്കോടിന്റെ അനഘ പി, അണ്ടർ 16 ബോയ്സ് 200 മീറ്റർ പാലക്കാടിന്റെ മുഹമ്മദ് ഫസൽ, അണ്ടർ 16 ബോയ്സ് 5,​000 മീറ്റർ റൈസ് വാക്കിംഗ് കോഴിക്കോടിന്റെ അനുരുത.കെ ഷൈജു, അണ്ടർ 18 ബോയ്സ് 200 മീറ്റർ തിരുവനന്തപുരത്തിന്റെ അഭിജിത്ത്, അണ്ടർ 18 ബോയ്സ് 400 മീറ്റർ ഹഡിൽസ് പാലക്കാടിന്റെ അരുൺജിത്ത്, അണ്ടർ 20 മെൻ 200 മീറ്റർ വയനാടിന്റെ അഭി കൃഷ്ണ, അണ്ടർ 20 മെൻ 400 മീറ്റർ ഹഡിൽസ് പാലക്കാടിന്റെ മനൂപ് എം, അണ്ടർ 20 മെൻ ഷോട്ട്പുട്ട് തിരുവനന്തപുരത്തിന്റെ ജോജിഎൽതോസ് എന്നിവരാണ് ഇന്നലെ സ്വർണ്ണം നേടിയവർ.