bagyam
രശ്മി ഫിലിം സൊസൈറ്റി യുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു നടി ഭാഗ്യലക്ഷ്മി സംസാരിക്കുന്നു

മലപ്പുറം: നായികമാരുടെ ശബ്ദമാകുന്നതിനേക്കാൾ ഞാനാഗ്രഹിക്കുന്നത് ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനാണെന്ന് നടി ഭാഗ്യലക്ഷ്മി പറഞ്ഞു. രശ്മി ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന 78-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ അവർ. രാജ്യത്തിന്റെ ഇപ്പോളത്തെപോക്ക് പരിതാപകരമാണ്. മതംകൊണ്ട് ജനങ്ങളെ വിലയിരുത്തുന്ന ഒരു കാലമാണിത്. കലാസാംസാകാരിക പ്രവർത്തകരുടെ വായ മൂടിക്കെട്ടും വിധത്തിൽ ആവിഷ്‌കാര സ്വാതന്ത്ര്യം തടയപ്പെട്ടുകൊണ്ടിരിക്കുന്നു-ഭാഗ്യലക്ഷ്മി പറഞ്ഞു.

രശ്മി പ്രസിഡന്റ് മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.വി എം സുരേഷ്‌കുമാർ ഭരണഘടനയുടെ ആമുഖം വായിച്ചാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. തുടർന്ന് കെ. ശ്യാമ ഒ എൻ വി കവിതാലാപനവും സംഘാടക സമിതി ചെയർമാൻ വി.പി. അനിൽ ആമുഖ പ്രഭാഷണവും നടത്തി.ഡോ.എസ്.ഗോപു എം ജെ രാധാകൃഷ്ണനേയും എ.ശ്രീധരൻ കാപ്പിൽ വിജയനേയും ജി കെ രാംമോഹൻ മുരളി മലപ്പുറത്തേയും അനുസ്മരിച്ചു. ഉണ്ണികൃഷ്ണൻ ആവള ചലച്ചിത്രോത്സവപ്പതിപ്പ് പ്രകാശനം ചെയ്തു. മലപ്പുറം നഗരസഭാദ്ധ്യക്ഷ സി എച്ച് ജമീല, മലപ്പുറം നഗരസഭ സെക്രട്ടറി കെ. ബാലസുബ്രമണ്യൻ, നൗഷാദ് മണ്ണിശ്ശേരി, ഹാരിസ് ആമിയൻ, പാലോളി അബ്ദുറഹ്മാൻ, നഗരസഭ അംഗങ്ങളായ കെ.വി. വത്സലകുമാരി, കെ.ടി സലീന റസാഖ്, സെക്രട്ടറി അനിൽ കുറുപ്പൻ, ഹനീഫ് രാജാജി എന്നിവർ സംസാരിച്ചു.
തുടർന്ന് ഉദ്ഘാടന ചിത്രമായി ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ഉടലാഴം പ്രദർശിപ്പിച്ചു.
ഇന്ന് രാവിലെ ഒമ്പതിന് ദി വാർഡൻ, പത്തരയ്ക്ക് പെയിൻ ആന്റ്‌ ഗ്ലോറി, രണ്ടിന് പെരിയേറും പെരുമാൾ വൈകിട്ട് ആറിന് ദി കേവ്, രാത്രി എട്ടിന് ഹ്യൂമൻ, സ്‌പെയ്സ്, ടൈം ആന്റ് ഹ്യൂമൻ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.