തേഞ്ഞിപ്പലം: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം സസ്യ സ്‌പെസിമിനുകൾ ശേഖരിച്ച് സംരക്ഷിക്കുന്ന കാലിക്കറ്റ് സർവകലാശാല ഹെർബേറിയം പുതിയ പാതയിൽ. സസ്യ സ്‌പെസിമിനുകളുടെ ഡിജിറ്റലൈസേഷൻ നടത്തിയാണ് ഹെർബേറിയം പുതിയ കാലത്തിനൊത്ത് വളരുന്നത്.
അയ്യായിരത്തോളം സ്‌പെസിമിനുകൾ ഇതിനകം ഡിജിറ്റലൈസ് ചെയ്തുകഴിഞ്ഞു. മറ്റുള്ളവ കൂടി ഘട്ടം ഘട്ടമായി ഡിജിറ്റലൈസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ. സൈലന്റ്വാലി ദേശീയോദ്യാനം, അഗസ്ത്യമല ജൈവ സങ്കേതം, പെരിയാർ കടുവ സംരക്ഷണ കേന്ദ്രം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകൾ, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച സസ്യ സ്‌പെസിമിനുകളാണ് ഹെർബേറിയത്തിലുള്ളത്. ഇതിനുപുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ച സസ്യ സ്‌പെസിമിനുകളും സർവകലാശാല ബോട്ടണി പഠന വിഭാഗത്തോടു ചേർന്നുള്ള ഹെർബേറിയത്തിലുണ്ട്.
ഹോർത്തൂസ് മലബാറിക്കസിൽ പരാമർശിക്കപ്പെടുന്ന സസ്യ ഇനങ്ങൾ പ്രത്യേകമായാണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ വിവിധ ഇഞ്ചി വർഗ്ഗങ്ങൾ, വാഴ വർഗ്ഗങ്ങൾ, തുളസി വർഗ്ഗങ്ങൾ, ചേന, ചേമ്പ് വർഗ്ഗങ്ങൾ, പശ്ചിമഘട്ടത്തിലെ പന്നൽ വർഗ്ഗങ്ങളുടെ അപൂർവ്വ ശേഖരം, സസ്യ വർഗ്ഗീകണ ശാസ്ത്രത്തിലെ 12 ഓളം പുസ്തകങ്ങളുടെ രചനയ്ക്ക് ഉപയോഗിച്ച സസ്യ ഇനങ്ങളുടെ ശേഖരം, യൂനിവേഴ്സിറ്റി ക്യാമ്പസിലെ വിവിധ സസ്യജാലങ്ങളുടെ സ്‌പെസിമിനുകൾ, നെതർലാഡുകാർ മുൻ കാലങ്ങളിൽ ഇന്ത്യയിൽ നിന്ന് കൊണ്ടുപോയവയിൽ നിന്ന് തിരിച്ചെത്തിച്ച സസ്യ ഇനങ്ങൾ എന്നിവ ഹെർബേറിയത്തിലുണ്ട്.
ഗവേഷകർ, ഫാർമസി വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് സസ്യ ഇനങ്ങളെ അവയുടെ ആവാസവ്യവസ്ഥയിൽ പോകാതെ തന്നെ വേർതിരിച്ചറിയാനും വനാന്തരങ്ങളിലും മറ്റും പോകാതെ തന്നെ ഡി.എൻ.എ പരിശോധന നടത്താനും ഹെർബേറിയം പ്രയോജനപ്പെടുത്താനാവും. ഗവേഷണത്തിന് സഹായകരമാകും വിധം സ്‌പെസിമിനുകൾ ആറു മാസത്തേക്ക് കൈമാറാനും ഹെർബേറിയത്തിൽ സൗകര്യമുണ്ട്. വെയർ ഹൗസിങ് കോർപ്പറേഷന്റെ നേതൃത്വത്തിൽ വർഷത്തിൽ ഒരിക്കൽ അലുമിനിയം ഫോസ്‌ഫൈഡ് ഉപയോഗിച്ച് പുക കൊള്ളിച്ചാണ് സസ്യ സ്‌പെസിമിനുകൾ ഹെർബേറിയത്തിൽ സംരക്ഷിക്കുന്നത്.