തേഞ്ഞിപ്പലം: ആധുനിക സൗകര്യങ്ങളോടെ തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടമൊരുങ്ങി. കിഫ്ബി മുഖേന അനുവദിച്ച 54 ലക്ഷം രൂപ ചെലവിലാണ് തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിനായി ഇരുനില കെട്ടിടം പണി പൂർത്തിയാക്കിയത്. 205.24 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ളതാണ് കെട്ടിടം. സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം. നിലവിൽ തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. ഓഫീസ് കെട്ടിടോദ്ഘാടനം ഫെബ്രുവരി 18 ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിങിലൂടെ നിർവഹിക്കും.
രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിക്കും. തേഞ്ഞിപ്പലം ചേളാരിയിലെ ചടങ്ങിൽ പി അബ്ദുൾ ഹമീദ് മാസ്റ്റർ എം എൽ എ ഉപാദ്ധ്യക്ഷനാകും. പി.കെ കുഞ്ഞാലിക്കുട്ടി എം പിയാണ് മുഖ്യാതിഥി.താഴത്തെ നിലയിൽ സബ് രജിസ്ട്രാർക്ക് പ്രത്യേകമായി ഓഫീസ് റൂം, ജീവനക്കാർക്കുള്ള ക്യാബിനുകൾ. രജിസ്‌ട്രേഷൻ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഇരിപ്പിടം, റഫറൻസ് ലൈബ്രറി. റെക്കോർഡ് മുറി, ഡൈനിങ് ഹാൾ, രണ്ടാം നിലയിൽ കോൺഫറൻസ് ഹാളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്നാം നിലയിലെ റെക്കോഡ് മുറിയിലേക്ക് ഫയലുകളും രജിസ്റ്ററുകളും എത്തിക്കുന്നതിനും അവിടെ നിന്ന് ഓഫീസിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനും ലിഫ്റ്റ് സൗകര്യവുമുണ്ട്. എയർ കണ്ടീഷൻ, സി.സി.ടി.വി ക്യാമറ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.